യുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം; പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന കരാറിനുള്ള അവസരമാണ്; ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല; സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്; വിട്ടുവീഴ്ച്ചക്കില്ലെന്ന് നിലപാട് കൈക്കൊള്ളുമ്പോഴും സമാധാന നീക്കവുമായി ഇറാന്‍

യുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം

Update: 2026-02-25 00:49 GMT

ജനീവ: ഇറാനും അമേരിക്കയും തമ്മിലുള്ള നിര്‍ണായകമായ മൂന്നാംവട്ട ആണവ ചര്‍ച്ചകള്‍ വ്യാഴാഴ്ച ജനീവയില്‍ നടക്കാനിരിക്കേ മയപ്പെടുത്തുന്ന നിലപാടുമായി ഇറാന്‍. ഒരു ചരിത്രപരമായ കരാര്‍ സാധ്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന ഒരു അഭൂതപൂര്‍വമായ കരാറിനുള്ള ചരിത്രപരമായ അവസരമാണ് മുന്നിലുള്ളതെന്നും, നയതന്ത്രത്തിന് മുന്‍ഗണന നല്‍കിയാല്‍ ഇത് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായി ഒരു കരാറിലെത്തുന്നതിന് ആവശ്യമായ എന്ത് നടപടികളും സ്വീകരിക്കാന്‍ ഇറാന്‍ തയാറാണെന്ന് ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചിയും പറഞ്ഞു. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഇറാനിയന്‍ പ്രതിനിധി സംഘവുമായി ജനീവയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയില്‍ അമേരിക്ക തങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിനിടയിലാണ് ഈ മാസം ആദ്യം ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

''കഴിയുന്നത്ര വേഗം ഒരു കരാറിലെത്താന്‍ ഞങ്ങള്‍ തയാറാണ്. ഇതിനായി എന്തും ചെയ്യാന്‍ സന്നദ്ധരാണ്. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ അധിനിവേശമോ ഉണ്ടായാല്‍, ഞങ്ങളുടെ പ്രതിരോധ പദ്ധതികള്‍ അനുസരിച്ച് പ്രതികരിക്കും. ഇറാനെതിരായ യുഎസ് ആക്രമണം വലിയൊരു ചൂതാട്ടമായിരിക്കും'' തഖ്ത് റാവഞ്ചി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്നും ആവശ്യമെങ്കില്‍ ബലം പ്രയോഗിക്കാന്‍ അദ്ദേഹം തയാറാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. മേഖലയില്‍ യുഎസ് സൈനിക വിന്യാസം ശക്തമാക്കിയതിനും കരാര്‍ ഉണ്ടായില്ലെങ്കില്‍ ആക്രമണം നടത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനും പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. ഏതൊരു ചെറിയ ആക്രമണത്തെയും കടുത്ത പ്രത്യാക്രമണത്തിലൂടെ നേരിടുമെന്നും അത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി കാണുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചകള്‍ ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടമാക്കുന്നത് തങ്ങളുടെ അവകാശമാണെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍ ഇപ്പോഴും. ഇന്ത്യയ്ക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷം അവഗണിക്കാവുന്ന ഒന്നല്ല. രാജ്യത്തെ സാമ്പത്തികമായും തന്ത്രപരമായും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു പ്രശ്‌നമാണത്. ഇറാന്റെയും ഒമാന്റെയും ഇടയ്ക്കുള്ള ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് രൂപംകൊള്ളുന്ന ഈ കൊടുങ്കാറ്റ്, ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെയും, പ്രാദേശിക താല്‍പര്യങ്ങളെയും, ഗള്‍ഫ് രാജ്യങ്ങളില്‍ വസിക്കുന്ന 85 ലക്ഷം വരുന്ന പ്രവാസികളെയും നേരിട്ട് ബാധിച്ചേക്കാം. ലോകത്തെ എണ്ണവ്യാപാരത്തിന്റെ 25 ശതമാനത്തോളവും കടന്നുപോവുന്നത് ഇതു വഴിയാണ്. യുദ്ധമുണ്ടായാല്‍ ഇറാന്‍ ഈ കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, പ്രധാന ആണവകേന്ദ്രങ്ങളില്‍ പരിശോധന പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ (ഐഎഇഎ) അനുവദിക്കുക, ഇറാന്റെ മിസൈല്‍ സംവിധാനത്തിനും പ്രോക്‌സി ഗ്രൂപ്പുകള്‍ക്കും നിയന്ത്രണമേര്‍പ്പടുത്തുക തുടങ്ങിയ നിബന്ധനകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ പ്രത്യാഘാതം വളരെ മോശമായിരിക്കും എന്നാണ് ട്രംപിന്റെ ഭീഷണി. അതിനെ ശക്തിപ്പെടുത്താന്‍ 2003-ലെ ഇറാഖ് യുദ്ധത്തിനു ശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ സൈനികസന്നാഹങ്ങള്‍ ഇറാനു ചുറ്റും വിന്യസിച്ചിരിക്കുകയാണ്. രണ്ട് വിമാനവാഹിനി കപ്പലുകള്‍- യുഎസ്എസ് ലിങ്കണ്‍ എത്തി, ഫോര്‍ഡ് വന്നുകൊണ്ടിരിക്കുന്നു- സ്‌ട്രൈക്ക് ഗ്രൂപ്പുകള്‍, അത്യാധുനിക പോര്‍വിമാനങ്ങള്‍ എന്നിവയെല്ലാം ഉത്തരവിന് കാത്തുനില്‍ക്കുന്നു.

