റിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്‌ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്‍

Update: 2025-01-05 03:33 GMT

ലണ്ടന്‍: ബ്രിട്ടണില്‍ രാഷ്ട്രീയം മാറി മറിയുന്നു. ഡിസംബര്‍ മാസത്തിലെ അവസാന രണ്ടാഴ്ചകളില്‍ മാത്രം പാര്‍ട്ടിയില്‍ പുതിയതായി 46,000 പേര്‍ ചേര്‍ന്നെന്ന അവകാശവാദവുമായി റിഫോം യു കെ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സിയ യൂസഫ് രംഗത്തെത്തി. പാര്‍ട്ടി അംഗത്വവുമായി ബന്ധപ്പെട്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി തര്‍ക്കം ഉടലെടുത്തിരിക്കുന്ന സമയത്താണ് ഈ പുതിയ അവകാശവാദം. നേരത്തെ, റിഫോം പാര്‍ട്ടി, കണക്കില്‍ കൃത്രിമത്വം കാണിച്ചാണ് അംഗസംഖ്യ കൂടുതലാണെന്ന് പറയുന്നതെന്ന് ടോറികള്‍ ആരോപിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബേഡ്‌നോക്കിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെംസ്‌ഫോര്‍ഡില്‍ നടന്ന ഒരു പാര്‍ട്ടി സമ്മേളനത്തില്‍, വലിയൊരു പരിവര്‍ത്തനത്തിന് തയ്യാറെടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു.

എണ്ണത്തില്‍ കൃത്രിമത്വം കാണിച്ചെന്ന കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബേഡ്‌നോക്കിന്റെ ആരോപണം പാര്‍ട്ടിക്ക് പുത്തന്‍ ഊര്‍ജ്ജം പകര്‍ന്ന് നല്‍കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേ സമ്മേളനത്തില്‍ ഒരു ദിവസം മുന്‍പ്, അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി പോരാടാന്‍ സജ്ജമാണെന്ന് പാര്‍ട്ടി സ്ഥാപക നേതാവ് നെയ്ജല്‍ ഫരാജ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് യൂസഫിന്റെ വെളിപ്പെടുത്തല്‍. റിഫോം പാര്‍ട്ടിയുടെ വെബ്‌സൈറ്റിലെ കൗണ്ടറില്‍ കാണിക്കുന്ന അംഗസംഖ്യ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നായിരുന്നു ബോക്സിംഗ് ദിനത്തില്‍ കെമി ബേഡ്‌നോക്ക് ആരോപിച്ചത്.

അതേസമയം, സ്പെക്‌റ്റേറ്റര്‍, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവ ഉള്‍പ്പടെയുള്ള നിരവധി മാധ്യമങ്ങള്‍, ഈ കൗണ്ടര്‍ നേരായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബേഡ്‌നോക്ക് മത്സരിച്ചു ജയിച്ച നോര്‍ത്ത് വെസ്റ്റ് എസ്സെക്സ് മണ്ഡലത്തില്‍ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഫരാജ് അറിയിച്ചു. താന്‍ സത്യസന്ധനല്ലെന്ന് ആരോപിച്ച ബേഡ്‌നോക്ക് ക്ഷമാപണം നടത്തിയില്ലെങ്കില്‍, പോരാട്ടം അടുത്ത തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമാക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടുത്തിടെ നടത്തിയ ചില അഭിപ്രായ സര്‍വ്വേകള്‍ പ്രകാരം ഫരാജ്, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.

ഓരോ സീറ്റുകളിലുമായി സര്‍വ്വേ നടത്തി സ്റ്റോണ്‍ ഹെവന്‍, ഐ പേപ്പറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ റിഫോം യു കെ 120 സീറ്റുകള്‍ വരെ ജനപ്രതിനിധി സഭയില്‍ നേടും. ലേബര്‍ പാര്‍ട്ടിയുടെ നില 411 ല്‍ നിന്നും 278 ലേക്ക് താഴുകയും ചെയ്യും. ഡോവര്‍, കെന്റ്, സൗത്ത് വെസ്റ്റ് നോര്‍ഫോക്ക് എന്നിവ റിഫോം യു കെ ലേബറില്‍ നിന്നും പിടിച്ചെടുക്കും എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം നോര്‍ത്ത് വെസ്റ്റ് എസ്സെക്സില്‍ കണസര്‍വേറ്റീവുകളുടെ ആധിപത്യം തുടരും.

അതിനിടെ ജയിലില്‍ കഴിയുന്ന തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സണ്‍ പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്ത ഫരാജ് നിഷേധിച്ചു. നേരത്തെ റിഫോം യു കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയ ശതകോടീശ്വരന്‍ എലന്‍ മസ്‌ക് ടോമി റോബിന്‍സണിനും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിലൊരു അഭ്യൂഹമുണ്ടായത്. ടോമി റോബിന്‍സണിനെ തടവില്‍ നിന്നും മുക്തനാക്കണമെന്ന് എലന്‍ മസ്‌ക് നേരത്തെ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേ സമയം, എലന്‍ മസ്‌കിനെ ഇന്നത്തെ യുവാക്കള്‍ക്കുള്ള മാതൃകയായാണ് ഫരാജ് വിശേഷിപ്പിച്ചത്.

ബ്രിട്ടനിലും സ്വാധീനമുറപ്പിക്കാന്‍ എലന്‍ മസ്‌ക്

നേരിട്ട് രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും, ട്രംപ് ഭരണകൂടത്തില്‍ അസാമാന്യമായ സ്വാധീനമായിരിക്കും മസ്‌കിനുണ്ടാവുക എന്നാണ് വിലയിരുത്തല്‍. ഇപ്പോള്‍ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ബ്രിട്ടനിലും തന്റെ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് എലന്‍ മസ്‌ക്. അതിന്റെ തുടക്കമെന്നോണം എക്സ് എ ഐ ലണ്ടന്‍ എന്നൊരു കമ്പനി ഇവിടെ ഇന്‍കോര്‍പ്പറേറ്റ് ചെയ്തു കഴിഞ്ഞു. മസ്‌കുമായി താന്‍ ബന്ധപ്പെടാറുണ്ട് എന്ന് റിഫോം യു കെ പാര്‍ട്ടി ട്രഷറര്‍ നിക്ക്കാന്‍ഡി വെളിപ്പെടുത്തിയതിന് പിറ്റേന്ന് ഡിസംബര്‍ 12 ന് ആയിരുന്നു കമ്പനിയുടെ തുറ്റക്കം എന്നതും ശ്രദ്ധേയമാണ്.

നേരത്തേ, ബ്രിട്ടനിലെ മന്ത്രിസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണം എന്ന ഓണ്‍ലൈന്‍ പെറ്റീഷനെ അനുകൂലിച്ച് മസ്‌ക് പരസ്യമായി രംഗത്ത് എത്തിയിരുന്നു. റിഫോം പാര്‍ട്ടിക്ക് കനത്ത സംഭാവനകള്‍ നല്‍കുമെന്ന സൂചനയും പുറത്തു വന്നിരുന്നു. എന്നാല്‍, ബ്രിട്ടീഷ് നിയമങ്ങള്‍ അനുസരിച്ച്, ബ്രിട്ടീഷ് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുകയുള്ളു.

Tags:    

Similar News