എന്തെങ്കിലും ബെനെഫിറ്റ് വാങ്ങിയാല്‍ പി ആര്‍ കിട്ടാന്‍ 20 വര്‍ഷം കാത്തിരിക്കണം; അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ഉപേക്ഷിച്ച് കുടിയേറ്റക്കാര്‍; കമ്പനി പൂട്ടലും പിരിച്ചുവിടലും പതിവാകുന്നു; യു കെ യില്‍ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു; റമദാന്‍ സക്കാത്ത് വിദേശത്തേക്ക് അയയ്ക്കാന്‍ തടസ്സങ്ങള്‍; ബ്രിട്ടനില്‍ നിന്നും പിരിച്ച കോടികള്‍ കെട്ടിക്കിടക്കുന്നു

Update: 2026-02-21 02:49 GMT

ര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയത്തില്‍ കുരുങ്ങി പി ആര്‍ ലഭിക്കുന്നത് വൈകാതിരിക്കാന്‍ അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ പോലും പല കുടിയേറ്റക്കാരും ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ യു കെയില്‍ ജീവിക്കുന്ന 2 ലക്ഷത്തോളം വിദേശികളാണ് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാനായി 10 വര്‍ഷ റൂട്ടില്‍ ഉള്ളത്. ഇതിനിടയില്‍ ഹെല്‍ത്ത്‌കെയര്‍ ചെലവുകള്‍ ഉള്‍പ്പടെ ഓരോ തവണയും 3,908.50 പൗണ്ട് വീതം മുടക്കി 30 മാസക്കാലത്തെ വിസ ഇവര്‍ നാല് തവണ പുതുക്കേണ്ടതായി വരും.

അതേസമയം, ഇതിനിടയില്‍ പൊതുധനത്തില്‍ നിന്നും ഏതെങ്കിലും വിധത്തിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാല്‍, അത്തരക്കാര്‍ക്ക് പി ആര്‍ ലഭിക്കാന്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നും ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് മുന്നോട്ട് വച്ച പുതിയ നിര്‍ദ്ദേശത്തിലുണ്ട്. ഇത് ബാധകമാകുന്ന കുടിയേറ്റ കുടുംബങ്ങളുമായി സംസാരിച്ച റാംഫെല്‍ എന്ന ചാരിറ്റിയാണ്, മറ്റൊരു നിവൃത്തിയുമില്ലാത്തതിനാല്‍, ചൈല്‍ഡ് ബെനെഫിറ്റ്, യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ടാക്‌സ് ക്രെഡിറ്റ്, ഡിസേബിലിറ്റി ബെനെഫിറ്റ്‌സ് തുടങ്ങിയ പല ആനുകൂല്യങ്ങളും ഉപേക്ഷിക്കേണ്ടതായി വരുമെന്ന് അവര്‍ പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഫലമായി ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ആഴ്ചയില്‍ 80 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടതായി വരുന്നുവെന്നും, കുട്ടികള്‍ക്കിടയിലെ ദാരിദ്ര്യം വര്‍ദ്ധിക്കുകയാണെന്നും ചാരിറ്റിയിലെ പ്രചാരണ വിഭാഗം മേധാവി നിക്ക് ബീല്‍സ് ചൂണ്ടിക്കാണിക്കുന്നു. ഷബാന മഹ്‌മൂദിന്റേത് തികച്ചും ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്നും കുട്ടികളെ ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും പ്രതികൂലമായി ബാധിക്കുമെന്നും ചാരിറ്റി ആരോപിക്കുന്നു. മഹ്‌മൂദിന്റെ നടപടികളുമായി ബന്ധപ്പെട്ട് നടന്ന കണ്‍സള്‍ട്ടേഷന്‍ ഫെബ്രുവരി 12 ന് അവസാനിച്ചിരുന്നു. മാറ്റങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ ഏപ്രില്‍ മുതല്‍ അവ പ്രാബല്യത്തില്‍ വരും.

