ട്രൂഡോയുടെ കാലം കഴിഞ്ഞു; മോദിയെ വിശ്വസിച്ച് കാനഡയുടെ പുതിയ നയതന്ത്രം; അമേരിക്കയുമായുള്ള താരിഫ് തല്ലിനിടെ ഇന്ത്യയുമായി ആഴത്തിലുള്ള വ്യാപാരത്തിന് മാര്‍ക്ക് കാര്‍ണി! കാര്‍ണിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ പരസ്പര സഹകരണത്തിനുള്ള വിവിധ തലങ്ങള്‍ ചച്ചയാകും
ട്രൂഡോയുടെ കാലം കഴിഞ്ഞു; മോദിയെ വിശ്വസിച്ച് കാനഡയുടെ പുതിയ നയതന്ത്രം
ന്യൂഡല്‍ഹി: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുകയാണ്. അമേരിക്ക താരിഫുകളിലൂടെ കാനഡയെ ശ്വാസംമുട്ടിക്കാനുള്ള ശ്രമം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം വ്യാപാര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള തന്റെ ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യയെ കൂടാതെ കാര്‍ണി ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. വ്യാഴാഴ്ചയാണ് കാര്‍ണ്ി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
തുടര്‍ന്ന് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് പോയി പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ കാണുകയും ഓസ്‌ട്രേലിയയുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. 20 വര്‍ഷത്തിനിടെ ഒരു കനേഡിയന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പ്രസംഗമാണിത്. ജപ്പാനിലാണ്
ഈ സന്ദര്‍ശന പരമ്പര അവസാനിക്കുന്നത്. കാര്‍ണി ടോക്കിയോയില്‍ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയെ കാണും. 2023 ല്‍ കാനഡയില്‍ ഒരു സിഖ് വിഘടനവാദിയെ ന്യൂഡല്‍ഹി കൊലപ്പെടുത്തിയതായി മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
എന്നാല്‍ മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രി ആയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുകയായിരുന്നു. ചൈനയുമായും കാനഡ മികച്ച ബന്ധത്തിനായി ശ്രമം തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ആല്‍ബെര്‍ട്ടയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മോദിയെ ക്ഷണിച്ചുകൊണ്ട് കാര്‍ണി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. അവിടെ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയുമായും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ്
വ്യാപാരം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചത്. ഊര്‍ജ്ജം, നിര്‍മ്മിത ബുദ്ധി, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, സമുദ്ര സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നീ കാര്യങ്ങളില്‍ പരസ്പര സഹകരണത്തിനുള്ള വിവിധ വശങ്ങള്‍ കാര്‍ണിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
ലോഹങ്ങള്‍, കാറുകള്‍ തുടങ്ങിയ പ്രധാന കനേഡിയന്‍ മേഖലകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ യുഎസ് താരിഫുകള്‍ക്ക് മറുപടിയായി, അടുത്ത ദശകത്തോടെ കാനഡയുടെ യുഎസ് ഇതര കയറ്റുമതി ഇരട്ടിയാക്കുക എന്ന തന്റെ ലക്ഷ്യം കാര്‍ണി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. കാനഡയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് അമേരിക്ക.
ഈ വര്‍ഷം ആദ്യം, കനേഡിയന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രതികാര താരിഫ് ചൈന കുറയ്ക്കുന്നതിന് പകരമായി, ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ താരിഫ് നീക്കം ചെയ്തുകൊണ്ട് കാര്‍ണി യുഎസ് വ്യാപാര നയത്തില്‍ നിന്ന് പിന്മാറി. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ കാര്‍ണി ആഗോള തലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടി. ട്രംപിനെ പരോക്ഷമായിട്ടാണ് അദ്ദേഹം അന്ന് വിമര്‍ശിച്ചത്. ട്രംപിന്റെ വ്യാപകമായ താരിഫുകള്‍ വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിനുശേഷം യുഎസുമായുള്ള കാനഡയുടെ വ്യാപാര നിലപാട് അനിശ്ചിതത്വത്തിലാണ്. സ്റ്റീല്‍, അലുമിനിയം, കാറുകള്‍ എന്നിവയ്ക്കുള്ള മേഖലാ-നിര്‍ദ്ദിഷ്ട താരിഫുകളെ തീരുമാനം ബാധിച്ചിട്ടില്ലെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
