താത്ക്കാലിക വിസയുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍; കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍
താത്ക്കാലിക വിസയുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ, മദ്ധ്യ - ഇടതുപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സര്‍ക്കാര്‍ കുടിയേറ്റത്തിനെതിരെ കര്‍ക്കശമായ നിലപാടെടുക്കുകയാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താത്ക്കാലിക വിസയില്‍ രാജ്യത്ത് പ്രവേശിച്ച് പിന്നീട് ഇവിടെ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നത് തടയാനുദ്ദേശിച്ചാണ് ഇപ്പോള്‍ കുടിയേറ്റ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം.
മത്സരവേദിയില്‍ ദേശീയഗാനം പാടാന്‍ വിസമ്മതിച്ച അഞ്ച് ഇറാനിയന്‍ വനിത ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് ആസ്‌ട്രേലിയയില്‍ അഭയം നല്‍കാന്‍ ആഭ്യന്തരകാര്യ മന്ത്രി ടോണി ബുര്‍ക്ക് തീരുമാനിച്ചതിനു തൊട്ടു പുറകെയാണ് അസിസ്റ്റന്റ് സിറ്റിസന്‍ഷിപ് മന്ത്രി ജൂലിയന്‍ ഹില്‍ തിടുക്കപ്പെട്ട് കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഈ ഭേദഗതി അനുസരിച്ച് ചില രാജ്യങ്ങളില്‍ നിന്നുള്ള, താത്ക്കാലിക വിസയുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം നിഷേധിക്കാന്‍ ആസ്‌ട്രേലിയന്‍ ആഭ്യന്തര വകുപ്പിന് കഴിയും.
ഓസ്‌ട്രേലിയന്‍ കുടിയേറ്റ സംവിധാനത്തിന്റെ സത്യസന്ധതയും സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് ഈ നീക്കം എന്നാണ് ജൂലിയന്‍ ഹില്‍ അവകാശപ്പെട്ടത്. ഈ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചാല്‍, ഇറാനില്‍ അമേരിക്കന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നതിനു മുന്‍പ് വിസ ലഭിച്ച ഇറാനിയന്‍ വിനോദസഞ്ചാരികളെ ആസ്‌ട്രേലിയ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കും. അവര്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുകയോ അല്ലെങ്കില്‍ ആസ്‌ട്രേലിയയില്‍ അഭയത്തിനായി അപേക്ഷിക്കുകയോ ചെയ്‌തേക്കാം എന്ന ആശങ്കയുള്ളതിനാലാണിത്.
ഈ ഭേദഗതിയില്‍ ഒരു രാജ്യത്തിന്റെയും പേര് പ്രത്യേകം പരാമര്‍ശിക്കുന്നില്ലെങ്കിലും, എം പിമാര്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പില്‍ മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ സാഹചര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് ഗാര്‍ഡിയന്‍ ആസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യപൂര്‍വ്വ മേഖലയിലെ സംഭവഗതികള്‍, വിസ അപെക്ഷകരുമായി ബന്ധപ്പെട്ടും, താത്ക്കാലിക വിസയുള്ള, എന്നാല്‍ ഇതുവരെ ആസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാത്തവരുമായി ബന്ധപ്പെട്ടും ഉള്ള സാഹചര്യം എത്ര പെട്ടെന്ന് മാറുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ആ കുറിപ്പില്‍ പറയുന്നു. പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് വിസ ലഭിക്കാന്‍ സാധ്യതയില്ലെന്നും അതില്‍ സൂചിപ്പിക്കുന്നുണ്ട്.