യു കെ യില്‍ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ പലതും നിലനില്‍ക്കാന്‍ ഏറെ കഷ്ടപ്പെടുന്നതിനിടയില്‍ തൊഴിലാളികളെ പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണെന്നും ഇത് ബ്രിട്ടനില്‍ തൊഴിലില്ലായ്മയുടെ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുമെന്നും ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. ഔദ്യോഗികമായി തന്നെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളവരുടെ എണ്ണത്തില്‍ ജനുവരിയില്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

വിതരണം, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ എന്നിവയെയാണ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഹൈസ്ട്രീറ്റ് ചില്ലറവില്പനക്കാരും, അതിഥി സത്ക്കാര മേഖലയും പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ 272 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഒ എന്‍ എസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നികുതി നിരക്കുകളും വേതനവുമാണ് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നത് എന്നാണ് തൊഴിലുടമകള്‍ പറയുന്നത്. വിപണിയില്‍ നിലനിന്നുപോകാന്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അവര്‍ പറയുന്നു.

ബ്രിട്ടനില്‍ നിന്നും പിരിച്ച സക്കാത്ത് കെട്ടിക്കിടക്കുന്നു

മോസ്‌ക്കുകള്‍ക്ക് ചുറ്റും അതുപോലെ വാട്ട്‌സ്അപ് ഗ്രൂപ്പുകളിലൂടെയും മറ്റും വരും ആഴ്ച്ചകളില്‍ ചാരിറ്റികള്‍ക്കായുള്ള ധനസമാഹരണത്തിനായുള്ള അപേക്ഷകള്‍ വരുമ്പോള്‍ മികച്ച പ്രതികരണമായിരിക്കും ലഭിക്കുക. ഓരോ വര്‍ഷവും വിശുദ്ധ റമദാന്‍ മാസത്തില്‍ ബ്രിട്ടീഷ് മുസ്ലീങ്ങള്‍ 2 ബില്യന്‍ പൗണ്ടോളമാണ് സക്കാത്ത് ആയി നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ചാരിറ്റികള്‍ പറയുന്നു. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ സര്‍ക്കാരുകള്‍, ധന സഹായങ്ങള്‍ വെട്ടിക്കുറച്ചതിനാല്‍ സക്കാത്തായി ലഭിക്കുന്ന പണം വിദേശങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയാതെ വരികയാണ്.

യു കെ ആസ്ഥാനമായ മുസ്ലിം ചാരിറ്റീസ് ഫോറം (എം സി എഫ്) പറയുന്നത് മൂന്നില്‍ രണ്ട് മുസ്ലീം ചാരിറ്റികളും ബാങ്ക് അക്കൗണ്ട് തുറക്കുന്നതില്‍ പ്രശ്‌നം നേരിടുന്നു എന്നാണ് 42 ശതമാനത്തിന്റെ ബാങ്കിംഗ് സേവനം പൂര്‍ണ്ണമായും പിന്‍വലിച്ചിരിക്കുകയാണ്. ബാങ്കിംഗ് പ്രശ്‌നങ്ങള്‍ കാരണം മനുഷ്യത്വപരമായ പല പദ്ധതികള്‍ക്കുമുള്ള പണം വൈകുകയാണെന്നും ഒട്ടുമിക്ക ചാരിറ്റികളും പറയുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതും, തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതും തടയുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതോടെ, കൂടുതല്‍ പ്രശ്‌നങ്ങളില്‍ പെടാതിരിക്കാന്‍ ബാങ്കുകല്‍ മുന്‍കരുതലുകള്‍ എടുക്കുകയാണ്.

ചില ബാങ്കുകള്‍, സംഘര്‍ഷങ്ങളും ദുരന്തങ്ങളും നടക്കുന്ന രാജ്യങ്ങളിലേക്ക് പണം നേരിട്ട് അയയ്ക്കുന്നത് പോലും ഒഴിവാക്കുന്നുണ്ട്. വന്‍ ദുരന്തങ്ങള്‍ നടക്കുന്ന സുഡാന്‍ തന്നെ ഒരു ഉദാഹരണമായി എം സി എഫ് ചീഫ് എക്‌സിക്യൂട്ടീവ് ഫാദി ഇറ്റാനി ചൂണ്ടിക്കാട്ടുന്നു. ഇവിടെക്ക് പണം അയയ്ക്കാന്‍ സഹായിക്കുന്ന ഒരു ബാങ്ക് കണ്ടെത്താന്‍ ഏറെ ക്ലേശിക്കേണ്‍റ്റി വരും എന്നാണ് അദ്ദേഹം പറയുന്നത്. ഈ ബാങ്കിംഗ് നയങ്ങള്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് മുസ്ലീം ചാരിറ്റികളെയാണെന്നും അദ്ദേഹം പറയുന്നു.

Similar News