ഖാന്‍ യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെ

Update: 2025-01-05 01:02 GMT

കയ്‌റോ: പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ. ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു. ഹമാസ് കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ വിശദീകരണം. വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെയാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. അതായത് ഈജിപ്തും ഖത്തറും നടത്തുന്ന മധ്യസ്ഥ ശ്രമത്തെ ഇസ്രയേല്‍ പരിഗണിക്കുന്നില്ല. ഖാന്‍യൂനസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം തുടരുമെന്നാണ് സൂചന. അതിനിടെ ഹമാസും ഇസ്രയേലിനെ പ്രകോപിപ്പിക്കല്‍ തുടങ്ങി.

450 ദിവസം മുമ്പ് ഇസ്രയേലില്‍ നിന്നും പിടികൂടി പട്ടാളക്കാരിയുടെ വീഡിയോ അവര്‍ പുറത്തു വിട്ടു. ജീവന് വേണ്ടി പൊട്ടിക്കരയുന്ന പട്ടാളക്കാരിയാണ് വീഡിയോയിലുള്ളത്. ആക്രമണം തുടര്‍ന്നാല്‍ ബന്ദികളെ തീര്‍ക്കുമെന്ന വിലപേശലാണ് ഇതിലൂടെ ഹമാസ് നടത്തുന്നത്. ഇതിനോടും ഇസ്രയേല്‍ യുദ്ധ ഭാഷയില്‍ പ്രതികരിച്ചാല്‍ പശ്ചിമേഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണമാകും.

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും മുന്‍പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമം. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ മധ്യസ്ഥരും ദോഹയിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വടക്കന്‍ ഗാസയില്‍ കമാല്‍ അദ്വാന്‍ ആശുപത്രി ആക്രമിച്ച് ഇസ്രയേല്‍ തടവിലാക്കിയ ആശുപത്രി ഡയറക്ടറെ വിട്ടയയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

ആശുപത്രി കേന്ദ്രീകരിച്ച് ഹമാസ് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 45,717 ആയി.വ്യാഴാഴ്ച 77ഉം വെള്ളിയാഴ്ച 73ഉം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗിക കണക്കുകള്‍ മാത്രമാണിത്. ആളുകളുടെ എണ്ണം ഇനിയും കൂടാമെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിക്കുന്നു.

കമാല്‍ അദ്വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഹുസ്സാം അബു സഫിയയെ തടങ്കലില്‍ വച്ച നടപടിക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ഗസ്സയുടെ ആരോഗ്യമേഖലയെ 'ഉന്മൂലനം' ചെയ്യാനുള്ള ശ്രമങ്ങള്‍ വംശഹത്യയുടെ' പ്രതീകമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. ഗസ്സയിലെ 27 ആരോഗ്യ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ 136 ലേറെ ആക്രമണങ്ങള്‍ നടത്തിയതായി യു.എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍ക്കര്‍ തുര്‍ക്ക് പറഞ്ഞു.

അതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്നോടിയായുള്ള ഹമാസ് അംഗീകരിച്ച വെടിനിര്‍ത്തല്‍ കരടുനിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലവിഷയങ്ങളിലും ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയില്‍ മൂന്നുഘട്ടങ്ങളായുള്ള വെടിനിര്‍ത്തലിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഓരോ ഘട്ടത്തിലും 42 ദിവസം വീതമായിരിക്കും.

ആദ്യഘട്ടത്തില്‍ തെക്കന്‍ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ സേന പിന്‍വാങ്ങും. രോഗികളും വൃദ്ധരും സ്ത്രീകളുമായ 33 ബന്ധികളെ ഹമാസ് ഇക്കാലയളവില്‍ മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ല.

Tags:    

Similar News