1989ല്‍ റുഹുള്ള ഖൊമേനിയുടെ മരണശേഷം അധികാരമേറ്റു; 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക്; പരമോന്നത നേതാവ് ഖമനയി കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചു; മകളും പേരക്കുട്ടിയും മരിച്ചു; ട്രംപിന്റെ അവകാശവാദം സത്യം; 'ഇമാം അലിയുടെ നാമത്തില്‍...' എന്ന പോസ്റ്റ് ഖമനയിയുടേതല്ല; ഇറാന്റെ രോഷം അണപൊട്ടുന്നു; ഗള്‍ഫ് കത്തുന്നു; ഇറാനില്‍ ദുഖാചരണം
ടെഹ്റാന്‍/വാഷിങ്ടണ്‍: ലോകത്തെ നടുക്കിക്കൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വിവരം ഇറാന്‍ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഖമനയി കൊല്ലപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ശരിയാണെന്ന് വ്യക്തമായതോടെ പശ്ചിമേഷ്യയില്‍ ഇറാന്റെ രോഷം അണപൊട്ടിയൊഴുകുകയാണ്. 1989-ല്‍ റുഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമനേയി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.
ഖമനയി കൊല്ലപ്പെട്ട വിവരം മറച്ചുവെക്കാന്‍ ഇറാന്റെ ഭാഗത്തുനിന്ന് നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഖമനയിയുടെ ഔദ്യോഗിക എക്‌സ് (ത) പേജില്‍ 'ഇമാം അലിയുടെ നാമത്തില്‍' എന്ന് തുടങ്ങുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ പോസ്റ്റ് ഇട്ടത് ഖമനയിയല്ലെന്നും, നേതാവിന്റെ മരണം മറച്ചുവെക്കാനും സൈന്യത്തിന്റെ വീര്യം ചോരാതിരിക്കാനും ഇറാന്‍ ഭരണകൂടം നടത്തിയ തന്ത്രപരമായ നീക്കമാണിതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആക്രമണം തുടങ്ങി അരമണിക്കൂറിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരുന്ന ഖമനയി അവസാന നിമിഷം വരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ വിയോഗം സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെടുത്തിയിരുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഖമനേയി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഖമേനിയുടെ മരണം സ്ഥിരീകരിച്ചത്. 'ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരില്‍ ഒരാളായ ഖമനേയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമനേയിയുടെ ക്രൂരതയ്ക്ക് ഇരയായ അമേരിക്കക്കാര്‍ക്കും ലോകമെമ്പാടുമുള്ള മറ്റുള്ളവര്‍ക്കും ലഭിച്ച നീതിയാണ്,' ട്രംപ് കുറിച്ചു. നൂതനമായ ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായും ഇസ്രയേലുമായി സഹകരിച്ച് നടത്തിയ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലുമായി നടത്തിയ നീക്കത്തില്‍നിന്ന് ഖമനേയിക്ക് സ്വയം രക്ഷപ്പെടാനോ കൂടെയുള്ളവരെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്, സൈന്യം തുടങ്ങി പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളില്‍നിന്ന് സംരക്ഷണം തേടുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ട്രംപ് പറഞ്ഞു. ഖമനേയിയുടെ മരണം മാത്രമല്ല, വെറും ഒരുദിവസംകൊണ്ട് ആ രാജ്യം വലിയ രീതിയില്‍ നശിപ്പിക്കപ്പെടുകയും ചെയ്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഖമനേയിയുടെ ഔദ്യോഗിക വസതിയും ഓഫീസും ഉള്‍പ്പെടുന്ന സമുച്ചയത്തിന് നേരെ 30 ബോംബുകള്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖമേനി ഒരു ഭൂഗര്‍ഭ ബങ്കറിലായിരുന്നുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖമനയിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ വര്‍ഷത്തില്‍ ഗള്‍ഫ് നാടുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു. ദുബായിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിന് തീപിടിക്കുകയും പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ മിസൈല്‍ പതിക്കുകയും ചെയ്തു. ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎഇക്ക് നേരെ മാത്രം 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും പ്രതിരോധ സേന തകര്‍ത്തുവെങ്കിലും അവശിഷ്ടങ്ങള്‍ വീണ് ജനവാസ മേഖലകളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി.
ഇറാനിലും സ്ഥിതി അതീവ ഗുരുതരമാണ്. അമേരിക്കയും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ 201 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിക്കുന്നത്. 747 പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ 24 പ്രവിശ്യകളില്‍ ഒരേസമയം ആക്രമണം നടന്നതോടെ രാജ്യം സ്തംഭിച്ച അവസ്ഥയിലാണ്. വന്‍ശക്തികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഈ ഘട്ടത്തില്‍ പശ്ചിമേഷ്യ ഒരു സമ്പൂര്‍ണ്ണ ചാരക്കൂമ്പാരമാകുമോ എന്ന ഭീതിയിലാണ് ലോകം.
ഇസ്രായേലിന് പുറമെ ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖല വലിയൊരു യുദ്ധത്തിന്റെ വക്കിലാണ്. 1989-ല്‍ റുഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമനേയി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാനിലെ അവസാന വാക്ക് ഖമനേയിയുടേതായിരുന്നു.
