ഇന്ത്യയെ മോശക്കാരനാക്കിയതോടെ തുടങ്ങിയ കഷ്ടകാലം; കുതിച്ചു കയറാന്‍ ശ്രമിച്ച നേതാവ് അടിതെറ്റി പടുകുഴിയില്‍ വീണു; കണ്ണുകള്‍ നിറഞ്ഞ രാജി പ്രഖ്യാപനത്തില്‍ നിറഞ്ഞത് 'മോദി ഇഫക്ട്'; ട്രംപിന്റെ കണ്ണുരുട്ടലില്‍ വിരണ്ട് വെണ്ണീറായി! നിജ്ജാറില്‍ അടക്കം തൊട്ടതെല്ലാം പാളിയ ട്രൂഡോ; കാനഡയില്‍ നേതൃമാറ്റമെത്തുമ്പോള്‍

Update: 2025-01-07 04:35 GMT

ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചു കൊണ്ട് ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പ്രസംഗത്തില്‍ നിറഞ്ഞതും താന്‍ ആള് ചില്ലറക്കാരനല്ലെന്ന് ബോധ്യപ്പെടുത്താനുള്ള വിഫലശ്രമം. കണ്ണീരോടെ അങ്ങേയറ്റം വികാരപരമായ ഭാഷയിലാണ് ട്രൂഡോ പ്രംസഗിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ അത്താഴം കഴിക്കുന്ന വേളയിലാണ് താന്‍ മക്കളോട് പ്രധാനമന്ത്രിപദം രാജി വെയ്ക്കുന്ന കാര്യം വെളിപ്പെടുത്തിയതെന്നാണ് ട്രൂഡോ പറയുന്നത്. പ്രധാനമന്ത്രി എന്ന നിലയിലും പാര്‍ട്ടി നേതാവ് എന്ന നിലയിലും താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുടുംബത്തിന് നന്നായി അറിയാമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടതിനാല്‍ മാര്‍ച്ച് 24 വരെ പാര്‍ലമെന്റിനെ സസ്പെന്‍ഡ് ചെയ്തതായി ട്രൂഡോ പ്രഖ്യാപിച്ചു. കാനഡയിലെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി ഇതിനോടകം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും എന്ന കാര്യം ഉറപ്പാണ്. രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോള്‍ പല സന്ദര്‍ത്തിലും ട്രൂഡോയുടെ കണ്ണുകള്‍ നിറഞ്ഞു. ഏറെ ദുഖത്തോടെയാണ് അദ്ദേഹം പല കാര്യങ്ങളും പറഞ്ഞത്. താന്‍ ഒരു പടയാളിയാണെന്നാണ് ട്രൂഡോ അവകാശപ്പെട്ടു. ഏറെ വേദനയോടെയാണ് താന്‍ ഇത്തരത്തില്‍ രാജി വെയ്ക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ട്രൂഡോ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയോട് കാട്ടിയ ചതിയാണ് ട്രൂഡോയ്ക്ക് വിനയായതെന്ന് കാനഡയിലെ രാഷ്ട്രീയ നിരീക്ഷകര്‍ അടക്കം വിലയിരുത്തുന്നു.

കാനഡയിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ് താന്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തനിക്ക് നേരേ നീക്കം ഉണ്ടായ സാഹചര്യത്തെ കുറിച്ചും ട്രൂഡോ വ്യംഗ്യമായി സൂചിപ്പിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരമായി ട്രൂഡോയെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത് അദ്ദേഹത്തിന് വലിയ നാണക്കേടും വിഷമവും ഉണ്ടാക്കിയിരുന്നു. ട്രൂഡോ രാജി വെച്ചത് പോലും തന്നെ പേടിച്ചിട്ടാണെന്ന സൂചനയും ട്രംപ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെയാണ് ട്രൂഡോയുടെ രാജി. കഴിഞ്ഞ 11 വര്‍ഷമായി പാര്‍ട്ടിയുടെ നേതാവാണ് ട്രൂഡോ. ഇതില്‍ ഒമ്പതുവര്‍ഷവും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് അദ്ദേഹമായിരുന്നു.. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജി. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എം.പിമാരില്‍ 131-ഓളം പേര്‍ പാര്‍ട്ടിക്ക് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ 20 മുതല്‍ 23 എം.പിമാരുടെ പിന്തുണ മാത്രമാണ് ട്രൂഡോയ്ക്ക് ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. നിജ്ജാര്‍ കൊലയില്‍ ഇന്ത്യയെ തള്ളി പറഞ്ഞതോടെയാണ് ട്രൂഡോയുടെ കഷ്ടകാലം തുടങ്ങിയത്.

ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചുവെന്നും സൂചനയുണ്ടായിരുന്നു. ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃ യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി. നേരത്തേ രാജ്യത്തെ ഒരു പ്രമുഖ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ജസ്റ്റിന്‍ ട്രൂഡോ രാജിവെയ്ക്കണമെന്നോവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ട്രൂഡോ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു.

പാളിയ കുടിയേറ്റ നയം, ഭവന പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തും തലവേദന സൃഷ്ടിച്ചു. 2015ലാണ് അധികാരത്തിലെത്തിയത്.ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മുന്‍ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മുന്‍ സെന്‍ട്രല്‍ ബാങ്കര്‍ മാര്‍ക്ക് കാര്‍ണി എന്നിവരാണ് പിന്‍ഗാമിയാകാന്‍ സാദ്ധ്യത. തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി തോല്‍ക്കുമെന്നും പിയര്‍ പോളിയേവിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും സര്‍വേ പ്രവചനം.

Tags:    

Similar News