ജോണ്‍ എഫ് കെന്നഡിയെ കൊന്നത് സോവിയറ്റ് യൂണിയനോ? രഹസ്യ ഡോക്യൂമെന്റുകള്‍ പുറത്ത് വിടാന്‍ ഉത്തരവിട്ട് ട്രംപ്; മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ മരണത്തിലെ രഹസ്യവും ട്രംപ് അഴിക്കും
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച എല്ലാ രഹസ്യ രേഖകളും പുറത്തു വിടാന്‍ ഉത്തരവിട്ട് സംഭവം ആഗോളതലത്തില്‍ വന്‍ ചര്‍ച്ചയാകുകയാണ്. 1963 ലാണ്് ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ടത്. കെന്നഡി കൊല്ലപ്പെട്ട് 60 വര്‍ഷം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കാറില്‍ സഞ്ചരിക്കുകയായിരുന്ന അമേരിക്കന്‍ പ്രസിഡന്റിനെ ലീ ഹാര്‍വ്വി ഓസ്വാള്‍ഡ് എന്നയാള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.
കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട എല്ലാ രഹസ്യ രേഖകളും 15 ദിവസത്തിനകം പുറത്ത് വിടാനാണ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ഉത്തരവിട്ടിരിക്കുന്നത്. നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറോടാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാന്‍ താല്‍പ്പര്യമുണ്ടെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച എല്ലാ കാര്യവും പുറത്തു വിടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. സെനറ്റര്‍ റോബര്‍ട്ട് കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ് ട്രംപ് നേരത്തേയും പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാരിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ രേഖകള്‍ പുറത്തുവിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരന്‍ റോബര്‍ട്ട് കെന്നഡി, ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന രേഖകള്‍ പരസ്യമാക്കുമെന്ന് ട്രംപിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും പ്രസിദ്ധീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏതൊക്കെ രേഖകള്‍ പുറത്തുവിടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകള്‍ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകള്‍ പുറത്തു വിട്ടിരുന്നില്ല. റോബര്‍ട്ട് കെന്നഡിയുടേയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെയും കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേജുകളാണ് ഇതിനോടകം പുറത്തു വിട്ടിരുന്നത്.
എന്നാല്‍ ആയിരക്കണക്കിന് പേജുകള്‍ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കെന്നഡിയുടെ വധത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ഘാതകനായ ഓസ്്വാള്‍ഡ് നിരവധി തവണ മെക്സിക്കോയിലെ റഷ്യയുടേയും ക്യൂബയുടേയും എംബസികളില്‍ സന്ദര്‍ശനം നടത്തിയിരുന്നതിന്റെ വിശദാംശങ്ങള്‍ ഏറ്റവും ഒടുവില്‍ അമേരിക്ക പുറത്തു വിട്ടിരുന്നു. കഴിഞ്ഞ തവണ പ്രസിഡന്റായിരുന്ന സമയത്ത് രഹസ്യരേഖകള്‍ പുറത്തു വിടുന്നതില്‍ നിന്ന് തന്നെ വിലക്കിയത് വിദേശകാര്യ സെക്രട്ടറിയയിരുന്ന മൈക്ക് പോംപിയോ ആയിരുന്നു എന്നും കഴിഞ്ഞ ദിവസം ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഓസ്്വാള്‍ഡിന് റഷ്യയോ ക്യൂബയോ പണം നല്‍കിയിരുന്നോ പിന്നീട് അയാളെ ഒരു നൈറ്റ് ക്ലബ് ഉടമ വെടിവെച്ചു കൊന്നത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.