ലോകം ഇറാനിലേക്ക് നോക്കുമ്പോള്‍ ചൈനയില്‍ ആണവപ്പരീക്ഷണങ്ങള്‍; ട്രംപ് ഭരണകൂടത്തിന് ആശങ്ക

Update: 2026-02-23 06:43 GMT

ണവായുധങ്ങളുടെ പേരില്‍ ഇപ്പോള്‍ എല്ലാ കണ്ണുകളും ഇറാനിലേക്ക് തിരിയുമ്പോള്‍ ചൈന നിശബ്ദമായി പുതിയ തലമുറ ആണവായുധങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇറാനുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതില്‍ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ശത്രുക്കള്‍ സ്വന്തം ആയുധശേഖരം നിര്‍മ്മിക്കുന്നത് തടയുന്നതിനായി ചൈന നിശബ്ദമായി 'പുതിയ തലമുറ ആണവായുധങ്ങള്‍' വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതപ്പെടുന്നത്.

ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകളിലാണ് ഇപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ. ഇറാനെ ചര്‍ച്ചകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്താന്‍ സൈനിക നടപടി പരിഗണിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാനെതിരായ സൈനിക ആക്രമണത്തെക്കുറിച്ച് ട്രംപ് ഭരണകൂടം ആവര്‍ത്തിച്ച് സൂചന നല്‍കിയിട്ടുണ്ട്. ആണവായുധ ശേഖരം തങ്ങള്‍ക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആണവോര്‍ജ്ജത്തില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള തങ്ങളുടെ അവകാശത്തിനെതിരെ അമേരിക്ക സ്വീകരിച്ച നിലപാടുകളെ അവര്‍ ശക്തമാിയ എതിര്‍ക്കുകയാണ്.

അതിനിടെ ലോപ് നൂര്‍ കേന്ദ്രത്തില്‍ 2020 ജൂണില്‍ ചൈന ഒരു രഹസ്യ ആണവ പരീക്ഷണം നടത്തി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ മാസമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ ഇത്രയും കാലതാമസം ഉണ്ടാകാനുള്ള കാരണം അവര്‍ വിശദീകരിച്ചിട്ടില്ല. അടുത്ത തലമുറ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ചൈനയുടെ ആഗ്രഹമാണ് 2020 പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്ന് ബന്ധപ്പെട്ടവര്‍ സിഎന്‍എന്നിനോട് പറഞ്ഞു. ചൈന ഒരു ആണവായുധ ശേഖരം നിര്‍മ്മിക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈന മുമ്പ് തങ്ങളുടെ ആണവായുധ വികസനം സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗമായി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ചൈന ആണവായുധങ്ങളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഉളളത്. അമേരിക്കയും റഷ്യയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്. അതേ സമയം വാഷിംഗ്ടണിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെങ്യു സമീപകാല റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞു. അമേരിക്ക ചൈനയുടെ ആണവ നയത്തെ വളച്ചൊടിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്തു എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ചൈനയ്ക്കും റഷ്യയ്ക്കും തുല്യമായി ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചതായി ട്രംപ് ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. അതിശക്തമായ വിനാശകരമായ ശക്തി കാരണം, തനിക്ക് അത് ചെയ്യാന്‍ വെറുപ്പായിരുന്നു എന്നും റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തും വളരെ പിന്നിലാണ് എങ്കിലും 5 വര്‍ഷത്തിനുള്ളില്‍ തുല്യമാകും എന്നുമാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് എഴുതിയത്. ആണവ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചതായി ചൈനയും റഷ്യയും യുഎസും വര്‍ഷങ്ങളായി പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

2019-ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു കംപ്ലയന്‍സ് റിപ്പോര്‍ട്ട്, ഇന്റര്‍മീഡിയറ്റ്, ഷോര്‍ട്ട് റേഞ്ച് മിസൈലുകള്‍ ഇല്ലാതാക്കുന്നതിനുള്ള 1988-ലെ ഉടമ്പടി റഷ്യ ലംഘിച്ചുവെന്ന് ആരോപിച്ചിരുന്നു. ഭൂകമ്പ നിരീക്ഷണത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതിനായി ചൈന ഡീകൂപ്ലിംഗ് ഉപയോഗിച്ചു എന്നാണ് കരുതപ്പെടുന്നത്. 1996 ലെ സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ യുഎസും റഷ്യയും ചൈനയും ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ യുഎസും ചൈനയും ഒരിക്കലും അത് അംഗീകരിച്ചില്ല. 2023 ല്‍ റഷ്യ അതിന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്തു.

Similar News