ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് ഒരു പ്രത്യേക സാഹചര്യത്തില്‍; ബംഗ്ലാദേശിലേക്കുള്ള മടക്കത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്; ഇന്ത്യയിലെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമെന്ന് എസ്. ജയശങ്കര്‍
ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ താമസം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സാഹചര്യങ്ങളാണ് ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയില്‍ എത്തിച്ചത്. മടക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍തീരുമാനമെടുക്കേണ്ടത് ഹസീനയാണെന്നും അതാണ് ഇന്ത്യയുടെ നയമെന്നും ശനിയാഴ്ച ജയശങ്കര്‍ പറഞ്ഞു.
ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് 78-കാരിയായ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അക്രമത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് തന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളുമായി ബന്ധപ്പെട്ട് 'മനുഷ്യരാശിക്ക് എതിരായ കുറ്റങ്ങള്‍ക്ക്' ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കഴിഞ്ഞ മാസം ഹസീനയ്ക്ക് വിചാരണ കൂടാതെ വധശിക്ഷ വിധിച്ചിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം നിയോഗിച്ച അന്താരാഷ്ട്ര ക്രൈം ട്രിബ്യൂണലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്.
യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യാനായി രൂപീകരിച്ച ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണലില്‍ ഇടക്കാല സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയശേഷമായിരുന്നു ഹസീനയുടെ അസാന്നിധ്യത്തില്‍ ഒരു മാസം നീണ്ട വിചാരണ. സമരക്കാരെ നിര്‍ദയം അടിച്ചമര്‍ത്തണമെന്നു ഹസീന നേരിട്ട് നിര്‍ദേശം നല്‍കിയതിനു തെളിവുകളുണ്ടെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. അന്നത്തെ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മമൂനിനെ 5 വര്‍ഷം തടവിനും ശിക്ഷിച്ചു. വിചാരണയ്ക്കിടെ മാപ്പുസാക്ഷിയായതോടെയാണ് വധശിക്ഷയില്‍നിന്ന് ഇദ്ദേഹത്തിന് ഇളവു ലഭിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം ജൂലൈ 15നും ഓഗസ്റ്റ് 5നുമിടയില്‍ നടന്ന കലാപത്തില്‍ ബംഗ്ലദേശില്‍ 1400 പേരാണു കൊല്ലപ്പെട്ടത്.
ഫെബ്രുവരിയില്‍ ബംഗ്ലദേശില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു നടത്താനിരിക്കെയാണു ഹസീനയ്‌ക്കെതിരെ നാടകീയമായ കോടതിവിധി വന്നത്. ഹസീനയുടെ കക്ഷിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. ട്രൈബ്യൂണല്‍ വിധിവന്ന ശേഷം ഷെയ്ഖ് ഹസീനയുടെ പിതാവും രാജ്യത്തിന്റെ സ്ഥാപകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ധാക്കയിലെ വസതിക്കു നേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. ഷെയ്ഖ് ഹസീനയെയും അസദുസ്സമാന്‍ ഖാന്‍ കമാലിനെയും കൈമാറണമെന്നും ബംഗ്ലദേശ് ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് ഹസീനയെ തങ്ങള്‍ക്ക് കൈമാറണം എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. എന്നാല്‍, കരാര്‍ വ്യവസ്ഥയിലെ ആറാം അനുച്ഛേദത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി, രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്തരം കൈമാറ്റം വേണ്ടതില്ല എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
എച്ച്.ടി. ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ എന്‍ഡിടിവിയോട് സംസാരിക്കവെയാണ് ജയശങ്കര്‍, ഹസീനയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. 'അവര്‍ എത്രകാലം വേണമെങ്കിലും ഇന്ത്യയില്‍ താമസിക്കുന്നതിന് സ്വാഗതം ചെയ്യുമോ' എന്ന ചോദ്യത്തിന്, 'അത് വേറെ വിഷയമാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഹസീന ഇവിടെ എത്തിയത്. ആ സാഹചര്യം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹസീനയാണ്.' ജയശങ്കര്‍ പറഞ്ഞു.
അയല്‍രാജ്യത്ത് വിശ്വാസ്യതയുള്ള ഒരു ജനാധിപത്യ സംവിധാനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നതാണ് ഇന്ത്യയുടെ നിലപാട് എന്ന് ജയശങ്കര്‍ ഊന്നിപ്പറഞ്ഞു. 'ബംഗ്ലാദേശില്‍ ഇപ്പോള്‍ അധികാരത്തില്‍ ഉള്ളവര്‍ക്ക്, കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടന്നത് എന്നതുസംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് നമുക്ക് കിട്ടുന്ന വിവരം. അങ്ങനെയെങ്കില്‍, രാജ്യത്ത് നിഷ്പക്ഷമായ ഒരു തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അവര്‍ ആദ്യം ചെയ്യേണ്ട കാര്യം.' ജയശങ്കര്‍ പറഞ്ഞു.
ദ്വികക്ഷി ബന്ധങ്ങളുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് ജയശങ്കര്‍ തന്റെ പ്രസ്താവന അവസാനിപ്പിച്ചു, അയല്‍രാജ്യത്തോടുള്ള ഇന്ത്യയുടെ ജനാധിപത്യപരമായ മുന്‍ഗണന ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു, 'ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ബംഗ്ലാദേശിന് നല്ലത് വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു ജനാധ്യപത്യ രാഷ്ട്രമെന്ന നിലയില്‍ നിന്നുകൊണ്ടാണ് ബംഗ്ലാദേശിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കുന്നത്. ജനാധിപത്യ പ്രക്രിയയിലൂടെ, ജനങ്ങളുടെ ഇഷ്ടംപോലെ ഒരു രാജ്യം നിലനില്‍ക്കണമെന്നേ ഏതൊരു ജനാധിപത്യ രാജ്യവും മറ്റൊരു രാജ്യത്തെക്കുറിച്ച് ചിന്തിക്കൂ.' അദ്ദേഹം പറഞ്ഞു.
'ജനാധിപത്യ പ്രക്രിയയില്‍ നിന്ന് വരുന്ന ഏത് തീരുമാനത്തിനും സന്തുലിതവും വിവേകപൂര്‍ണ്ണവുമായ കാഴ്ചപ്പാട് ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ജയശങ്കര്‍ ആത്മവിശ്വാസം പങ്കുവെച്ചു.
