നിയമം അനുശാസിക്കുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞ് നെതന്യാഹുവിനെ അറസ്‌റ് ചെയ്യുമെന്ന് സൂചിപ്പിച്ച് ബ്രിട്ടന്‍; അറസ്റ്റ് ചെയ്താല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് താക്കീത് നല്‍കി ട്രംപ്: അന്താരാഷ്ട്ര കോടതി വിധിയെ ചൊല്ലി തര്‍ക്കിച്ച് ബ്രിട്ടനും അമേരിക്കയും
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്നുള്ള അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതന്യാഹുവിനെ അറസ്റ്റ് ചെയ്തേക്കാമെന്ന് കാനഡ പ്രധാനമന്ത്രി ട്രൂഡോ പ്രഖ്യാപിച്ചതിന് തൊട്ടു പുറകെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും അക്കാര്യം പറഞ്ഞത്. എന്നാല്‍, കളി ഇസ്രയേലിനോട് വേണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് അമേരിക്കന്‍ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വിധി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുനിയുന്നവരെ സാമ്പത്തികമായി ഞെരുക്കുമെന്ന് റിപ്പബ്ലിക്കന്‍ സെനെറ്ററും ട്രംപിന്റെ അടുത്ത അനുയായിയുമായ ലിന്‍ഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
ഏതൊരു രാജ്യവും സംഘടനയും ഈ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അമേരിക്കയില്‍ നിന്നും കടുത്ത പ്രതിരോധം അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതികരണം നല്‍കുവാന്‍ താന്‍ പ്രസിഡണ്ട് ട്രംപുമായും അദ്ദേഹത്തിന്റെ ടീമുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗങ്ങളല്ല, എന്നാല്‍, അതിലെ ഒരു അംഗം എന്ന നിലയില്‍, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കാനുള്ള ബാദ്ധ്യത ബ്രിട്ടനുണ്ട്. നെതന്യാഹുവിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും, അന്താരാഷ്ട്ര കോടതിയുടെ വിധി നടപ്പിലാക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം ബ്രിട്ടനുണ്ട് എന്നായിരുന്നു അവരുടെ നിലപാട്.
ഗാസയില്‍ യുദ്ധകുറ്റങ്ങള്‍ നടന്നു എന്നാരോപിച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ ഇസ്രയേലി പ്രധാനമന്ത്രി യോവ് ഗാലന്റിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒരു രാജ്യമെന്ന നിലയില്‍, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ തുനിഞ്ഞാല്‍, നിങ്ങള്‍ക്കെതിരെ ശക്തമയ ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു നിയമജ്ഞന്‍ കൂടിയായ സെനെറ്റര്‍ ഗ്രഹാം ഫോക്സ് ന്യൂസിനോട് പറഞ്ഞത്. ഇസ്രയേലികള്‍ ശ്രമിക്കുന്നത് രണ്ടാം ഹോളോകോസ്റ്റ് (ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടത്തിയ ജൂത കൂട്ടക്കൊല) ഒഴിവാക്കാനുള്ള ശ്രമങ്ങളാണ്. അതുകൊണ്ടു തന്നെ സഖ്യകക്ഷികളായ കാനഡ, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവരോട് പറയുന്നു, അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇറങ്ങിയാല്‍ ശക്തമായ ഉപരോധം അഭിമുഖീകരിക്കേണ്ടതായി വരും എന്നാണ് സൗത്ത് കരോലിനയില്‍ നിന്നുള്ള സെനറ്റര്‍ പറഞ്ഞത്.
അത്തരമൊരു ഉപരോധം എപ്രകാരമായിരിക്കും എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ആ രാജ്യങ്ങളുടെ സമ്പദ്ഘടനയെ ഞെരിച്ചമര്‍ത്തും എന്നാണ്. ഒരുപക്ഷെ, നാളെ അവര്‍ ട്രംപിനോ മറ്റേതെങ്കിലും അമേരിക്കന്‍ പ്രസിഡണ്ടിനോ എതിരെ ഇത്തരത്തിലുള്ള നടപടി സ്വീകരിക്കില്ലെന്ന് ആരുകണ്ടു എന്നൊരു മറുചോദ്യവും അദ്ദേഹം ചോദിച്ചു. ഏതായാലും, അന്താരാഷ്ട്ര കോടതി വിധി പാശ്ചാത്യ ശക്തികളെ രണ്ട് ചേരികളില്‍ ആക്കിയിരിക്കുകയാണ്. ചില രാജ്യങ്ങള്‍ പരസ്യമായി തന്നെ, തങ്ങള്‍ക്ക് നിയമപരമായുള്ള ഉത്തരവാദിത്തം നടപ്പാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കഴിഞ്ഞു.
അന്താരാഷ്ട്ര കോടതിയില്‍ അംഗമല്ലാത്ത അമേരിക്കയുടെ നിലവിലെ പ്രസിഡണ്ട് ജോ ബൈഡനും കോടതി വിധിയെ തള്ളിക്കളഞ്ഞു. ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കാനെ ഇത്തരം വിധിക്ക് കഴിയുകയുള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്ന കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ച ബ്രിട്ടനെ പോലുള്ള ചില രാജ്യങ്ങള്‍ ഇസ്രയേലുമായി ചര്‍ച്ചകള്‍ തുടരേണ്ടുന്നതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.അതേസമയം, ഒരു ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേയും ഭീകര സംഘടനാ നേതാക്കളെയും ഒരേ തട്ടില്‍ കാണാന്‍ കഴിയില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കി. ഇസ്രയേലിന് അവരുടെ രാഷ്ട്രത്തെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.