പിആറിന് പകരം അഞ്ചു വര്‍ഷത്തെ വര്‍ക്ക് വിസ; വിദേശ പൗരന്മാര്‍ക്ക് ബെനഫിറ്റുകള്‍ ഇല്ല; നാട് കടത്താന്‍ മാത്രം നിയമവും പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റും; ഓരോ വര്‍ഷവും 2,88,000 പേരെ വീതം നാട് കടത്തും; പാക്കിസ്ഥാന്‍ അടക്കം അനേകം രാജ്യങ്ങള്‍ക്ക് വിസ നിരോധനം: കുടിയേറ്റ നയം പ്രഖ്യാപിച്ച് റിഫോം യുകെ

കുടിയേറ്റ നയം പ്രഖ്യാപിച്ച് റിഫോം യുകെ

Update: 2026-02-24 00:37 GMT

ലണ്ടന്‍: ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ അധിനിവേശം നടത്തുകയാണെന്നും, തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പ്രതിവര്‍ഷം 2,88,000 അനധികൃത കുടിയേറ്റക്കാരെ വീതം നാടുകടത്തുമെന്നും റിഫോം യു കെയുടെ മുതിര്‍ന്ന നേതാവ് സിയാ യൂസഫ് പറഞ്ഞു. പാര്‍ട്ടിയുടെ ഷാഡോ ഹോം മിനിസ്റ്റര്‍ ആയ സിയ കുടിയേറ്റ നയവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാടുകടത്തല്‍ ഫലപ്രദമായി നടത്തുന്നതിനായി അമേരിക്കയിലെ വിവാദമായ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ സി ഇ) മാതൃകയില്‍ ഒരു യു കെ ഡീപോര്‍ട്ടേഷന്‍ കമാന്‍ഡ് രൂപീകരിക്കുന്നത് ഉള്‍പ്പടെ, രണ്ടാം സര്‍ക്കാരിന്റെ കാലത്ത് കുടിയേറ്റവുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് കൈക്കൊണ്ടതിനു സമാനമായ നിരവധി നടപടികള്‍ സിയാ യൂസഫ് പ്രഖ്യാപിച്ചു.

ഈ പ്രത്യേക യൂണിറ്റ്, രാജ്യത്ത് അനധികൃതമായി പ്രവേശിച്ച വിദേശികളെ കണ്ടെത്തുകയും, പിടികൂടി തടവിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ വര്‍ഷവും ഇത്തരത്തില്‍ 2,88,000 പേരേ വീതമാണ് പുറത്താക്കാന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയുടെ പ്രത്യേക സംഘം മിനെസൊട്ടയില്‍ അഭിമുഖീകരിച്ചതുപോലുള്ള എതിര്‍പ്പുകള്‍ ഇവിടെ അഭിമുഖീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിഫോം കൊണ്ടുവരുന്ന ഭരണ മാതൃകയേയും അമേരിക്കന്‍ മാതൃകയേയും തമ്മില്‍ താരതമ്യം ചെയ്യുക എന്നത് ചിലര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണെന്ന് പറഞ്ഞ സിയാ യൂസഫ്, പക്ഷെ അമേരിക്കയിലേതു പോലെ ഒരു തോക്ക് സംസ്‌കാരം ബ്രിട്ടനില്‍ ഇല്ലെന്നും, അമേരിക്കയില്‍ നടക്കുന്നതിനേക്കാള്‍ കൂടുതലായി പൊതുസമ്മതിയോടെയുള്ള പോലീസിംഗ് ഇവിടെ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, റിഫോം യു കെയുടെ ട്രംപില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടുള്ള നയങ്ങള്‍ ബ്രിട്ടീഷ് തെരുവുകളെ അശാന്തമാക്കുമെന്നും, ഇമിഗ്രേഷന്‍ സിസ്റ്റത്തെ തകരാറിലാക്കുമെന്നും ലിബറല്‍ ഡെമോക്രാറ്റ് ഷാഡോ ഹോം സെക്രട്ടറി പറഞ്ഞു. എന്നാല്‍, കടുത്ത നയങ്ങളുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് സിയ യൂസഫ് വ്യക്തമാക്കിയത്. അനധികൃത അഭയാര്‍ത്ഥികളെ നാടുകടത്തുമ്പോള്‍, തിരികെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം, പാകിസ്ഥാന്‍, സൊമാലിയ, എരിത്രിയ, സിറിയ, അഫ്ഗാനിസ്ഥാന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിസ നിരോധനം ഏര്‍പ്പെടുത്തുമെന്നും യൂസഫ് അറിയിച്ചു. മാത്രമല്ല, വിദേശ ക്രിമിനലുകളുടെ അവകാശങ്ങള്‍ക്ക്, ബ്രിട്ടീഷ് ജനതയുടെ അവകാശങ്ങള്‍ക്ക് മേല്‍ പരിഗണന ലഭിക്കാതിരിക്കാന്‍ യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സില്‍ നിന്നും വിട്ടുപോരുമെന്നും യൂസഫ് ഉറപ്പിച്ചു പറഞ്ഞു.

നമ്മുടെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു യൂസഫിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപുറകെ ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ അന്ന ടൂലി പ്രതികരിച്ചത്. അനധികൃത കുടിയേറ്റം ഒരുതരം അധിനിവേശം തന്നെയാണെന്ന് പറഞ്ഞ യൂസഫ്, താന്‍ ഹോം സെക്രട്ടറിയായാല്‍ അത് തടയും എന്ന് മാത്രമല്ല, അധിനിവേശക്കാരെ നാടുകടത്തുകയും ചെയ്യുമെന്നും പറഞ്ഞു. നാടുകടത്തലിനു മാത്രമായി പ്രതിദിനം അഞ്ച് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ പകരം ഉപയോഗിക്കുന്നതിനായി റോയല്‍ എയര്‍ഫോഴ്‌സിന്റെ വോയേജര്‍ തയ്യാറാക്കി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടന്റെ ക്രിസ്ത്യന്‍ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പള്ളികള്‍ മോസ്‌കുകളോ, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളോ ആക്കി മാറ്റാതിരിക്കുന്നതിനായി, എല്ല പള്ളികള്‍ക്കും ലിസ്റ്റഡ് സ്റ്റാറ്റസ് നല്‍കുക എന്നതാണ് അതിലൊന്ന്. മാത്രമല്ല, ബ്രിട്ടീഷ് പൗരന്മാര്‍ക്കുള്ള അവകാശത്തേക്കാള്‍ കുറവ് അവകാശങ്ങള്‍ മാത്രമെ കുടിയേറ്റക്കാര്‍ക്ക് ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഒരു റിഫോം എം പി, ബുര്‍ഖ നിരോധിക്കണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച യൂസഫിനോട് ബുര്‍ഖ നിരോധിക്കുമോ എന്ന ചോദ്യത്തിന് വ്യക്തിപരമായി പൊതുയിടങ്ങളില്‍ മുഖം മൂടുന്നതിനോട് താന്‍ എതിരാണെന്ന മറുപടിയായിരുന്നു നല്‍കിയിരുന്നത്.

Tags:    

Similar News