അമ്മാവനെ വെടിവെച്ചു കൊന്നു, സഹോദരനെ വിഷം കൊടുത്തു തീര്‍ത്തു; കിം കുടുംബത്തില്‍ വീണ്ടും ചോരപ്പുഴ ഒഴുകുമോ? അധികാര പോരാട്ടം സഹോദരിയും മകളും തമ്മില്‍? കിം ജോങ് ഉന്നിന്റെ പിന്‍ഗാമി ആരാകും? 'വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസി'ലേക്ക് ഉറ്റുനോക്കി ഉത്തരകൊറിയ

Update: 2026-02-18 05:36 GMT

പ്യോങ്‌യാങ്: ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ തന്റെ മകളെ പിന്‍ഗാമിയായി തിരഞ്ഞെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. കിം ജോങ് ഉന്നിന്റെ മകളായ കിം ജൂ എ ആണ് അടുത്ത ഭരണാധികാരിയാകാന്‍ ഒരുങ്ങുന്നത്. ഏകദേശം 13 വയസ്സുള്ള കിം ജൂ എയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിം ജോങ് ഉന്നിന്റെ സഹോദരിയും മകളും തമ്മില്‍ ഉത്തര കൊറിയയുടെ ഭാവി ഭരണം സംബന്ധിച്ച് രൂക്ഷമായ അധികാര പോരാട്ടം നടക്കാന്‍ സാധ്യതയുണ്ടെന്നും, ഇത് കുടുംബാംഗങ്ങളുടെ വധശിക്ഷയിലേക്ക് വരെ നയിച്ചേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കിം കുടുംബത്തിന്റെ നാലാം തലമുറയിലേക്ക് അധികാരം വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കിം ജു ഏയെ പിന്‍ഗാമിയായി പരിഗണിക്കുന്നതെന്നാണ് വിവരം. എന്നാല്‍, ഈ നീക്കങ്ങള്‍ക്ക് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ ഭാഗത്തുനിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും, കിം ജോങ് ഉന്‍ മരിക്കുകയോ ഭരണം നടത്താന്‍ കഴിയാത്ത അവസ്ഥയിലാകുകയോ ചെയ്താല്‍ കിം യോ ജോങ് അധികാരം പിടിച്ചെടുക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

38 വയസ്സുകാരിയായ കിം യോ ജോങ് ഭരണകക്ഷിയുടെ പ്രചാരണ വിഭാഗത്തിലെ പ്രധാന നേതാവാണ്. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ ഏറെ ബഹുമാനം നേടിയ ഇവര്‍, സഹോദരന്‍ കിം ജോങ് ഉന്നിന് ശേഷം ഉത്തര കൊറിയയിലെ ഏറ്റവും ശക്തയായ വ്യക്തിയായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. 2020-ല്‍ കിം ജോങ് ഉന്നിന് അസുഖം ബാധിച്ചപ്പോള്‍, ഭരണപരമായ പല നിര്‍ണായക തീരുമാനങ്ങളും ഇവര്‍ കൈക്കൊണ്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദീര്‍ഘകാലത്തെ രാഷ്ട്രീയ പരിചയസമ്പത്തും പാര്‍ട്ടിയിലുള്ള സ്വാധീനവും കാരണം, കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയായി ഇവരെയായിരുന്നു ദീര്‍ഘകാലം കണ്ടിരുന്നത്.

2020-ല്‍ കിം ജോങ് ഉന്‍ രോഗബാധിതനായിരുന്ന സമയത്ത് അദ്ദേഹത്തിന് വേണ്ടി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തിരുന്നത് സഹോദരി കിം യോ ജോങ് ആണെന്ന് അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനപരിചയവും ഉത്തരകൊറിയന്‍ രാഷ്ട്രീയത്തിലുള്ള അഗാധമായ സ്വാധീനവും കാരണം, ദീര്‍ഘകാലമായി കിമ്മിന്റെ പിന്‍ഗാമിയായി കരുതിയിരുന്നത് സഹോദരിയെയായിരുന്നു. എന്നാല്‍, മുന്‍പ് കിം ജോങ് ഉന്നിനെ പിതാവായ കിം ജോങ് ഇല്‍ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൊതുവേദികളില്‍ കൊണ്ടുവന്നതുപോലെ, ഇപ്പോള്‍ മകള്‍ കിം ജൂ എയെയും നിരന്തരം പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നുണ്ട്. ഇത് മകളെ പിന്‍ഗാമിയായി പ്രഖ്യാപിക്കാനുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.

