പിആറിന് പത്ത് വര്‍ഷം... കഴിവുള്ള കുടിയേറ്റക്കാര്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറി തുടങ്ങി... ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് വമ്പന്‍ പ്രതിസന്ധി; നാട് വിടുന്നവരില്‍ മുന്‍പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാര്‍; കഴിഞ്ഞ വര്‍ഷം യുകെ വിട്ടത് 74000 ഇന്ത്യന്‍ പൗരന്മാര്‍

Update: 2025-12-09 06:08 GMT

ലണ്ടന്‍: വര്‍ക്കര്‍ വിസയില്‍ എത്തുന്ന വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള ഐ എല്‍ ആര്‍ ലഭിക്കുന്നതിനുള്ള കാലാവധി 5 വര്‍ഷത്തില്‍ നിന്നും 10 വര്‍ഷമാക്കുന്നത് ബ്രിട്ടനില്‍ തൊഴില്‍ നൈപുണ്യമുള്ള തൊഴിലാളികളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന് നിയമ സ്ഥാപനമായ മൈഗ്രേറ്റ് യു കെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 95 സ്ഥാപനങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ എട്ടുപേരും പറഞ്ഞത് 10 വര്‍ഷ സെറ്റില്‍മെന്റ് റൂട്ട് വിദേശത്തു നിന്നും തൊഴില്‍ നൈപുണ്യമുള്ളവരെ ആകര്‍ഷിക്കാന്‍ തടസ്സമാകും എന്നാണ്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍, പല സ്ഥാപനങ്ങളിലും തൊഴിലാളികളെ പിടിച്ചു നിര്‍ത്താന്‍ പ്രയാസകരമാകും എന്ന് 92 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

ഇതിനോടകം തന്നെ തൊഴില്‍ നൈപുണ്യമുള്ള പല തൊഴിലാളികളും അമേരിക്കയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും കുടിയേറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 85 ശതമാനം പേരും പറയുന്നത് അഞ്ച് വര്‍ഷ റൂട്ട് വിദേശ റിക്രൂട്ട്‌മെന്റുകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒന്നാണെന്നാണ്. ഈ റൂട്ടും ഐ എല്‍ ആറുമായുള്ള ബന്ധമാണ് പല വിദേശ തൊഴിലാളികളെയും ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുന്നതെന്ന് 65 ശതമാനം പേര്‍ പറയുന്നു.

ഇത്തരത്തില്‍ പലരും നാട് വിട്ടതോടെയാണ് നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഇടിഞ്ഞത്. 2023 നെ അപേക്ഷിച്ച് 2024 ല്‍ നെറ്റ് മൈഗ്രേഷനില്‍ 80 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. ഇത്തരത്തില്‍ നാടു വിട്ട് പോകുന്നവരില്‍ ഏറെയും ഇന്ത്യാക്കാരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്റ്റുഡന്റ് വിസയിലെത്തിയ 45,000 പേരും വര്‍ക്ക് വിസയില്‍ എത്തിയ 22,000 പേരും, മറ്റ് വിസകളിലായി എത്തിയ 7,000 പേരുമാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ വിട്ടത്. 42,000 പൗരന്മാര്‍ ബ്രിട്ടന്‍ വിട്ട് ചൈനയാണ് ഇക്കാര്യത്തില്‍ രണ്ടാമത്. ബ്രിട്ടന്‍ വിട്ടു പോകുന്നതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പോകുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യം ഇന്ത്യയാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളും വ്യക്തമാക്കുന്നു.

അതേസമയം, വിവിധ വിസകളിലായി ബ്രിട്ടനിലേക്കെത്തുന്ന വിദേശൈകളുടെ എണ്ണത്തിലും ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. സ്റ്റഡി വിസയില്‍ 90,000 പേരും വര്‍ക്ക് വിസയില്‍ 46,000 പേരുമാണ് കഴിഞ്ഞവര്‍ഷം ഇവിടെയെത്തിയത്.

Similar News