ഏത് നിമിഷവും റഷ്യ അക്രമിച്ചേക്കാം; യുദ്ധ സന്നാഹമൊരുക്കി യൂറോപ്യന്‍ രാജ്യങ്ങള്‍; നാറ്റോ യുദ്ധ തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴും കൂസാതെ എങ്ങനെയും യുക്രൈനെ ബലികൊടുത്ത് തലയൂരാന്‍ ട്രംപ്: തകര്‍ന്നടിയുമെന്ന ഭയന്ന് യൂറോപ്യന്‍ നഗരങ്ങള്‍ യുദ്ധഭീതിയില്‍

Update: 2025-12-12 00:41 GMT

ലണ്ടന്‍: റഷ്യയുമായുള്ള യുദ്ധം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു എന്ന മുന്നറിയിപ്പ് നല്‍കിയ നാറ്റോ ചീഫ് മാര്‍ക്ക് റുട്ടെ, ഒരു പ്രതിരോധത്തിന് തയ്യാറെടുക്കാന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ തങ്ങളുടെ മാതാപിതാക്കളും അവരുടെ മുന്‍ തലമുറയും അഭിമുഖീകരിച്ച രീതിയിലുള്ള വലിയ വെല്ലുവിളി അഭിമുഖീകരിക്കെണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. വ്യാഴാഴ്ച ബെര്‍ലിനില്‍ സംസാരിക്കവെ റുട്ടെ പറഞ്ഞത് മിക്ക നാറ്റോ അംഗങ്ങളും റഷ്യയില്‍ നിന്നുള്ള ഭീഷണി അവഗണിക്കുകയാണെന്നാണ്.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഉടന്‍ തന്നെ പ്രതിരോധ മേഖലയിലെ ചെലവ് വര്‍ദ്ധിപ്പിക്കണമെന്നും, വ്‌ളാഡിമിര്‍ പുടിനെ പിന്തിരിപ്പിക്കുന്നതിനായി ആയുധ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ അടുത്ത ലക്ഷ്യം യൂറോപ്പ് ആയിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാലം യൂറോപ്പിനൊപ്പമാണെന്ന് പലരും ചിന്തിക്കുന്നുണ്ടെങ്കിലും സത്യം അതല്ലെന്നും റുട്ടെ പറഞ്ഞു. പ്രവര്‍ത്തന നിരതരാകാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ റഷ്യ നാറ്റോയ്ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉടനടി പ്രതിരോധ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടില്‍ ഭൂഖണ്ഡത്തെ നാശത്തിലേക്ക് നയിച്ച ഒരു യുദ്ധകാലത്തിന്റെ ആവര്‍ത്തനമാകും യൂറോപ്പിന് അഭിമുഖീകരിക്കേണ്ടി വരിക എന്നും അദ്ദേഹം പറഞ്ഞു. റഷ്യ - യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍, യുക്രെയിന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ക്ക് പിന്തുണ നല്‍കുന്ന 30 ഓളം രാജ്യങ്ങളുമായി ഒരു അടിയന്തിര ചര്‍ച്ചയ്ക്കായി വൊളോഡിമിര്‍ സെലെന്‍സ്‌കി ഒരുങ്ങുന്നതിനിടയിലാണ് നാറ്റോ മേധാവിയുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത്.

ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയവരുടെ പ്രതിനിധികളും യുക്രെയിന്റെ സുഹൃത് രാജ്യങ്ങളുടെ യോഗത്തില്‍ വീഡിയോ ലിങ്ക് വഴി പങ്കെടുക്കുമെന്നാണ് കരുതുന്നത്. പെട്ടെന്നൊരു പരിഹാരമുണ്ടാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിനിടയില്‍ പെട്ട് സമ്മര്‍ദ്ദം അനുഭവിക്കാതിരിക്കാനാണ് സെലെന്‍സ്‌കി ഇത്തരത്തില്‍ ഒരു അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സ്വന്തം സുരക്ഷതന്നെ അപകടത്തിലായിരിക്കുകയാണെന്ന വാദം ഉയര്‍ത്തി യൂറോപ്യന്‍ രാഷ്ട്രങ്ങളും ഈ സമാധാന ശ്രമത്തിന് പിന്തുണ നല്‍കുന്നുണ്ട്.

കൂടുതല്‍ കര്‍ശനമായ നിബന്ധനകളോടെ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ താനും യൂറോപ്യന്‍ നേതാക്കളുമായി നിരവധി തവണ ഫോണിലൂടെ ചര്‍ച്ച ചെയ്തതായി ട്രംപ് കഴിഞ്ഞ ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. എന്നാല്‍, സെലെന്‍സ്‌കി കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ന്‍ പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇത്തരമൊരു മറുപടി നല്‍കിയത്. എന്നാല്‍, അതില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയതുമില്ല.

അതേസമയം, സമാധാനത്തിനുള്ള ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമം അദ്ദേഹം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ അദ്ദേഹം ഏറേ അസ്വസ്ഥനാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

Tags:    

Similar News