എങ്കിലും, ഒരു കൗമാരക്കാരി എന്ന നിലയില്‍ ഭരണപരമായ കാര്യങ്ങളില്‍ കിം ജു ഏയ്ക്ക് ആവശ്യമായ പരിചയസമ്പത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിം യോ ജോങ്ങിന്റെ കടുത്ത സ്വഭാവവും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ 2013-ല്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തിയതും കണക്കിലെടുക്കുമ്പോള്‍, ഇരുവര്‍ക്കുമിടയിലുള്ള അധികാര പോരാട്ടം രൂക്ഷമായേക്കാം.

കൊറിയ യൂണിവേഴ്സിറ്റിയിലെ ലക്ചററും റഷ്യന്‍-ദക്ഷിണ കൊറിയന്‍ ചരിത്രകാരനുമായ ഫിയോദര്‍ ടെര്‍ട്ടിറ്റ്സ്‌കി പറഞ്ഞത്, പിന്‍ഗാമിയുടെ കാര്യത്തില്‍ വ്യക്തതയില്ലാത്ത ഒരു സാഹചര്യം വന്നാല്‍ - ഉദാഹരണത്തിന്, ഒരു പിന്‍ഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് കിം ജോങ് ഉന്‍ മരിക്കുകയാണെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ രക്തരൂഷിതമായിരിക്കും എന്നാണ്.

തോല്‍ക്കുന്ന പക്ഷം അതിക്രൂരമായി അടിച്ചമര്‍ത്തപ്പെടും. അതിന്റെ അര്‍ത്ഥം ലേബര്‍ ക്യാമ്പുകളും വധശിക്ഷകളുമാണ്. ചിലപ്പോള്‍ പരസ്യമായ വധശിക്ഷകളോ ബന്ധുക്കള്‍ക്കുള്ള ശിക്ഷകളോ വരെ ഉണ്ടായേക്കാം. ഉത്തരകൊറിയ എന്നത് അതീവ ക്രൂരവും പൈശാചികവുമായ ഒരിടമാണെന്ന് അദ്ദേഹം പറയുന്നു. മറ്റ് വിദഗ്ധരും സമാനമായ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്.

ഉത്തരകൊറിയന്‍ ചരിത്രത്തില്‍ നിന്ന് നമ്മള്‍ പഠിച്ച ഒരു കാര്യം, നിങ്ങള്‍ എത്ര വലിയ കിം കുടുംബാംഗമാണെങ്കിലും അവിടെ ആരും സുരക്ഷിതരല്ല എന്നതാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഉത്തരകൊറിയന്‍ വിദഗ്ധനായ ഡോ. എഡ്വേര്‍ഡ് ഹോവലും പറയുന്നു

കിം കുടുംബത്തിലെ മുന്‍ ഭരണാധികാരികള്‍ അധികാരം ഏറ്റെടുത്ത ഉടന്‍ തന്നെ അടുത്ത ബന്ധുക്കളെ വധിച്ച നിരവധി സംഭവങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2011-ല്‍ അധികാരം ഏറ്റെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം, തന്റെ അമ്മാവനും ഉപദേശകനുമായിരുന്ന ജാങ് സോങ് തേക്കിനെ 'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍' ആരോപിച്ചാണ് കിം അറസ്റ്റ് ചെയ്യിപ്പിച്ചത്.