പരമാവധി സമ്മര്‍ദ്ദം ചെലുത്തി പറ്റുമെങ്കില്‍ ഒരുതവണ പോലും നിറയൊഴിക്കാതെ എതിരാളിയെ സമാധാനക്കരാറിന് നിര്‍ബന്ധിതമാക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. ആദ്യം മിന്നലാക്രമണത്തിലൂടെ ശക്തി പ്രകടനവും ഭയപ്പെടുത്തലും, പിന്നീട് കരാറുകള്‍. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോറിന്റെ (ഐആര്‍ജിസി) ആസ്ഥാനം, മിസൈല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, തിരഞ്ഞെടുത്ത ആണവകേന്ദ്രങ്ങള്‍ എന്നിവ ആക്രമണത്തിന്റെ ആദ്യ തരംഗത്തില്‍ ലക്ഷ്യമാവുമെന്ന് വിദഗ്ധര്‍ കരുതുന്നു. എന്നിട്ടും ഇറാന്‍ കരാറിന് സന്നദ്ധമായില്ലെങ്കില്‍ വര്‍ഷാവസാനം വലിയ യുദ്ധത്തിന് സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

തങ്ങളെ ആക്രമിച്ചാല്‍ വീറോടെ തിരിച്ചടിക്കുമെന്നും യുദ്ധം ഇറാനില്‍ ഒതുങ്ങി നില്‍ക്കില്ലെന്നും മേഖല മുഴുവന്‍ വ്യാപിക്കുമെന്നും പരമോന്നത നേതാവ് അലി ഖമനയി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ പന്ത്രണ്ടു ദിവസത്തെ ഇസ്രയേല്‍- അമേരിക്കന്‍ ആക്രമണങ്ങളില്‍ തകര്‍ന്ന വ്യോമപ്രതിരോധം പുനര്‍നിര്‍മ്മിക്കുകയാണ് ടെഹ്‌റാന്‍. വര്‍ഷങ്ങളായുള്ള ഉപരോധം ഇറാന്റെ വ്യോമസേനയെ ദുര്‍ബലമാക്കിയതിനാല്‍ രാജ്യത്തിന്റെ പ്രധാന പ്രതിരോധം ഇപ്പോള്‍ ഭൂമിയില്‍ നിന്നുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്.

അതിന് പ്രധാന സഹായമാവുന്നത് റഷ്യയാണ്. ടെഹ്‌റാനിലും ഇസ്ഫഹാനിലും എസ് 300 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിലയുറപ്പിച്ചതായി ഉപഗ്രഹചിത്രങ്ങള്‍ കാണിക്കുന്നു. വേറെയും അത്യാധുനിക ആയുധങ്ങള്‍ വരുന്നുണ്ട് മോസ്‌കോയില്‍ നിന്നും. സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഗള്‍ഫ് ഓഫ് ഒമാനിലും ഹോര്‍മുസ് സമീപത്തും റഷ്യയും ഇറാനും ചൈനയും സംയുക്ത നാവികാഭ്യാസം നടത്തുന്നുണ്ട്. റഷ്യന്‍ യുദ്ധക്കപ്പലുകള്‍, ഇറാനിയന്‍ മിസൈല്‍ ബോട്ടുകളും സ്‌പെഷ്യല്‍ ഫോഴ്‌സുകളുമായി ചേര്‍ന്ന് പരിശീലനം നടത്തി. റഷ്യന്‍ വ്യോമപ്രതിരോധ വിദഗ്ദ്ധര്‍ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചതായി അഭ്യൂഹമുണ്ട്, സ്ഥിരീകരിച്ചിട്ടില്ല.

