അപകടത്തില്‍ പെട്ട ഫ്‌ളൈറ്റില്‍ ഫിഗര്‍ സ്‌കെയിറ്റിങ് താരങ്ങളും പരിശീലകരും; അമേരിക്കയെ ഇളക്കി മറിച്ച ഐസ് സ്‌കെയിറ്റിങ് ലോകചാമ്പ്യന്മാരായ ജോഡികളും മരിച്ചവരില്‍ ഉണ്ടെന്ന് സ്ഥിരീകരണം

അപകടത്തില്‍ പെട്ട ഫ്‌ളൈറ്റില്‍ ഫിഗര്‍ സ്‌കെയിറ്റിങ് താരങ്ങളും പരിശീലകരും

Update: 2025-01-31 08:04 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം തകര്‍ന്നുവീണ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരായി നിരവധി കായിക താരങ്ങളും ഉണ്ടായിരുന്നു. ജനുവരി 20 മുതല്‍ 26 വരെ വിചിതയില്‍ നടന്ന യുഎസ് ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരില്‍ പലരും. പ്രശസ്ത റഷ്യന്‍ ഐസ് സ്‌കേറ്റിങ് ദമ്പതികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

ഐസ് സ്‌കേറ്റിങ്ങില്‍ മുന്‍ ലോക ചാമ്പ്യന്മാരായ യെവ്ജീനിയ ഷിഷ്‌കോവയും ഭര്‍ത്താവ് വാദിം നൗമോവും വിമാനത്തിലുണ്ടായിരുന്നതായി റഷ്യന്‍ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1995 ല്‍ വിവാഹിതരായ ഷിഷ്‌കോവയും നൗമോവും 1994-ല്‍ ഫിഗര്‍ സ്‌കേറ്റിങ്ങില്‍ പെയര്‍വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. 1998 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ഇരുവരും അവിടെ യുവ ഐസ് സ്‌കേറ്റര്‍മാരെ പരിശീലിപ്പിക്കുകയായിരുന്നു.

സിങ്കിള്‍സ് സ്‌കേറ്റിങ്ങില്‍ അമേരിക്കയ്ക്കുവേണ്ടി മത്സരിച്ച ഇരുവരുടേയും മകന്‍ മാക്‌സിമും വിമാനത്തില്‍ ഉണ്ടായിരുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ജനുവരി 20 മുതല്‍ 26 വരെ വിചിതയില്‍ നടന്ന യുഎസ് ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മാക്‌സിം മത്സരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മത്സരശേഷം മടങ്ങിയ ഇവര്‍ക്കൊപ്പം ഒരു കൂട്ടം യുവ സ്‌കേറ്റര്‍മാരുമുണ്ടായിരുന്നതായും വിവരമുണ്ട്.

ഇവരില്‍ പലരും അമേരിക്കയിലെ റഷ്യന്‍ കുടിയേറ്റക്കാരുടെ കുട്ടികളാണ്. സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച മുന്‍ സ്‌കേറ്ററായ ഇന്ന വോളിയന്‍സ്‌കായയും വിമാനത്തിലുണ്ടായിരുന്നു. പ്രശസ്ത ഐസ് ഡാന്‍സ് ജോഡികളായ ഏഞ്ചലാ യാങ്ങും സീന്‍കേയും അപകടത്തില്‍

പെട്ട വിമാനത്തിലെ യാത്രക്കാരായിരുന്നു. ഇവരുടെ കോച്ചായ അലക്സാണ്ടര്‍ കിര്‍സാനോവും ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിമാനത്തില്‍ പുറപ്പെടുന്നതിന് മുമ്പ് ഏഞ്ചലാ യാങ് നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

വിമാനാപകടത്തില്‍ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരാണ് ഏഞ്ചലായും സീന്‍കേയും. ഈ ജോഡികള്‍ നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ്. ബുധനാഴ്ച രാത്രി റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനം പോടോമാക് നദിയില്‍ വീണത്. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്.

Tags:    

Similar News