വിസിറ്റിംഗ് വിസ അടക്കം എല്ലാ വിസകളും ഇനി ഇ-വിസ.. യുകെ വിസക്ക് ഓണ്‍ലൈന്‍ രേഖ മാത്രം; ഇരട്ട പൗരത്വം ഉള്ളവര്‍ ഇനി വിദേശ പാസ്സ്‌പോര്‍ട്ടുമായി യുകെയില്‍ എത്തരുത്.. ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധം
ബ്രിട്ടന്‍ സന്ദര്‍ശിക്കുവാന്‍ വിസ ആവശ്യമുള്ള സന്ദര്‍ശകര്‍ക്ക് ഈ വര്‍ഷം ഫെബ്രുവരി 25 മുതല്‍ ഫിസിക്കല്‍ രേഖകള്‍ ലഭിക്കുകയില്ല. യു കെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അതിനു പകരമായി ഇലക്ട്രോണിക് വിസ അല്ലെങ്കില്‍ ഇ വിസ ആയിരിക്കും നല്‍കുക എന്നാണ് യു കെ വി ഐയുടെ ഔദ്യോഗിക ഹാന്‍ഡിലിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനായി യാത്രയ്ക്ക് മുന്‍പ് ഒരു യു കെ വി ഐ അക്കൗണ്ട് തുറക്കുകയും വേണം.
സന്ദര്‍ശകരുടേ ഐഡന്റിറ്റി, ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്നിവ തെളിയിക്കുന്നതിനുള്ള ഡിജിറ്റല്‍ രേഖയായിരിക്കും ഇ-വിസ. അതുപോലെ എല്ലാ ഫിസിക്കല്‍ ഇമിഗ്രേഷന്‍ രേഖകള്‍ക്കും ബദല്‍ ആയിട്ടാകും ഇലക്ട്രോണിക് വിസ നിലവില്‍ വരിക. ബയോമെട്രിക് റെസിഡന്‍സ് കാര്‍ഡുകള്‍ (ബി ആര്‍ സി), പാസ്സ്‌പോര്‍ട്ടിലെ സ്റ്റാമ്പുകള്‍ സ്റ്റിക്കറുകള്‍ എന്നിവയൊന്നും ഇനിയുണ്ടാകില്ല. എല്ലാത്തിനും പകരമായിരിക്കും പുതിയ ഡിജിറ്റല്‍ വിസ.
വിസ നല്‍കിയാല്‍ അധികം വൈകാതെ സന്ദര്‍ശകന് ഒരു ഷെയര്‍ കോഡ് ലഭിക്കും. നിങ്ങളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിന് ഇതാണ് ഉപയോഗിക്കേണ്ടത്. പുതിയ ജോലി ലഭിക്കുമ്പോഴോ, വീട് വാടകയ്ക്ക് എടുക്കുമ്പോഴോ ഒക്കെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കുന്നതിനുള്ള രേഖയായി ഇത് ഉപയോഗിക്കാം. മാത്രമല്ല, പാസ്സ്‌പോര്‍ട്ട് അല്ലെങ്കില്‍ ട്രാവല്‍ ഡോക്യുമെന്റുകള്‍ ഇതില്‍ ചേര്‍ത്ത് യാത്രാ രേഖയായും ഉപയോഗിക്കാം.
ഇരട്ടപൗരത്വമുള്ളവര്‍ക്ക് ബിട്ടന്‍ സന്ദര്‍ശിക്കാന്‍ ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധം
വരുന്ന ഫെബ്രുവരി 25 ന് പുതിയ യാത്രാ നിയമങ്ങള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി, ബ്രിട്ടീഷ് പരത്വത്തോടൊപ്പം മറ്റൊരു രാജ്യത്തിന്റെ പൗരത്വം കൂടിയുള്ളവര്‍, ബ്രിട്ടനിലേക്ക് യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് തന്നെ ഉപയോഗിക്കേണ്ടതായി വരും. ബ്രിട്ടനില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അവരുടെ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ടോ ഒരു എന്‍ടൈറ്റില്‍മെന്റ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതായി വരും. ബ്രിട്ടീഷ് - ഐറിഷ് ഇരട്ട പൗരത്വമുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ വിദേശ യാത്ര ചെയ്യുമ്പോള്‍ ഇത് ബാധകമായിരിക്കും.
ഹോം ഓഫീസിന്റെ പുതിയ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇ ടി എ) പദ്ധതിയുടെ ഭാഗമാണിത്. എങ്കിലും, ഇ ടി എ യില്‍ നിന്നും ബ്രിട്ടീഷ് - ഐറിഷ് പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് കരസ്ഥമാക്കാന്‍ ഇപ്പോള്‍ 94.50 പൗണ്ടാണ് ചെലവ് വരിക. എന്‍ടൈറ്റില്‍മെന്റ് സര്‍ട്ടിഫിക്കറ്റിനാണെങ്കില്‍ 589 പൗണ്ട് നല്‍കേണ്ടി വരും. നേരത്തെ ഇരട്ടപൗരത്വമുള്ളവര്‍ക്ക് അവരുടെ വിദേശ രാജ്യത്തെ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ചും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാമായിരുന്നു. മറ്റ് പല രേഖകളും സമര്‍പ്പിച്ച് ബ്രിട്ടീഷ് പൗരത്വം തെളിയിക്കാനും കഴിയുമായിരുന്നു.
പുതിയ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചു
വിദേശ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍, സോഷ്യല്‍ കെയര്‍ പോലുള്ള അതിപ്രധാന മേഖലകളില്‍ വേതന വര്‍ദ്ധനവും മറ്റ് സൗകര്യങ്ങളും നടപ്പിലാക്കണമെന്ന് വാദിക്കുന്ന, ലേബര്‍ അനുഭാവിയായ വിപണി വിദഗ്ധനെ റെയ്ച്ചല്‍ റീവ്‌സ് തന്റെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. നിലവില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ (എം എ സി) ചെയര്‍പേഴ്‌സണ്‍ ആയ പ്രൊഫസര്‍ ബ്രിയാന്‍ ബെല്ലിനെയാണ് ചാന്‍സലറുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. സിവില്‍ സര്‍വീസിലെ ഒരു മുതിര്‍ന്ന പദവിയാണിത്.
നെറ്റ് മൈഗ്രേഷന്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ സുപ്രധാന പദവി ഏറ്റെടുക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ വീണ്ടും കുറഞ്ഞ സീറോ നെറ്റ് മൈഗ്രേഷനിലേക്കെത്തുമെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിട്ടുണ്ടെങ്കിലും ബെല്‍ അക്കാര്യം നിരാകരിക്കുകയാണ്. ഈ പതിറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും പ്രതിവര്‍ഷം 3 ലക്ഷം എന്ന നിലയിലേക്ക് നെറ്റ് മൈഗ്രേഷന്‍ എത്തുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ചില മേഖലകളില്‍ വിദഗ്ധരുടെ ക്ഷാമം അനുഭവപ്പെടുന്നത് തദ്ദേശീയര്‍ക്ക് മതിയായ വേതനവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്നായിരുന്നു എം എ സിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹം നിരീക്ഷിച്ചത്.
കുടിയേറ്റം കുറച്ചുകൊണ്ടുവരുന്നതിനായി തദ്ദേശീയമായി തന്നെ തൊഴില്‍ നൈപുണി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ സ്‌കില്‍ പോളിസിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. വിദ്ഗ്ധരായവര്‍ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് വേതനം കുറവായതിനാലാണ് മിക്ക മേഖലകളിലും ആവശ്യത്തിന് തദ്ദേശീയരെ ലഭിക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
