ഈദ് പ്രാര്‍ത്ഥനകള്‍ മുടങ്ങുമോയെന്ന ആശങ്ക പങ്കുവച്ച് സ്‌പെയിനിലെ ഇസ്ലാമിക സമൂഹം; മതപരമായ ആഘോഷങ്ങള്‍ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഭരണകൂടം; ഭരണഘടനാ വിരുദ്ധമായ നീക്കം റദ്ദാക്കാന്‍ നഗരസഭയോട് സര്‍ക്കാര്‍

Update: 2025-08-11 16:45 GMT

മഡ്രിഡ്: സ്‌പെയിനിലെ ഹുമിയ നഗരസഭയില്‍ ഇസ്ലാമിക മത ആചാര ചടങ്ങുകള്‍ക്ക് പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടി റദ്ദാക്കണമെന്ന് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. നഗരസഭയുടെ നീക്കം 'വംശീയം' എന്ന് നിരീക്ഷിച്ചാണ് നിര്‍ദേശം നല്‍കിയത്. ഭരണഘടനാ വിരുദ്ധമായ ഈ നീക്കം ഉടനടി റദ്ദാക്കാന്‍ സര്‍ക്കാര്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി.

സ്‌പെയിനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ മുര്‍സിയയിലെ ഹുമിയ നഗരസഭാ കൗണ്‍സിലാണ് കഴിഞ്ഞയാഴ്ച വിവാദപരമായ പ്രമേയം പാസാക്കിയത്. തീവ്രവലതുപക്ഷ പാര്‍ട്ടിയായ വോക്‌സിന്റെ പിന്തുണയോടെ ഭരണം കയ്യാളുന്ന കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി (പിപി) ആണ് ഈ നിരോധനം കൊണ്ടുവന്നത്. നഗരസഭയുടെ ബജറ്റിന് വോക്‌സ് പിന്തുണ നല്‍കുന്നതിനുള്ള പ്രധാന ഉപാധിയായിരുന്നു ഈ വിലക്ക്.

എന്നാല്‍, സ്പാനിഷ് ഭരണകൂടം ഈ തീരുമാനത്തെ ശക്തമായി അപലപിച്ചു. സാമൂഹിക വകുപ്പ് മന്ത്രി എല്‍മ സെയ്ന്‍സ് ഈ നീക്കത്തെ 'വംശീയ പ്രമേയം' എന്നാണ് വിശേഷിപ്പിച്ചത്. പ്രാദേശിക നയകാര്യ മന്ത്രി ഏഞ്ചല്‍ വിക്ടര്‍ ടോറസ്, നിരോധനം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിട്ടതായി എക്‌സിലൂടെ അറിയിച്ചു. ഈ നടപടി രാജ്യത്തിന്റെ ഭരണഘടനയുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദേശം 27,000 ജനസംഖ്യയുള്ള ഹുമിയ, വീഞ്ഞുല്‍പ്പാദനത്തിന് പേരുകേട്ട പ്രദേശമാണ്. ഇവിടെ കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന വലിയൊരു മുസ്ലീം സമൂഹമുണ്ട്. വര്‍ഷങ്ങളായി ഈദ് അല്‍-ഫിത്തര്‍ പോലുള്ള ആഘോഷങ്ങള്‍ക്ക് ഇവര്‍ പ്രാദേശിക സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് ഹാളുകളുമാണ് ഉപയോഗിച്ചിരുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അന്റോണിയോ ഇബാനസ് മൊറേല്‍സ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്ന ഈദ് പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് മുസ്ലീം സമൂഹം ആശങ്ക പ്രകടിപ്പിച്ചു. 'ഇതൊരു വംശീയമായ നീക്കമായാണ് ഞാന്‍ കാണുന്നത്,' നഗരത്തില്‍ വളര്‍ന്ന ലോജിസ്റ്റിക്‌സ് ജീവനക്കാരനായ അവ്വിസാത് എല്‍ മമൂന്‍ പറഞ്ഞു.

പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് തടയുക എന്നതായിരുന്നു നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യം. പ്രദേശത്തിന്റെ 'പരമ്പരാഗത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ്' ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി വാദിച്ചിരുന്നു.

Similar News