സന്ദേശം വ്യക്തമാണ്;നേരത്തേ സിറിയയില്‍ റഷ്യന്‍ അനുകൂലിയായിരുന്ന ബഷര്‍ അല്‍ അസദിനെ അട്ടിമറിച്ചപ്പോഴെന്ന പോലെ വെറുതെ നോക്കിനില്‍ക്കാന്‍ മോസ്‌കോ ഉദ്ദേശിക്കുന്നില്ല. അതുപോലെ, എങ്ങും തൊടാത്ത നിലപാട് സ്വീകരിക്കുക ഇനി ചൈനയ്ക്കും ബുദ്ധിമുട്ടാവും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തോളം വാങ്ങുന്നത് അവരാണ്. ലോകത്തിലേക്കും വലിയ ഉല്‍പ്പാദകരാഷ്ട്രത്തിന് വലിയ തോതില്‍ ഇന്ധനം കൂടിയേ തീരൂ. ചൈനയുടെ പൊതുവായ രീതികളനുസരിച്ച് കഴിവതും അവര്‍ നേരിട്ടിറങ്ങില്ല. എങ്കിലും സാമ്പത്തികമായ മേല്‍ക്കൈ ഉപയോഗിച്ചോ ബദല്‍ വിതരണശൃംഖലകള്‍ വേഗത്തിലാക്കിയോ അവര്‍ വാഷിംഗ്ടണില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചേക്കാം.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണ്. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ എല്ലാ യു.എസ്. സൈനിക താവളങ്ങളും 'നിയമാനുസൃത ലക്ഷ്യം' ആയിരിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പാണ് പ്രധാനകാരണം. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ സൈനികതാവളങ്ങള്‍ ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനു പ്രധാനകാരണവും അതാണ്. യുഎസ് താവളങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന അറബ് രാജ്യങ്ങള്‍ യുദ്ധത്തിലെ അനുബന്ധനാശം തങ്ങള്‍ക്കാകുമെന്ന് ഭയക്കുന്നു. സൗദി അറേബ്യയും യുഎഇയും ഖത്തറുമൊക്കെ യുദ്ധമൊഴിവാക്കാന്‍ രഹസ്യമായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

2019-ല്‍ സൗദി അറേബ്യയിലെ അബ്‌ഖൈബ് എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെ ഉണ്ടായ ആക്രമണം അവര്‍ മറന്നിട്ടില്ല. യെമനിലെ ഹൂത്തികള്‍ ഡ്രോണ്‍, മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തെങ്കിലും ഇറാനാണതു ചെയ്തതെന്ന് അമേരിക്ക ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ എണ്ണ ഉല്‍പ്പാദനം നേര്‍പകുതിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ മിസൈലുകള്‍ ഖത്തറിലെ യുഎസ് സൈനികത്താവളത്തെ ആക്രമിച്ചിരുന്നു.

പരിമിത ഇറാനിയന്‍ പ്രതികരണം പോലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജകേന്ദ്രത്തിന്റെ ഉല്‍പ്പാദനം താറുമാറാക്കാം. അത് ജിസിസി രാജ്യങ്ങള്‍ക്ക് മാരകമായ പ്രഹരമാകും. പ്രതിദിനം 17 മുതല്‍ 20 ദശലക്ഷം ബാരല്‍ എണ്ണ ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യയും യുഎഇയും ബദല്‍ പൈപ്പ്‌ലൈനുകള്‍ക്കായി ശതകോടികള്‍ ചെലവഴിച്ചെങ്കിലും അവയുടെ ശേഷി വളരെ കുറവാണ്.

Tags:    

Similar News