'ഏയ് ശ്രദ്ധിച്ച്, അത് പൊട്ടിക്കരുത്; ആ കണ്ണാടി 400 വര്‍ഷം പഴക്കമുള്ളതാണ്'; വൈറ്റ് ഹൗസിലെ കണ്ണാടിയില്‍ അബദ്ധത്തില്‍ ക്യാമറ തട്ടിയതിന് ക്യാമറമാനെ ശാസിച്ച് ട്രംപ്; പ്രതികരണം, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഒപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ
വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മുറിയിലെ കണ്ണാടിയില്‍ തട്ടിയ ക്യാമറാമാനെ ശാസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള 8.5 ബില്യണ്‍ ഡോളറിന്റെ നിര്‍ണായക ധാതു കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് സംസാരിക്കുന്നതിനിടെയാണ് സംഭവം.
കരാര്‍ പങ്കാളിത്തത്തെക്കുറിച്ച് ട്രംപ് വിശദീകരിക്കുന്നതിനിടെ കാബിനറ്റ് റൂമിലുണ്ടായിരുന്ന ക്യാമറാമാന്റെ കൈയിലെ ക്യാമറ അബദ്ധത്തില്‍ അവിടെയുണ്ടായിരുന്ന കണ്ണാടിയില്‍ തട്ടി. വലിയ ശബ്ദംകേട്ട ട്രംപ് പ്രസംഗം നിര്‍ത്തി പറഞ്ഞു, ''ഏയ് ശ്രദ്ധിച്ച്, അത് പൊട്ടിക്കരുത്. ആ കണ്ണാടി 400 വര്‍ഷം പഴക്കമുള്ളതാണ്. ഒരു ക്യാമറ കണ്ണാടിയില്‍ തട്ടി.''
ക്യാമറ അബദ്ധത്തില്‍ ഗ്ലാസില്‍ തട്ടുകയായിരുന്നു. ചെറിയൊരു ശബ്ദം ഉണ്ടാകുകയും ചെയ്തു. വാര്‍ത്താസമ്മേളനം നിര്‍ത്തിയാണ് ട്രംപ് അദ്ദേഹത്തെ ശാസിച്ചത്. 'നീ അത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അത് പൊട്ടിക്കാന്‍ നിനക്ക് അനുവാദമില്ല, ആ കണ്ണാടിക്ക് 400 വര്‍ഷം പഴക്കമുണ്ട്.' വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു. സംഭവം കൈവിട്ടെന്ന് തോന്നിയതോടെ ചെറിയൊരു തമാശയിലൂടെ രംഗം ശാന്തമാക്കുകയും ചെയ്തു.
''ഞാനിത് നിലവറയില്‍ നിന്ന് ഇപ്പോഴാണ് ഇങ്ങോട്ട് മാറ്റിയത്. തുടര്‍ന്ന് ആദ്യം സംഭവിച്ചത് അതില്‍ ക്യാമറ തട്ടി എന്നതാണ്. വിശ്വസിക്കാന്‍ പ്രയാസമാണല്ലേ. പക്ഷേ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ ഇങ്ങനെയാണ്'', ട്രംപ് പറഞ്ഞതിനു പിന്നാലെ മുറിയിലാകെ ചിരി പടര്‍ന്നു.
രണ്ടാമതും പ്രസിഡന്റായി അധികാരത്തിലെത്തിയതിന് ശേഷം വൈറ്റ് ഹൗസിന്റെ ചുവരുകളില്‍ ട്രംപ് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഓഗസ്റ്റില്‍, മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗിക ഛായാചിത്രം ഗ്രാന്‍ഡ് ഫോയറില്‍ നിന്ന്(പ്രവേശന കവാടം) ഗ്രാന്‍ഡ് സ്റ്റെയര്‍കേസിലേക്ക് മാറ്റിയിരുന്നു. ഇത് വൈറ്റ് ഹൗസിന്റെ കീഴ്വഴക്കം ലംഘിക്കുന്നതായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഛായാചിത്രം പെട്ടെന്ന് കാണാന്‍ കഴിയുമായിരുന്നില്ല.