ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍; 200 ശതമാനം ശതമാനം തീരുവ ചുമത്തുമെന്ന് പറഞ്ഞതോടെ അവരൊതുങ്ങി; വെടിവെച്ചിട്ടത് 11 വിമാനങ്ങള്‍; നിര്‍ണായക ഘട്ടത്തില്‍ ഇടപെട്ട് രണ്ടരക്കോടി ജീവന്‍ രക്ഷിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താന്‍

Update: 2026-02-20 05:38 GMT

വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്താനും തമ്മിലുണ്ടായ സൈനിക സംഘര്‍ഷം അവസാനിപ്പിച്ചതിന് പിന്നില്‍ താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കും മേല്‍ വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ ഭീഷണിയാണ് ഒരു യുദ്ധം ഒഴിവാക്കിയതെന്ന് ട്രംപ് വീണ്ടും പറഞ്ഞു.

പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘര്‍ഷസമയത്ത് പതിനൊന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിമാനങ്ങളുടെ കാര്യം ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദമാണ്. ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്താല്‍ ഓരോ രാജ്യത്തിനും 200 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞു. ഇരുരാജ്യങ്ങളും യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ചു.

എന്നാല്‍, പണത്തിന്റെ കാര്യമെത്തിയപ്പോള്‍, വലിയൊരു തുക നഷ്ടപ്പെടുമെന്ന് വന്നപ്പോള്‍, യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു, ട്രംപ് പറഞ്ഞു. വ്യോമപോരാട്ടങ്ങള്‍ നടക്കുകയും നിരവധി വിമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതോടെ ഈ സംഘര്‍ഷം അപകടകരമായ ഘട്ടത്തിലെത്തിയെന്ന് ട്രംപ് പറഞ്ഞു. സംഘര്‍ഷത്തിനിടെ പതിനൊന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്നും അവ വിലയേറിയ വിമാനങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു .

'ആ യുദ്ധം ആളിക്കത്തിയിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിടുന്നു. 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ വിമാനങ്ങള്‍. ഞാന്‍ അവരുമായി ഫോണില്‍ സംസാരിച്ചു, ഞാന്‍ അവരെ രണ്ടുപേരെയും നന്നായി അറിയുമായിരുന്നു. പ്രധാനമന്ത്രി മോദിയെ എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ അദ്ദേഹത്ത വിളിച്ചു, നിങ്ങള്‍ ഇത് പരിഹരിച്ചില്ലെങ്കില്‍, ഞാന്‍ നിങ്ങളുമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടില്ല എന്ന് പറഞ്ഞു. അതോടെ പ്രശ്‌നപരിഹാരമായി,' ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ പിരിമുറുക്കം അധികരിച്ച നിര്‍ണായക ഘട്ടത്തില്‍ ഇടപെട്ട് രണ്ടരക്കോടി ജീവന്‍ രക്ഷിച്ചു എന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് തന്നെ പരസ്യമായി പ്രശംസിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപ് മുമ്പും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതില്‍ സാമ്പത്തിക സമ്മര്‍ദ്ദവും തന്റെ വ്യക്തിപരമായ നയതന്ത്രവും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യ ഈ അവകാശവാദങ്ങളെ വ്യക്തമായി നിരസിച്ചു. മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ വിദേശകാര്യ മന്ത്രാലയം നിഷേധിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തീരുമാനം രണ്ട് അയല്‍ രാജ്യങ്ങളുടെയും ഡിജിഎംഒ തലത്തില്‍ എടുത്തതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

Tags:    

Similar News