അസിം മുനീര്‍ ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്; ഇമ്രാന്‍ ഖാന്‍ അയല്‍ രാജ്യവുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചപ്പോള്‍, പാക്ക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് ഇമ്രാന്‍ ഖാന്റെ സഹോദരി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന ഇമ്രാന്‍ ഖാന്‍ അയല്‍രാജ്യവുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ പാക്ക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് അലീമ പറഞ്ഞു.
''അസിം മുനീര്‍ തീവ്ര ഇസ്ലാമിസ്റ്റും യാഥാസ്ഥിതികനുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായുള്ള യുദ്ധം ആഗ്രഹിക്കുന്നത്. ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം, ഇന്ത്യയുമായും ബിജെപിയുമായും പോലും സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നു. അസിം മുനീര്‍ ഉള്ളപ്പോഴെല്ലാം, ഇന്ത്യയുമായി യുദ്ധം ഉണ്ടാകും. ഇന്ത്യ മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളും ഇതില്‍ ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്'' അലീമ ഖാന്‍ പറഞ്ഞു. ഇമ്രാന്‍ ഖാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് പാശ്ചാത്യ ലോകത്തോട് അലീമ അഭ്യര്‍ഥിച്ചു.
പാക് സൈനിക മേധാവി അസിം മുനീര്‍ ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ് ആണെന്ന് അലീമ ഖാന്‍ പറഞ്ഞു. ഇമ്രാന്‍ ഖാന്‍ അയല്‍ രാജ്യവുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുമ്പോള്‍, അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അലീമ പറഞ്ഞു. സ്‌കൈ ന്യൂസിലെ 'ദി വേള്‍ഡ് വിത്ത് യല്‍ദ ഹക്കിം' എന്ന പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാനിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് (CDF) ആയ അസിം മുനീറിനെ 'റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്' എന്നും 'ഇസ്ലാമിക് കണ്‍സര്‍വേറ്റീവ്' എന്നുമാണ് അഭിമുഖത്തില്‍ അലീമ വിശേഷിപ്പിച്ചത്. മേയില്‍ ഇന്ത്യയുമായുണ്ടായ യുദ്ധത്തെക്കുറിച്ചുള്ള കാരണം ചോദിച്ചപ്പോഴായിരുന്നു അലീമയുടെ ഈ രൂക്ഷമായ പ്രതികരണം.
'അസിം മുനീര്‍ വളരെ റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റും ഇസ്ലാമിക് കണ്‍സര്‍വേറ്റീവുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഇസ്ലാമിക റാഡിക്കലൈസേഷനും യാഥാസ്ഥിതികത്വവും ഇസ്ലാം മതത്തില്‍ വിശ്വസിക്കാത്തവരോട് പോരാടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു.' അലീമ പറഞ്ഞു.
അതേസമയം, തന്റെ സഹോദരന്‍ ഇമ്രാന്‍ ഖാനെ 'ശുദ്ധ ലിബറല്‍' എന്നാണ് അലീമ വിശേഷിപ്പിച്ചത്. 'ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നപ്പോള്‍, അദ്ദേഹം ഇന്ത്യയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചിരുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ബിജെപിയുമായി പോലും ഇമ്രാന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ റാഡിക്കല്‍ ഇസ്ലാമിസ്റ്റ്, അസിം മുനീര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയുമായി മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളുമായി പോലും യുദ്ധമുണ്ടാകുന്നതായിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.' അലീമ കുറ്റപ്പെടുത്തി.
ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന് ഒരു മുതല്‍ക്കൂട്ടാണ് എന്ന് വിശേഷിപ്പിച്ച അലീമ, അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചു. ഒന്നിലധികം കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ് പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് (PTI) സ്ഥാപകനും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍.
റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലാല അഡിയാല ജയിലിലാണ് അദ്ദേഹം ഇപ്പോള്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു മാസമായി ഇമ്രാന്‍ ഖാനെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ജയിലില്‍ മരണപ്പെട്ടതായുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച, അദ്ദേഹത്തിന്റെ സഹോദരിമാരില്‍ ഒരാളായ ഡോ. ഉസ്മ ഖാന് ഇമ്രാനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിച്ചു.
അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തെത്തിയ ഉസ്മ ഖാന്‍, തന്റെ സഹോദരന്‍ ജയിലിനുള്ളില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ് എന്നാണ് പറഞ്ഞത്. 'അദ്ദേഹം സുഖമായിരിക്കുന്നു. എന്നാല്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ദേഷ്യമുണ്ടായിരുന്നു. അദ്ദേഹത്തെ ദിവസം മുഴുവന്‍ സെല്ലില്‍ പൂട്ടിയിരിക്കുകയാണ്. കുറച്ച് സമയത്തേക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. മാത്രമല്ല, മറ്റൊരാളുമായി സംസാരിക്കാനും അനുവദിക്കുന്നില്ല.' സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഡോ. ഉസ്മ ഖാന്‍ പറഞ്ഞു. ഇരുപതു മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടത്. തന്നെ തടവിലാക്കിയതിനും പീഡിപ്പിക്കുന്നതിനും പിന്നില്‍ അസിം മുനീറാണെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചതായും ഉസ്മ പറഞ്ഞിരുന്നു.
