തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി; ഇപ്പോഴും നുണകള്‍ പറഞ്ഞ് നടക്കുന്നു; അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പടിയിറങ്ങുന്നത് പ്രസിഡണ്ട് ബൈഡനോട് സംസാരിക്കുക പോലും ചെയ്യാന്‍ ഇഷ്ടമില്ലാത്ത കലിപ്പില്‍
തിങ്കളാഴ്ച അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ്. തന്റെ എതിര്‍ സ്ഥാനര്‍ത്ഥിയായിരുന്ന കമലാ ഹാരിസിനെ വന്‍ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സമയത്ത് കമല വളരെ സമചിത്തതയോടെയാണ് പരാജയത്തെ നേരിട്ടത്.
നിലവിലെ അമേരിക്കന്‍ പ്രസിഡന്റായ ജോബൈഡനെയാണ് ആദ്യം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ സംവാദ പരിപാടിയില്‍ പോലും ദയനീയമായി പരാജയപ്പെട്ട ബൈഡനെ പാര്‍ട്ടി പിന്നീട് മാറ്റുകയും വൈസ് പ്രസിഡന്റായ കമലാഹാരിസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ശക്തമായ പോരാട്ടമാണ് കമല നടത്തിയത് എങ്കിലും ട്രംപിനോട് അവര്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് കമല ജോ ബൈഡനുമായി കടുത്ത നീരസത്തിലാണ് എന്നാണ്.
തന്റെ രാഷ്ട്രീയഭാവി ബൈഡന്‍ ഇല്ലാതാക്കിയെന്നും തന്നെ കുറിച്ച് അദ്ദേഹം ഇല്ലാക്കഥകള്‍ പറഞ്ഞു നടക്കുന്നു എന്നും കമലാ ഹാരീസ് തനിക്ക്് വേണ്ടപ്പെട്ടവരോട് പരാതി പറയുന്നത്. എപ്പോഴും നിറഞ്ഞ ചിരിയോടെ പ്രസന്നവദനയായി കാണപ്പെട്ടിരുന്ന കമല ഇപ്പോള്‍ അതീവ ദുഖവതിയാണ് എന്നാണ് പറയപ്പെടുന്നത്. നിലവില്‍ വൈസ് പ്രസിഡന്റായ കമല തന്റെ പിന്‍ഗാമിയായി വരുന്ന ജെ.ഡി.വാന്‍സിനേയും കുടുംബത്തേയും കൂടിക്കാഴ്ചക്കായി ക്ഷണിക്കാത്തതും പലരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സാധാരണയായി അമേരിക്കയില്‍ സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റുമാര്‍ നിയുക്ത വൈസ് പ്രസിഡന്റിനേയും കുടുംബത്തേയും സ്വന്തം ഔദ്യോഗിക വസതിയിലേക്ക് കൂടിക്കാഴ്ചക്കായി ക്ഷണിക്കുന്ന പതിവുള്ളതാണ്.
2008 ല്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചിനി തന്റെ പിന്‍ഗാമിയായ ജോബൈഡനെ ഇത്തരത്തില്‍ കൂടിക്കാഴ്ചക്കായി ക്ഷണിച്ചിട്ടുണ്ട്. പിന്നീട് 2016 ല്‍ ജോബൈഡന്‍ തന്റെ പിന്‍ഗാമിയായ മൈക്ക് പെന്‍സിനേയും ഇത്തരത്തില്‍ ക്ഷണിച്ചിരുന്നു. ഈ മാസം ഒമ്പതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ സംസ്‌ക്കാര വേളയിലും കമല അങ്ങേയറ്റേം അസ്വസ്ഥമായ മുഖഭാവത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ജോബൈഡന്റെ ഭാര്യയായ ജില്‍ ബൈഡനുമായും കമല അത്ര നല്ല ബന്ധത്തിലല്ല എന്ന കാര്യം നേരത്തേ തന്നെ എല്ലാവര്‍ക്കും അറിയുന്നതുമാണ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടു പിന്നാലെ താനായിരുന്നു സ്ഥാനാര്‍ത്ഥി എങ്കില്‍ വിജയിക്കുമായിരുന്നു എന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടത് കമലയെ ചൊടിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് എന്ന പദവിയില്‍ നിന്ന് കമല പടിയിറങ്ങുന്നത് പ്രസിഡന്റ് ജോബൈഡനോട് സംസാരിക്കാന്‍ പോലും ഇഷ്ടമില്ലാത്ത കലിപ്പിലാണ് എന്ന് തന്നെയാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.