ജപ്പാനെ നയിക്കാന്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി; സനെ തകൈച്ചി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു; ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് തകൈച്ചി
ജപ്പാനെ നയിക്കാന്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി
ടോക്യോ: ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രി. സനെ തകൈച്ചി ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്റെ മുന്‍ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയാണ് 64-കാരിയായ സനെ തകൈച്ചി. ഒക്ടോബര്‍ മൂന്നിന് ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയായി തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
''ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങളില്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നു,'' സനെ തകൈച്ചി പറഞ്ഞു. തകൈച്ചിയുടെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി), ചൈനയോടുള്ള കടുത്ത നിലപാടും കുടിയേറ്റ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്ന വലതുപക്ഷ നിപ്പോണ്‍ ഇഷിനുമായി (ജപ്പാന്‍ ഇന്നൊവേഷന്‍ പാര്‍ട്ടി) ചേര്‍ന്നതായി തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ സനെ തകൈച്ചി 237 വോട്ടുകള്‍ നേടിയതോടെ 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആവശ്യകത ഇല്ലാതായി എന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്ററി സീറ്റുകളുടെ കുറവ്, സൗജന്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ഭക്ഷ്യ ഉപഭോഗ നികുതിയില്‍ രണ്ട് വര്‍ഷത്തെ താല്‍ക്കാലിക വിരാമം തുടങ്ങിയ ജെഐപി നയങ്ങളെ പിന്തുണയ്ക്കാന്‍ തകൈച്ചി സമ്മതിച്ചു.
പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ കാര്‍ഷിക വകുപ്പ് മന്ത്രിയായ ഷിന്‍ജിരോയെ ആണ് തകൈച്ചി പരാജയപ്പെടുത്തിയത്. ജപ്പാനില്‍ ഏറെക്കാലമായി ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയാണ് എല്‍ഡിപി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന ജപ്പാനിലെ അധോസഭയില്‍ എല്‍ഡിപി തന്നെയാണ് ഏറ്റവും വലിയ കക്ഷിയും. അതിനാല്‍ തകൈച്ചി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അഞ്ച് വര്‍ഷത്തിനിടെ ജപ്പാനിലെ അഞ്ചാമത്തെ പ്രധാനമന്ത്രി എന്ന സ്ഥാനവും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമായി തകൈച്ചി മാറും.
ഒക്ടോബര്‍ നാലിന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളിലെ മത്സരമായിരുന്നു. 295 എല്‍ഡിപി നിയമസഭാംഗങ്ങളും പണമടച്ച് അംഗത്വമെടുത്ത പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളും ചേര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിച്ചത്. നിലവില്‍ അധികാരത്തിലുള്ള രണ്ട് മന്ത്രിമാരും മൂന്ന് മുന്‍ കാബിനറ്റ് അംഗങ്ങളുമുള്‍പ്പെടെ അഞ്ച് സ്ഥാനാര്‍ഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. കടുത്ത മത്സരത്തിനൊടുവില്‍ തകൈച്ചി വിജയിക്കുകയും എല്‍ഡിപിയുടെ പുതിയ പ്രസിഡന്റെന്ന സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
സാമ്പത്തിക അസമത്വങ്ങള്‍ക്കും തളര്‍ച്ചയ്ക്കുമൊപ്പം കുറഞ്ഞ ജനന നിരക്കും അതുയര്‍ത്തുന്ന സാമൂഹിക പ്രതിസന്ധിയിലൂടെയുമാണ് ജപ്പാന്‍ കടന്നുപോവുന്നത്. ഇതടക്കമുള്ള വെല്ലുവിളികള്‍ക്ക് മുന്നിലേക്കാണ് തകൈച്ചി പ്രധാനമന്ത്രിയായി എത്തുന്നത്. നാരയിലെ പോലീസ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന മാതാവിന്റേയും ഓട്ടോമോട്ടീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പിതാവിന്റേയും മകളായാണ് തകൈച്ചി ജനിച്ചത്. കോബെ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടി. യുഎസ് കോണ്‍ഗ്രസില്‍ കോണ്‍ഗ്രഷെണല്‍ ഫെലോ ആയി ജോലി ചെയ്തിട്ടുണ്ട്. യാഥാസ്ഥിതികരായ രാഷ്ട്രീയക്കാരുള്ള ഒരു രാജ്യത്ത് രാഷ്ട്രീയത്തിന് പുറത്തുള്ള അസാധാരണമായ താല്‍പര്യങ്ങളുടെ പേരിലാണ് തകൈച്ചി ശ്രദ്ധ നേടുന്നത്.
