ചാനല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ട്രംപിനോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് സെലന്‍സ്‌കി; യുക്രൈനെ പിന്തുണച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ; ഡെമോക്രാറ്റുകളുടെ പിന്തുണയും സെലന്‍സ്‌കിക്ക്; സെലന്‍സ്‌കിയെ പന്നിയെന്ന് വിളിച്ച് യുദ്ധം വ്യാപിപ്പിച്ച് റഷ്യ: ട്രംപിന്റെ ഏകാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ് സമാധാന നീക്കം
ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ ഇന്നലെയുണ്ടായ വാക്പോരിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിറയുന്നത്. കൂടിക്കാഴ്ചക്കിടെ, സെലെന്‍സ്‌കി യു.എസിനോട് കാണിക്കുന്നത് നന്ദികേടാണെന്ന് ട്രംപ് പറഞ്ഞു. സെലെന്‍സ്‌കിയെ നന്ദിപറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. 35000 കോടി ഡോളറിന്റെ സഹായം അമേരിക്ക യുക്രൈന് നല്‍കിയ കാര്യം ഓര്‍മ്മിപ്പിച്ച ട്രംപ് നിങ്ങള്‍ക്ക് സൈനികോപകരണങ്ങള്‍ പോലും ഇല്ലായിരുന്നു എന്ന് സെലന്‍സ്‌കിയോട് പറഞ്ഞു.
അതേ സമയം ട്രംപിനോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. ട്രംപുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ചാനല്‍ ആവര്‍ത്തിച്ച്് ചോദിച്ചിട്ടും അദ്ദേഹം താന്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുള്ളതായി കരുതുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. അമേരിക്ക നല്‍കിയ എല്ലാ സഹായങ്ങളോടും യുക്രൈന് നന്ദിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് ട്രംപും അമേരിക്കന്‍ കോണ്‍ഗ്രസും നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുക ആയിരുന്നു. യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ പുട്ടിനോട് ആവശ്യപ്പെടേണ്ടത് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാക്കുകള്‍ താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായും സെലന്‍സ്‌കി പറഞ്ഞു. വേണെമെങ്കില്‍ ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പുട്ടിനെ തനിക്ക് തീരെ വിശ്വാസം ഇല്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈനെ പിന്തുണച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും രംഗത്ത് എത്തിയിട്ടുണ്ട്. അമേരിക്കയിലെ ഡെമോക്രാറ്റുകളുടെ പിന്തുണയും സെലന്‍സ്‌കിക്കാണ്.
അതിനിടെ സെലന്‍സ്‌കിയെ പന്നിയെന്ന് വിളിച്ച് യുദ്ധം വ്യാപിപ്പിക്കാനാണ് റഷ്യ നീക്കം നടത്തുന്നത്. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തില്‍ യുക്രൈന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു യു.എസ്. എന്നാല്‍, ട്രംപ് അധികാരത്തിലെത്തിയതിനുപിന്നാലെ യുക്രൈനോട് അകലുകയും റഷ്യയോടടുക്കുകയും ചെയ്യുന്ന വിദേശനയം സ്വീകരിച്ചു. സൗദിയില്‍ യുക്രൈനെ പങ്കെടുപ്പിക്കാതെ റഷ്യയുമായിച്ചേര്‍ന്ന് 'യുക്രൈന്‍ സമാധാന ഉച്ചകോടി' നടത്തി. ട്രംപ് സെലെന്‍സ്‌കിയെ ഏകാധിപതിയെന്നും വിളിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സെലെന്‍സ്‌കിയോടുള്ള നിലപാട് ട്രംപ് മയപ്പെടുത്തിയിരുന്നു. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തോതില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. സെലന്‍സ്‌കിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്ന തരത്തിലാണ് പ്രചാരണം. യുദ്ധത്തിനും ഏകാധിപതികള്‍ക്കുമൊപ്പമാണ് ട്രംപും വാന്‍സുമെന്നും സെലന്‍സ്‌കിയെ മാപ്പ് പറയിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും എക്സ് പ്ലാറ്റ്ഫോമില്‍ പലരും കുറിച്ചു.