യുഎസ് പടക്കപ്പലുകള്‍ ചുറ്റും വളഞ്ഞെത്തുമ്പോഴും കുലുങ്ങാതെ ഇറാന്‍; അമേരിക്കയുടെ ഭീഷണികള്‍ തള്ളുന്നു; യുദ്ധത്തിന് യുഎസ് സൈനിക മേധാവിയും എതിരെന്ന് റിപ്പോര്‍ട്ടുകള്‍; 'ഇറാനുമായി യുദ്ധമില്ലെന്ന് പറയുന്നവര്‍ വ്യാജന്മാരെന്ന് ട്രംപ്! സൈനിക മേധാവി തനിക്കൊപ്പമെന്ന് വാദിച്ച് പ്രസിഡന്റ്; ലബനനില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ച് അമേരിക്കയുടെ അടിയന്തര നീക്കം
യുഎസ് പടക്കപ്പലുകള്‍ ചുറ്റും വളഞ്ഞെത്തുമ്പോഴും കുലുങ്ങാതെ ഇറാന്‍
വാഷിംഗ്ടണ്‍: യുഎസ് പടക്കപ്പലുകള്‍ ചുറ്റും വളഞ്ഞെത്തുമ്പോഴും കുലുങ്ങാത്ത അവസ്ഥയിലാണ് ഇറാന്‍. ആണവ വിഷയങ്ങളില്‍ അമേരിക്ക മുന്നോട്ടു വെക്കുന്ന നിലപാടുകളെ അവര്‍ തള്ളുകയാണ് ചെയ്യുന്നത്. ഇതിനിടെ യുഎസ് സൈനിക മേധാവിയും യുദ്ധത്തിലേക്ക് നീങ്ങുന്നതിന് എതിരാണ് എന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഈ വാര്‍ത്തകള്‍ തള്ളി വൈറ്റ്ഹൗസ് രംഗത്തുവന്നു. ഇറാനെതിരായ സൈനിക നടപടിക്കെതിരെ ഉന്നത സൈനിക മേധാവി രംഗത്തെത്തിയെന്ന റിപ്പോര്‍ട്ടുകളെ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും, ഭരണകൂടത്തില്‍ ഭിന്നതയില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ ഇറാനെതിരായ സൈനിക നീക്കങ്ങളെ എതിര്‍ത്തതായി വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള വിഷയത്തില്‍ ജനറല്‍ കെയ്ന്‍ കൂടുതല്‍ കരുതലോടെയാണ് സംസാരിക്കുന്നതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഉക്രെയ്‌നിലേക്കും ഇസ്രായേലിലേക്കുമുള്ള യുഎസ് സഹായം കാരണം ആയുധശേഖരത്തിലുണ്ടായ കുറവും, സൈനിക നഷ്ടം സംബന്ധിച്ച ആശങ്കകളും പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ട്രംപ്, ജനറല്‍ കെയ്ന്‍ തന്റെ ഭരണകൂടത്തിന്റെ നിലപാടിനൊപ്പമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും, ഇറാനെതിരെ സൈനിക നടപടി ആവശ്യമായി വന്നാല്‍ അത് എളുപ്പത്തില്‍ വിജയിക്കുമെന്നതാണ് കെയ്‌ന്റെ അഭിപ്രായമെന്നും ട്രംപ് വ്യക്തമാക്കി. 'ജനറല്‍ കെയ്‌ന് ഒരൊറ്റ കാര്യമേ അറിയൂ, അത് ജയിക്കാന്‍ മാത്രമാണ്. നിര്‍ദ്ദേശം ലഭിച്ചാല്‍ അദ്ദേഹം മുന്നില്‍ നിന്ന് നയിക്കും,' ട്രംപ് പറഞ്ഞു.
അന്തിമ തീരുമാനം തന്റേതാണെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, സമാധാനപരമായ ഒരു ഒത്തുതീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അതിന് തയ്യാറായില്ലെങ്കില്‍ ഇറാന്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഇറാനുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ലബനനിലെ യുഎസ് എംബസിയില്‍ നിന്ന് അടിയന്തര സേവന വിഭാഗത്തിലെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം യു.എസ് ആക്രമണ ഭീഷണി നിലനില്‍ക്കെ എല്ലാ ഇന്ത്യ പൗരന്‍മാരും ഇറാന്‍ വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായാണ് നിര്‍ദേശം. ഇറാനിലെ മാറികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വ്യാപാരികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവര്‍ ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടണമെന്ന് അറിയിച്ചു. വാണിജ്യവിമാനങ്ങള്‍ ഉള്‍പ്പെടെ നിലവിലെ ഗതാഗതസൗകര്യങ്ങള്‍ പൗരന്‍മാര്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇറാനെതിരെ യു.എസിന്റെ ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. എല്ലാ ഇന്ത്യക്കാരും അതീവജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നുമുള്ള ജനുവരിയിലെ മുന്നറിയിപ്പ് എംബസി ആവര്‍ത്തിച്ചു. എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും പ്രാദേശികമാധ്യമങ്ങള്‍ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടി. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ കുടിയേറ്റ രേഖകള്‍ പൗരന്മാര്‍ കരുതി വെക്കണം.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിന് സുപ്രീകോടതി പ്രഹരമേല്‍പ്പിച്ചതിന് പിന്നാലെയാണ് സംഭവവികാസങ്ങള്‍. യു.എസും ഇറാനും തമ്മില്‍ ആണവ ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചര്‍ച്ചയുടെ അടുത്ത ഘട്ടം വ്യാഴാഴ്ച നടക്കും. അതേസമയം, അത്യാധുനിക യുദ്ധകപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ സന്നാഹങ്ങള്‍ വിന്യസിച്ച് പശ്ചിമേഷ്യയില്‍ യു.എസ് തങ്ങളുടെ സൈനികശേഷി ശക്തമാക്കികൊണ്ടിരിക്കുകയാണ്. നയതന്ത്രചര്‍ച്ചകള്‍ക്കാണ് തങ്ങള്‍ പ്രധാന്യം നല്‍കുന്നതെന്നും അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും നേരിടാന്‍ തയാറാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
