മെക്‌സിക്കോയില്‍ യുദ്ധക്കളമായി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍; മയക്കുമരുന്ന് മാഫിയാ തലവനെ സൈന്യം വെടിവെച്ചു കൊന്നു; പക വീട്ടാന്‍ നഗരം കത്തിച്ച് അധോലോകം; കുടുങ്ങിപ്പോയി അമേരിക്കന്‍ സഞ്ചാരികള്‍; കത്തിയെരിയുന്ന ബസുകള്‍, നിലവിളിച്ച് ഓടുന്ന ജനങ്ങള്‍; പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ സംഭവിക്കുന്നത്

Update: 2026-02-23 04:23 GMT

മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ അധോലോക നേതാവിനെ വധിക്കാന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ കുടുങ്ങി അമേരിക്കയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍. സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയെ തേടാനും ജനക്കൂട്ടത്തെ ഒഴിവാക്കാനും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരത്തിലുടനീളമുള്ള ഫോട്ടോകളില്‍ ബസുകള്‍ തീയില്‍ പൊട്ടിത്തെറിക്കുന്നതും, വീടുകള്‍ കത്തിക്കുന്നതും, ആകാശത്തിലൂടെ കറുത്ത പുക ഉയരുന്നതും കാണാം.

ഞായറാഴ്ച പുലര്‍ച്ചെയാണ് ജാലിസ്‌കോ സംസ്ഥാനത്തെ പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ നിന്ന് ഏകദേശം 170 മൈല്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തപാല്‍പ എന്ന പട്ടണത്തിലേക്കാണ് മെക്സിക്കന്‍ സൈന്യം പ്രവേശിച്ചത്. നെമെസിയോ 'എല്‍ മെന്‍ചോ' ഒസെഗുവേര സെര്‍വാന്റസിനെയാണ് അവര്‍ കൊലപ്പെടുത്തിയത്. മെത്താംഫെറ്റാമൈന്‍, ഫെന്റനൈല്‍ എന്നിവ യുഎസിലേക്ക് കടത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മെക്സിക്കോയിലെ ഏറ്റവും ശക്തമായ മയക്കുമരുന്ന് കാര്‍ട്ടലുകളില്‍ ഒന്നായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ തലവനായിരുന്നു എല്‍ മെന്‍ചോ.

ജാലിസ്‌കോ സംസ്ഥാനത്തെ പ്യൂര്‍ട്ടോ വല്ലാര്‍ട്ട, ഗ്വാഡലജാര, തപാല്‍പ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ കത്തിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ സായുധരായ കൊള്ളക്കാരും അവരുടെ വെടിവയ്പ്പിന്റെ ശബ്ദവും പ്യൂര്‍ട്ടോ വല്ലാര്‍ട്ട നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അധോലോക അംഗങ്ങളുമായി മെക്സിക്കന്‍ സേന വെടിവെപ്പ് നടത്തുന്ന വീഡിയോകള്‍ എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും പ്രചരിക്കുകയാണ്.

ജാലിസ്‌കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിലെ അക്രമങ്ങളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. റണ്‍വേകളില്‍ നിന്ന് പുക ഉയരുന്നതും പരിഭ്രാന്തരായി ആളുകള്‍ ഓടുന്നതും കാണാം. വിമാനത്താവളത്തിനുള്ളില്‍ ആളുകള്‍ നിലത്ത് കിടക്കുന്നതായി ചില വീഡിയോകള്‍ കാണിക്കുന്നു.

അയല്‍ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ആളുകള്‍ മേഖലയിലുടനീളം ഫാര്‍മസികളും കണ്‍വീനിയന്‍സ് സ്റ്റോറുകളും കത്തിക്കുന്നതായി വെളിപ്പെടുത്തി. എല്‍ മെന്‍ചോയുടെ കൊലപാതകത്തെത്തുടര്‍ന്ന് കാര്‍ട്ടലിന്റെ നീക്കങ്ങള്‍േ നിയന്ത്രിക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇക്കാര്യം ജാലിസ്‌കോ ഗവര്‍ണര്‍ പാബ്ലോ ലെമസ് നവാരോ എക്‌സിലൂടെ പ്രഖ്യാപിച്ചു. മേഖലയിലെ വിവിധ സ്ഥലങ്ങളിലും ജാലിസ്‌കോയുടെ മറ്റ് ഭാഗങ്ങളിലും, അധികാരികളുടെ നടപടിയെ തടസ്സപ്പെടുത്തുന്നതിനായി വ്യക്തികള്‍ വാഹനങ്ങള്‍ കത്തിക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. പ്യൂര്‍ട്ടോ വല്ലാര്‍ട്ടയില്‍ പത്ത് വാഹനങ്ങളെങ്കിലും കത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്യൂര്‍ട്ടോ വല്ലാര്‍ട്ടയിലെ പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അയല്‍ സംസ്ഥാനമായ മൈക്കോവാക്കന്റെ ഗവര്‍ണറും തന്റെ അധികാരപരിധിയിലുള്ള 13 മുനിസിപ്പാലിറ്റികള്‍ സമാനമായ അസ്വസ്ഥതകള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Similar News