'ഇറാന്റെ പ്രാകൃത ക്രൂരതകളോടാണ് ഇസ്രായേല്‍ പോരാടുന്നത്; നിങ്ങള്‍ പിന്തുണച്ചാലും ഇല്ലെങ്കിലും ഇസ്രായേല്‍ വിജയിക്കും'; ആയുധ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഫ്രാന്‍സിന്റെ നിലപാടിനെ വിമര്‍ശിച്ച് നെതന്യാഹു; ഹമാസ് ആക്രമണ വാര്‍ഷികത്തില്‍ അതീവജാഗ്രത
ഹിസ്ബുല്ലയുടെ വലിയൊരു ഭാഗത്തെ ഇസ്രായേല്‍ തകര്‍ത്തതായും നെതന്യാഹു
ജെറുസലേം: ഹിസ്ബുല്ലയ്ക്കും ഹമാസിനുമെതിരെ പോരാട്ടം കടുപ്പിക്കുന്നതിനിടെ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബെഞ്ചമിന്‍ നെതന്യാഹു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മക്രോണിനെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു കടുത്തഭാഷയില്‍ വിമര്‍ശിച്ചത്.
'ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ അവരുടെ സഖ്യകക്ഷികള്‍ക്കെല്ലാം ആയുധം നല്‍കുകയാണ്. ഹിസ്ബുള്ളയും ഹൂത്തികളും ഹമാസും അടക്കമുള്ള അടുപ്പക്കാര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ നിയന്ത്രിക്കുന്നുണ്ടോ? ഭീകരവാദ ശക്തികള്‍ ഒന്നിച്ച് അണിനിരന്നിരിക്കുകയാണ്. എന്നാല്‍ ഈ ശക്തികളെ എതിര്‍ക്കുമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇസ്രയേലിന് ആയുധം ലഭിക്കുന്നത് തടസപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. എന്തൊരു അപമാനകരമാണ്' - വീഡിയോ സന്ദേശത്തില്‍ നെതന്യാഹു കുറ്റപ്പെടുത്തി.
അവരുടെ പിന്തുണയോടെയോ ഇല്ലാതെയോ ഇസ്രായേല്‍ വിജയിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ നടത്തുന്ന പ്രാകൃതക്രൂരതകളോടാണ് ഇസ്രായേല്‍ പോരാടുന്നത്. ഈ പോരാട്ടത്തില്‍ സംസ്‌കാരമുള്ള രാജ്യങ്ങള്‍ ഇസ്രായേലിനൊപ്പം നില്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇസ്രായേലിനെതിരെ ആയുധ ഉപരോധം പ്രഖ്യാപിക്കുകയാണ്. ഇവരെകുറിച്ച് നാണക്കേട് തോന്നുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്ന തരത്തില്‍ മക്രോണ്‍ ശനിയാഴ്ച നടത്തിയ പ്രഖ്യാപനമാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവച്ചെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണാണ് പ്രഖ്യാപിച്ചത്. കൂടാതെ ലെബനാനില്‍ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും മാക്രോണ്‍ വിമര്‍ശിച്ചിരുന്നു. പ്രശ്‌നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും മാക്രോണ്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് തിങ്കളാഴ്ചയാണ് ഒരുവര്‍ഷം തികയുന്നത്. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെ അന്ന് ഹമാസ് വധിച്ചിരുന്നു. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ഗാസയിലെ ഒരുവര്‍ഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓര്‍മ്മ വിപുലമായി ആചരിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ഹമാസ് അംഗങ്ങള്‍ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് നേതൃത്വം നല്‍കും.
നൂറുകണക്കിനുപേര്‍ക്ക് ജീവന്‍നഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്സിലും അനുസ്മരണച്ചടങ്ങുണ്ടാകും. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കിബുത്സ് ബീരിയില്‍ റാലി നടക്കും. നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട സ്ഥലമാണിത്. ബന്ദിമോചനമാവശ്യപ്പെട്ട് ടെല്‍ അവീവിലും പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനിടെ, ശക്തമായ മിസൈല്‍ ആക്രമണം നടത്തിയ ഇറാന് മറുപടി നല്‍കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോട് ശനിയാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം. വരുംദിവസങ്ങളില്‍ ഇതുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഗാസയിലെ യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.