സ്ത്രീകളുമായുള്ള അവിഹിത ബന്ധങ്ങള്‍, 'നീതിന്യായ-നിയമപാലന സംവിധാനങ്ങള്‍ക്കുമേല്‍ പാര്‍ട്ടിക്കുള്ള നിയന്ത്രണം ദുര്‍ബലപ്പെടുത്തല്‍', 'രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ തടസ്സപ്പെടുത്തല്‍' തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. തുടര്‍ന്ന് 2013-ല്‍ ഫയറിംഗ് സ്‌ക്വാഡ് (വെടിവെച്ച് കൊല്ലുന്ന സംഘം) അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കി.

അതേസമയം, കിം ജോങ് ഉന്നിന്റെ മൂത്ത അര്‍ദ്ധസഹോദരന്‍ കിം ജോങ് നാം കിമ്മിന്റെ അപ്രീതിക്ക് പാത്രമാവുകയും, തുടര്‍ന്ന് 2017-ല്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് മുഖത്ത് 'വിഎക്‌സ് നെര്‍വ് ഏജന്റ്' (മാരകമായ രാസായുധം) പുരട്ടി വധിക്കപ്പെടുകയും ചെയ്തു. ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഈ കൊലപാതകം നടന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

1948-ല്‍ ഉത്തരകൊറിയ രൂപീകൃതമായത് മുതല്‍, അതിന്റെ ഭരണാധികാരികള്‍ കിം കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇത് ഒന്നുകില്‍ സമ്പൂര്‍ണ്ണ രാജവാഴ്ചയായോ അല്ലെങ്കില്‍ പാരമ്പര്യമായി കൈമാറിവരുന്ന ഏകാധിപത്യമായോ ആണ് കണക്കാക്കപ്പെടുന്നത്. കിം ജോങ് ഉന്നിനെ പരമാധികാരിയായി വാഴിക്കുന്നതിന് വെറും രണ്ട് വര്‍ഷം മുന്‍പ് മാത്രമാണ് പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ ആ പദവിയിലേക്ക് തയ്യാറെടുക്കാന്‍ അദ്ദേഹത്തിന് വളരെ കുറഞ്ഞ സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇത്ര ചെറിയ പ്രായത്തില്‍ത്തന്നെ കിം ജൂ എയെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹം ശ്രമിക്കുന്നതിന്റെ കാരണവും ഒരുപക്ഷേ ഇതാകാം. ഭരണകൂടത്തിന്റെ ഭാഗമായി ഏകാധിപത്യ ഭരണത്തിന്റെ തന്ത്രങ്ങള്‍ പഠിച്ച് വളരുകയാണെങ്കില്‍, ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ലെങ്കില്‍ പോലും ഭാവിയില്‍ അധികാരത്തിലേക്ക് ശക്തമായി വരാനുള്ള രാഷ്ട്രീയ സ്വാധീനം അവള്‍ക്ക് ലഭിച്ചേക്കാം.

അങ്ങനെയുണ്ടായാല്‍, ഉത്തരകൊറിയയെ ഒന്നടങ്കം വിഴുങ്ങുന്ന തരത്തിലുള്ള ഒരു വലിയ അധികാര വടംവലി തന്നെ നടന്നേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. 2022 നവംബറില്‍ നടന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണവേളയിലാണ് കിം ജു എ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അന്നുമുതല്‍ ആയുധ പരീക്ഷണങ്ങള്‍, സൈനിക പരേഡുകള്‍, ഫാക്ടറി ഉദ്ഘാടനങ്ങള്‍ തുടങ്ങി നിരവധി ചടങ്ങുകളില്‍ അവള്‍ പിതാവിനെ അനുഗമിക്കുന്നുണ്ട്.

കിം ജോങ് ഉന്‍ ഇതുവരെ ഔദ്യോഗികമായി ഒരു പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഫെബ്രുവരി അവസാനം നടക്കുന്ന 'വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസി'ലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തന്റെ പിന്‍ഗാമി ആരാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കിം ഈ വേദിയാകും ഉപയോഗിക്കുക.

Tags:    

Similar News