ഡ്രോണ്‍ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു; തീരുമാനം അതിഥികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി; ഫിറ്റ്‌നസ് ആപ്പിന്റെ മറവില്‍ ഇസ്രായേലി സുരക്ഷാ കേന്ദ്രങ്ങളുടെ വിവരം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
ഡ്രോണ്‍ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു
ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ വിവാഹം നീട്ടിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡ്രോണാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മകന്‍ അവനെറിന്റെ വിവാഹ ചടങ്ങുകള്‍ നീട്ടിവെക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
വിവിധ തലങ്ങളില്‍ യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നെതന്യാഹു ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നുമാണ് സൂചന. ഇസ്രായേലി മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇറാനും ലെബനനും അടക്കം ഇസ്രായേലില്‍ തിരിച്ചടിക്ക് അവസരം കാത്തിരിക്കയാണ്.
നവംബര്‍ 26നാണ് നെതന്യാഹുവിന്റെ മകനായ അവനെറിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വടക്കന്‍ തെല്‍ അവീവിലെ റോണിത് ഫാമില്‍ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, അതിഥികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഇത് മാറ്റാന്‍ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. നേരത്തെ ഹിസ്ബുല്ല തൊടുത്ത ഡ്രോണുകളിലൊന്ന് നെതന്യാഹുവിന്റെ വീട്ടിലെ ജനലിലാണ് പതിച്ചത്. സംഭവം നടക്കുമ്പോള്‍ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീടിന്റെ ജനല്‍ച്ചില്ലിന് കേടുപാട് പറ്റിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ലബാനാനില്‍ നിന്നും ഇസ്രായേലിന് നേരെ ഇന്നും ഡ്രോണാക്രമണമുണ്ടായി. ലബനാനില്‍ നിന്നും വന്ന ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് ഇസ്രായേല്‍ പ്രതിരോധസേന അവകാശപ്പെട്ടു. നഹാരിയ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഡ്രോണാക്രമണത്തെ തുടര്‍ന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ഇസ്രായേലിലെ സൈനിക താവളങ്ങളിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും രഹസ്യാന്വേഷണ പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഫിറ്റ്‌നസ് ആപ്പായ 'സ്ട്രാവ' ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഏതെങ്കിലും വിദേശ ശക്തിയാകും ഇതിന് പിന്നിലെന്നും ഇസ്രായേലി മാധ്യമമായ 'ഹാരെറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്തു.
ജനപ്രിയ ആപ്പായ 'സ്ട്രാവ'യില്‍ കൃത്രിമം നടത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. നൂറുകണക്കിന് പട്ടാളക്കാരുടെയടക്കം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തന്ത്രപ്രധാന മേഖലയില്‍ ജോലി ചെയ്യുന്ന സൈനികരുടെ വീട്ടുവിലാസമടക്കം ശേഖരിച്ചതായാണ് വിവരം. വര്‍ഷങ്ങളായി ഇത്തരം ഭീഷണി ഇസ്രായേലിന് നേരെയുണ്ടെങ്കിലും ഇപ്പോഴുണ്ടായ സംഭവം ഇസ്രായേലി സൈന്യത്തിന്റെ ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഹാരെറ്റ്‌സ് വിവരങ്ങള്‍ പങ്കുവെച്ചതോടെയാണ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അജ്ഞാതനായ ഉപഭോക്താവ് സ്ട്രാവയില്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് സൈന്യം, വ്യോമസേന, രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ ജോഗിങ് ചെയ്തതായി തോന്നിപ്പിക്കുന്ന രീതിയില്‍ തെറ്റായ വിവരങ്ങള്‍ ആപ്പിലേക്ക് അപ്ലോഡ് ചെയ്തു. ഇതുവഴി ഈ സ്ഥലങ്ങളിലൂടെ യഥാര്‍ഥത്തില്‍ ഓടിക്കൊണ്ടിരുന്നവരുടെ വിവരങ്ങള്‍ ഇവര്‍ക്ക് ശേഖരിക്കാന്‍ സാധിച്ചു.
ഇതുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം വിലയിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ആരാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് കണ്ടെത്താനായി വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി അന്വേഷണ സംഘവും രൂപീകരിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് ഇസ്രായേല്‍.
ഈ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്ന അപകട സാധ്യതകളാണ് ഇത് കാണിക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥന്‍ ഹാരെറ്റ്‌സിനോട് പറഞ്ഞു. ഓപണ്‍ സോഴ്‌സ് ഇന്‍വെസ്റ്റിഗേറ്ററായ റൊട്ടം യസൂറില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഹസ്യദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. യസൂര്‍ സ്‌പോര്‍ട്‌സിനും ഗവേഷണത്തിനും വേണ്ടി സ്ട്രാവ ആപ്പ് ഉപയോഗിക്കുന്നുണ്ട്. അജ്ഞാത ഉപഭോക്താവ് ഇസ്രായേലി സൈന്യത്തിന്റെ രഹസ്യ താവളങ്ങിലൂടെ ഓടുന്നതായി ഇയാളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. യഥാര്‍ഥത്തില്‍ ഇത്തരം കേന്ദ്രങ്ങളില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് ചട്ടം. തുടര്‍ന്ന് യസൂര്‍ ഈ വിവരങ്ങള്‍ ഹാരെറ്റ്‌സുമായി പങ്കുവെച്ചു തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇതൊരു രഹസ്യപ്രവര്‍ത്തനമാണെന്ന് മനസ്സിലായത്.