ഏകദേശം 1.70 ലക്ഷം കോടി ഡോളര്‍ സര്‍ക്കാര്‍ ഫണ്ട് മരവിച്ച അവസ്ഥയില്‍; ഇത് വാര്‍ഷിക ഫെഡറല്‍ ചെലവിന്റെ നാലിലൊന്ന്; അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍; ധനബില്‍ ബാസാകുന്നില്ല; ട്രംപ് നേരിടുന്നത് വലിയ വെല്ലുവളി; യുഎസില്‍ ജോലി നഷ്ടം തുടരും
വാഷിങ്ടന്‍: അമേരിക്കയില്‍ ധന പ്രതിസന്ധി തുടരും. അടച്ചുപൂട്ടല്‍ പ്രതിസന്ധിയിലാണ് അമേരിക്ക. യുഎസ് സെനറ്റില്‍ ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടതോടെ ഷട്ട്ഡൗണ്‍ തുടരും. 11ാം തവണയാണ് ധനാനുമതി ബില്‍ പരാജയപ്പെടുന്നത്. അടച്ചുപൂട്ടല്‍ 21ാം ദിവസത്തിലേക്ക് നീണ്ടതോടെ ലക്ഷക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ശമ്പളം വൈകുന്നത്. ഭരണസ്തംഭനത്തെ തുടര്‍ന്ന് സാമൂഹ്യ സുരക്ഷാ ചെലവുകള്‍, ആരോഗ്യ പരിചരണ ചെലവുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്.
ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനാനുമതി ബില്‍ 43നെതിരെ 50നാണ് സെനറ്റില്‍ പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ 60 വോട്ടുകള്‍ വേണം. ആരോഗ്യ പരിരക്ഷാ സബ്‌സിഡികള്‍ ഉള്‍പ്പെടുത്താത്ത ബില്ലാണ് ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പിനു കാരണമാകുന്നത്. അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാത അവസ്ഥ. ഇതോടെ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയില്‍ തുടരുകയാണ്.
ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്കു കാരണമാകുമെന്ന ആശങ്കയുണ്ട്. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറല്‍ ജഡ്ജി കഴിഞ്ഞ ദിവസം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലാണ് ഇത്. ഫെഡറല്‍ ഏജന്‍സികളെ സംബന്ധിച്ച ഹ്രസ്വകാല ധനസഹായ നടപടി സെനറ്റ് ഡെമോക്രാറ്റുകള്‍ നിരസിച്ചതിനെത്തുടര്‍ന്ന്, ഫെഡറല്‍ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒക്ടോബര്‍ ഒന്നിനാണ് യുഎസില്‍ ഷട്ട്ഡൗണ്‍ ആരംഭിച്ചത്.
ഏകദേശം 1.70 ലക്ഷം കോടി ഡോളര്‍ സര്‍ക്കാര്‍ ഫണ്ടാണ് ബില്‍ പാസാകാത്തതിനാല്‍ മരവിച്ചിരിക്കുന്നത്. വാര്‍ഷിക ഫെഡറല്‍ ചെലവിന്റെ നാലിലൊന്നു വരുമിത്. ഫെഡറല്‍ ബജറ്റിന്റെ ബാക്കി തുക പ്രധാനമായും ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, ദേശീയ കടത്തിന്റെ പലിശയടയ്ക്കല്‍ എന്നിവയ്ക്കാണ് നീക്കിവച്ചിരിക്കുന്നത്. കടം ഇപ്പോള്‍ 37.5 ലക്ഷം കോടി ഡോളര്‍ കവിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന ഒക്ടോബര്‍ ഒന്നിനകം ബജറ്റ് ബില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. ആരോഗ്യ പരിരക്ഷക്കുള്ള നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം വൈറ്റ്ഹൗസ് തള്ളിയത് സമവായത്തിന് തടസ്സമായി.
അതേസമയം, ഷിക്കാഗോയിലെ ഗതാഗത സംവിധാനത്തിനായി നിശ്ചയിച്ചിരുന്ന 210 കോടി ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു. ഡെമോക്രാറ്റിക് ഭരണത്തിലുള്ള നഗരങ്ങളെയും സംസ്ഥാനങ്ങളെയും ലക്ഷ്യം വച്ചുള്ള പ്രതികാരനടപടികളുടെ ഭാഗമാണിതെന്ന് വിമര്‍ശനമുയര്‍ന്നു. ഈയാഴ്ച ന്യൂയോര്‍ക്കിലെ ഗതാഗത പദ്ധതികള്‍ക്കുള്ള ഫണ്ട് തടഞ്ഞിരുന്നു. കലിഫോര്‍ണിയ, ഇലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നായി 800 കോടി ഡോളറിന്റെ ഹരിതോര്‍ജ പദ്ധതികള്‍ നിര്‍ത്തിവച്ചു. മൊത്തത്തില്‍, 2600 കോടി ഡോളറിന്റെ ധനസഹായം മരവിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.