കമലാ ഹാരിസിന്റെ വിജയം പ്രവചിച്ച് 40 വര്‍ഷമായി കൃത്യമായി പ്രവചനം നടത്തിയ പ്രൊഫസര്‍; അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കും?

കമലാ ഹാരീസിന് മുന്‍തൂക്കമോ?

Update: 2024-09-06 05:48 GMT

ലോസ് ആഞ്ചലസ്: അമേരിക്കന്‍ തെരഞ്ഞെടുപ്പുകളുടെ നോസ്റ്റര്‍ഡാമസ് എന്നാണ് ചരിത്രകാരനും അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ അലന്‍ ലിറ്റ്മാന്‍ അറിയപ്പെടുന്നത്. 1984 മുതല്‍ നടന്ന എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെയും ഫലം കൃത്യമായി പ്രവചിച്ച പ്രൊഫസര്‍ 2024 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനായിരിക്കും വിജയം എന്നാണ് അസന്നിഗ്ധമായി പറയുന്നത്. പരമ്പരാഗത രീതികള്‍ ഒഴിവാക്കിയാണ് പ്രൊഫസര്‍ ലിറ്റ്മാന്‍ പ്രവചനം നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത.

അഭിപ്രായ സര്‍വ്വേകളേയൊ രാഷ്ട്രീയ നിരീക്ഷകരെയോ മുഖവിലയ്ക്കെടുക്കാത്ത പ്രൊഫസര്‍, 'വൈറ്റ് ഹൗസിലേക്ക് 13 താക്കോലുകള്‍' എന്ന് അദ്ദേഹം തന്നെ വിളിക്കുന്ന ഒരു മാതൃകയാണ് പ്രവചനത്തിനായി ഉപയോഗിക്കുന്നത്. തന്റെ ജിയോഫിസിസിസ്റ്റ് കൂടിയായ സുഹൃത്ത് വ്‌ളാഡിമിര്‍ കെല്ലിസ്- ബോറോക്കിനോടൊപ്പം 1981 ല്‍ പ്രൊഫസര്‍ അലന്‍ ലിറ്റ്മാന്‍ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ മാതൃക.

കഴിഞ്ഞ 120 വര്‍ഷത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞടുപ്പുകളുടെ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മാതൃക. ഇതാണ് 2016 ലെ ട്രംപിന്റെ അപ്രതീക്ഷിത വിജയം തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പെ പ്രവചിക്കന്‍ ലിറ്റ്മാനെ സഹായിച്ചത്. പിന്നീട് ഇതേ മാതൃക ഉപയോഗിച്ച് 2020 ലെ തെരഞ്ഞെടുപ്പ് ഫലവും പ്രൊഫസര്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫലം പ്രവചിച്ചതിന് ശേഷം പ്രൊഫസര്‍ തന്റെ 13 താക്കോല്‍ മാതൃക ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി.

13 വലിയ ചിത്രങ്ങളും പാര്‍ട്ടികളുടെ ശക്തിയും പ്രകടനവും വെളിവാക്കുന്ന ശരിയോ തെറ്റോ മാതൃകയിലുള്ള ചോദ്യങ്ങളുമാണ് ഈ മ്‌നാതൃകയുടെ അടിസ്ഥാനം. പതിമൂന്ന് താക്കോലുകളില്‍ ഉള്‍പ്പെടുന്നത്, ഇടക്കാലത്ത് സര്‍ക്കാരിന് കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങള്‍, ഭരണ വിരുദ്ധത, പ്രാഥമിക മത്സരം, മൂന്നാം കക്ഷി, ഹ്രസ്വകാല സമ്പദ്വ്യവസ്ഥ, നയ മാറ്റങ്ങള്‍, സാമൂഹിക അശാന്തി, വൈറ്റ് ഹൗസ് വിവാദങ്ങള്‍, നിലവിലെ പ്രസിഡണ്ടിന്റെ പ്രഭാവം, എതിരാളിയുടെ പ്രഭാവം, വിദേശ നയങ്ങളിലെ പരാജയം, വിദേശനയങ്ങളിലെ വിജയം എന്നിവയാണ്.

നിലവില്‍ വൈസ് പ്രസിഡണ്ടായ കമലാഹാരിസിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടണമെങ്കില്‍ ഈ താക്കോലുകളില്‍ ആറെണ്ണമെങ്കിലും നഷ്ടപ്പെടണം. കഴിഞ്ഞ മാസം വരെ അവര്‍ക്ക് നഷ്ടമായത് മൂന്നെണ്ണം മാത്രമാണ്. ഇടക്കാല നേട്ടങ്ങള്‍, ഭരണ വിരുദ്ധത്, നിലവിലുള്ള പ്രസിഡണ്ടിന്റെ പ്രഭാവം എന്നിവയാണ് അവ. കഴിഞ്ഞയാഴ്ച മറ്റ് രണ്ട് താക്കോലുകള്‍ കൂടി നഷ്ടപ്പെടുമെന്ന പ്രതീതി ഉണ്ടായിരുന്നു. വിദേശ നയവും, സാമൂഹിക അശാന്തിയുമാണവ.

എന്നാല്‍, ഇവയില്‍ ഭരണ വിരുദ്ധതയും നിലവിലെ പ്രസിഡണ്ടിന്റെ പ്രഭാവവും കമലാ ഹാരിസിനെ ബാധിക്കുന്ന ഒന്നല്ല. നിലവിലെ പ്രസിഡണ്ട് ജോ ബൈഡന്‍ മത്സരത്തില്‍ നിന്നും പിന്മാറിയതോടെ ഈ രണ്ട് താക്കോലുകളും അപ്രസക്തമായി. അതുപോലെ പ്രാഥമിക മത്സരം ഒഴിവാക്കി ഡെമോക്രാറ്റുകള്‍ കമലാ ഹാരിസിനു പുറകില്‍ ഉറച്ചു നില്‍ക്കുന്നതും അവര്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രൊഫസര്‍ പറയുന്നു. ഒരു മൂന്നാം കക്ഷിയില്‍ നിന്നുള്ള വെല്ലുവിളിയും കമലാ ഹാരിസിനില്ല.

അതുപോലെ സാമ്പത്തിക മാന്ദ്യമൊന്നുമില്ലാത്ത ഇക്കാലം, ഹ്രസ്വകാല സമ്പദ്വ്യവസ്ഥ എന്ന താക്കോള്‍ കമലക്ക് അനുകൂലമാക്കുകയാണ്. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയാണെങ്കില്‍ കഴിഞ്ഞ രണ്ട് പ്രസിഡണ്ട്മാരുടെ കാലത്ത് നടന്നതിന് സമാനമായ രീതിയില്‍ തന്നെയാണ് നടന്നിരിക്കുന്നത്. അതുപോലെ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായെങ്കിലും അത് പരിഗണിക്കപ്പെടും വിധം ഗൗരവമാര്‍ജിച്ചില്ല.

Tags:    

Similar News