അതിലൊന്നാണ് മോട്ടോര്‍ ബൈക്കുകളോടുള്ള കമ്പം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്ഥിരമായി മോട്ടോര്‍ ബൈക്കുകള്‍ ഓടിച്ചിരുന്നയാളാണ് തകൈച്ചി. ഹെവി മെറ്റല്‍ ബാന്‍ഡില്‍ ഡ്രംസ് വായിച്ചിരുന്ന ചരിത്രവും തകൈച്ചിക്കുണ്ട്. നിരവധി സ്റ്റിക്കുകളുമായാണ് തകൈച്ചി സ്റ്റേജിലെത്തിയിരുന്നത്. എല്ലാ മറന്നുള്ള ഡ്രമ്മിങ്ങിനിടെ സ്റ്റിക്കുകള്‍ പൊട്ടിപ്പോവുന്നതിനാലാണ് തകൈച്ചി ഏറെ സ്റ്റിക്കുകളുമായി എത്തിയിരുന്നത്. ഇത് അവരെ സ്റ്റേജിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി. രാഷ്ട്രീയത്തിലെത്തുന്നതിന് മുന്‍പ് ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂബ ഡൈവിങ്ങാണ് തകൈച്ചിയുടെ മറ്റൊരു വിനോദം. മാര്‍ഗരറ്റ് താച്ചറെ ഗുരുവായി പിന്തുടരുന്ന തന്റെ ജീവിതലക്ഷ്യം ജപ്പാന്റെ ഉരുക്കുവനിതയായി അറിയപ്പെടണം എന്നാണെന്ന് തകൈച്ചി നിരവധി വേദികളില്‍ പറഞ്ഞിട്ടുണ്ട്.
1993ല്‍ ജന്മനാടായ നാരയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജപ്പാന്റെ പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് തകൈച്ചിയുടെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. 1996-ല്‍ എല്‍ഡിപിയില്‍ ചേര്‍ന്നു. സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് പാര്‍ട്ടിയുടെ വിശ്വസ്തയായി തുടര്‍ന്നു. അതുകൊണ്ടുതന്നെ പദവികളും സ്ഥാനമാനങ്ങളും തകൈച്ചിയെ തേടി വന്നുകൊണ്ടിരുന്നു. ആഭ്യന്തരം, കമ്മ്യൂണിക്കേഷന്‍, സാമ്പത്തിക സുരക്ഷ, ലിംഗസമത്വം തുടങ്ങി നിരവധി മന്ത്രിസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ അവര്‍ വഹിച്ചിട്ടുണ്ട്. മാര്‍ഗരറ്റ് താച്ചറെ തന്റെ മാതൃകയായി കാണുന്ന തകൈച്ചി, ഘഉജയുടെ കടുത്ത യാഥാസ്ഥിതിക പക്ഷത്താണ് നിലയുറപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള പദവികള്‍ വഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ യാഥാസ്ഥിതിക സ്വഭാവം അവര്‍ നയങ്ങളില്‍ പ്രകടിപ്പിച്ചുവെന്ന വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.
2023ല്‍ എല്‍ഡിപി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ തകൈച്ചി പരാജയപ്പെട്ടിരുന്നു. നിലവിലെ പ്രധാനമന്ത്രിയായ ഷിഗേരു ഇഷിബയോടായിരുന്നു പരാജയം. എന്നാല്‍, രണ്ട് വര്‍ഷത്തിനുശേഷം, ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ തകൈച്ചി വിജയം കണ്ടു. സാമ്പത്തിക വീണ്ടെടുപ്പ്, കര്‍ശന കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയതാണ് തകൈച്ചിയെ വിജയത്തിലേക്കെത്തിച്ചത്. സാമ്പത്തിക ഉത്തേജനം, അണുസംയോജനത്തെക്കുറിച്ചുള്ള ഗവേഷണം, മെച്ചപ്പെട്ട പ്രതിരോധ, സൈബര്‍ സുരക്ഷ തുടങ്ങിയ വാഗ്ദാനങ്ങള്‍ തകൈച്ചിയുടെ പ്രകടന പത്രികയിലുണ്ടായിരുന്നു. പ്രധാനമന്ത്രിയായ ഇഷിബയുടെ കീഴിലെ തിരഞ്ഞെടുപ്പ് പരാജയങ്ങളേയും സാമ്പത്തിക അസ്ഥിരതകളേയും ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ അസ്വസ്ഥത ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തകൈച്ചിയുടെ വിജയം.