ഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ വലഞ്ഞ് ഹമാസ്; ഇസ്രയേലില്‍ നിന്നും തട്ടികൊണ്ടു പോയ 34 ബന്ദികളെ വിട്ടയയ്ക്കാന്‍ തയ്യാറെന്ന് ഹമാസ്; ബന്ദികള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഇസ്രയേല്‍ തയ്യാറാകുമോ? അനിശ്ചിതത്വം തുടരുമ്പോള്‍

Update: 2025-01-06 06:02 GMT

കെയ്‌റോ: ഇസ്രയേലിന്റെ നിരന്തര ആക്രമണങ്ങളില്‍ ഹമാസ് പ്രതിസന്ധിയില്‍ തന്നെ. ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് ഹമാസ് തയ്യാറാവുകയാണ്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്നും തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ 34 പേരെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ആദ്യഘട്ടമായിട്ടാണ് ഇത്രയും പേരെ പുറത്തു വിടുന്നത്. എന്നാല്‍ ആരൊക്കെയാണ് വിട്ടയക്കുന്നത് എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല എന്നാണ് കരുതപ്പെടുന്നത്. കൂടാതെ ബന്ദികളില്‍ ജീവിച്ചിരിപ്പുള്ളത് ആരൊക്കെയാണ് എന്ന കാര്യത്തിലും ഇനിയും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഹമാസ് നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സൂചന.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടഴ്സാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റ ഓഫീസ് ഈ വാര്‍ത്ത നിഷേധിക്കുകയാണ്. നെതന്യാഹു ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്നത് കാരണം അദ്ദേഹത്തിന്റെ പ്രതികരണത്തിനും സാധ്യതയില്ല. എന്നാല്‍ ഹമാസ് നേതൃത്വം പട്ടിക നല്‍കി എന്ന് തന്നെയാണ് മനസിലാക്കാന്‍ കഴിയുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന നലിപാടില്‍ തന്നെയാണ് ഹമാസ് നേതൃത്വം ഇപ്പോഴും തുടരുന്നതെന്നാണ് പറയപ്പെടുന്നത്.

ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി ഇസ്രേയലിന്റെ പക്കലുള്ള തങ്ങളുടെ നിരവധി തടവുകാരെ വിട്ടയ്ക്കണമെന്നതാണ് ഹമാസ് സ്വീകരിച്ചിട്ടുള്ള നിലപാട്. നേരത്തേയും ഹമാസും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന സമയത്ത് വന്‍തോതിലാണ് ഹമാസ് തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചത്. യാഹ്യാ സിന്‍വര്‍ ഉള്‍പ്പെടെയുള്ള കൊടും തീവ്രവാദികളെ അന്ന വിട്ടയച്ചത് അബദ്ധമായി എന്ന് ഇസ്രയേലിന് പിന്നീട് മനസിലാക്കുകയും ചെയ്തു.

ജയിലില്‍ നിന്ന് സ്വതന്ത്രരായി ഗാസയില്‍ എത്തിയ അവര്‍ ഇറാന്റെ സഹായത്തോടെ തീവ്രവാദ പ്രവര്‍ത്തനം ശക്തമാക്കുകയും ഒടുവില്‍ ഇസ്രയേലിലേക്ക് കടന്ന് കയറി ആക്രമണം നടത്തി നിരവധി പേരെ വധിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. അത്തരത്തില്‍ ഒരു അബദ്ധം സംഭവിക്കാതിരിക്കാനാണ് ഇസ്രയേല്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ബന്ദികളുടെ വിശദാംശങ്ങള്‍ നല്‍കുന്നതിനായി ഹമാസ് ഒരാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്.

എന്നാല്‍ ഇവരില്‍ പലരും ഇതിനകം തന്നെ മരിച്ചതായും സൂചനയുണ്ട്. ഒക്ടോബര്‍ ഏഴിന് തട്ടിക്കൊണ്ട് പോയ പലരും പല തീവ്രവാദി ഗ്രൂപ്പുകളുടെ കൈയ്യിലാണെന്നും പറയപ്പെടുന്നു. നൂറോളം ബന്ദികള്‍ മാത്രമേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ എന്നാണ് പറയപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് 251 പേരെയാണ് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. 2023 നവംബറില്‍ ഇവരില്‍ 105 പേരെ വിട്ടയച്ചിരുന്നു.

Tags:    

Similar News