ഫലസ്തീന് വേണ്ടി നിലവിളിക്കുന്ന നഴ്സുമാരും ഡോക്ടര്‍മാരും ഇനി ശ്രദ്ധിക്കുക..എന്‍എച്ച്എസ് ജീവനക്കാരുടെ വംശീയ പരാമര്‍ശങ്ങളില്‍ രെജിസ്‌ട്രേഷന്‍ റദ്ദ്ക്കാനുള്ള നിയമം റെഡി; യുദ്ധവും ട്രംപിന്റെ ഇന്‍സള്‍ട്ടും കീര്‍ സ്റ്റര്‍മാരുടെ ജനപ്രീതി ഉയര്‍ത്തി..നൈജല്‍ ഫരാജ് കീഴോട്ട്; ബ്രിട്ടണില്‍ സംഭവിക്കുന്നത്

Update: 2026-03-25 03:22 GMT

ഹൂദ വിരുദ്ധതയും, വംശീയ ചിന്തകളും മനസ്സില്‍ പേറുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അനുമതി നല്‍കി. ഇതനുസരിച്ച്, അസഹ്യമായ വിധത്തില്‍ വംശീയ പരാമര്‍ശങ്ങളോ യഹൂദ വിരുദ്ധതയോ നിറഞ്ഞ വാക്കുകള്‍ ഉപയോഗിക്കുന്നവരെ മെഡിക്കല്‍ റെജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യാന്‍ റെഗുലേറ്റര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും. അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ യഹൂദവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇത്തരമൊരു നടപടി എന്ന് ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ പറയുന്നു.

ഒരു യഹൂദാനുകൂല പ്രതിഷേധക്കാരന് നേരെ കഴുത്ത് മുറിക്കുമെന്ന് ആംഗ്യം കാണിക്കുകയും, യഹൂദവിരുദ്ധ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടും എന്‍ എച്ച് എസ്സില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ അനുമതി ലഭിച്ച ഡോക്ടര്‍ രാഹ്‌മെഹ് അലാദ്വാനെ പോലുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. 31 കാരിയായ ഡോക്ടര്‍ക്കെതിരെ ഇക്കാര്യത്തില്‍ അന്വേഷണമുണ്ടായെങ്കിലും, അഭിപ്രായ സ്വാതന്ത്ര്യം എന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് ട്രൈബ്യൂണല്‍ വിചാരണയില്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പിന്നീട് നടന്ന രണ്ടാമത്തെ വിചാരണയില്‍ ഇവരെ 15 മാസം പ്രാക്ടീസ് ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള വിധി വന്നിരുന്നു.

ഇതേ തുടര്‍ന്ന് യഹൂദന്മാരായ ജീവനക്കാരെയും രോഗികളെയും രക്ഷിക്കാന്‍ റെഗുലേറ്റര്‍മാര്‍ക്ക് എന്താണ് പ്രതിബന്ധം എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഈ പരിഷ്‌കരണം. വംശീയവെറിയന്മാര്‍ക്ക് എന്‍ എച്ച് എസ്സില്‍ സ്ഥാനമില്ലെന്നാണ് ഹെല്‍ത്ത് സെക്രട്ടറി ഉറപ്പിച്ച് പറയുന്നത്.

ഉര്‍വശീശാപം ഉപകാരമാക്കി കീര്‍ സ്റ്റാര്‍മര്‍

ഇറാന്‍ യുദ്ധ വിഷയവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട അവഹേളനങ്ങള്‍ സ്റ്റാര്‍മര്‍ക്ക് അനുകൂലമായ ഒരു തരംഗം ബ്രിട്ടനിലുണ്ടാകാന്‍ ഇടയായി എന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ കുതിച്ചുയരുകയായിരുന്ന റിഫോം പാര്‍ട്ടിയുടെ വളര്‍ച്ച ഇപ്പോള്‍ മന്ദഗതിയിലായിട്ടുണ്ട്. ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാതിരുന്നതിനായിരുന്നു കുപിതനായ ട്രംപ് സ്റ്റാര്‍മറെ ഏറെ അധിക്ഷേപിച്ചത്. സ്റ്റാര്‍മര്‍, ചര്‍ച്ചില്‍ അല്ലെന്നും, സ്റ്റാര്‍മറുടെ പ്രവൃത്തിയില്‍ താന്‍ അസംതൃപ്തനാണെന്നുമൊക്കെയായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

ഏറ്റവും ഒടുവിലായി യു ഗവ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ലേബര്‍ പാര്‍ട്ടി 2 പോയിന്റുകള്‍ അധികം നേടി 19 പോയിന്റിലെത്താന്‍ ട്രംപിന്റെ വാമൊഴികള്‍ സഹായിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നെയ്ജല്‍ ഫരാജിന്റെ പാര്‍ട്ടിക്ക് തന്നെയാണ് ഇപ്പോഴും വ്യക്തമായ മുന്‍തൂക്കമെങ്കിലും, തൊട്ടു മുന്‍പത്തെ സര്‍വ്വേയില്‍ ലഭിച്ചതിനേക്കാള്‍ 2 പോയിന്റ് കുറവാണ് അവര്‍ക്ക് ഇത്തവണ ലഭിച്ചത്. 23 ശതമാനമാണ് റിഫോം യു കെയുടെ ഏറ്റവും പുതിയ സ്‌കോര്‍.

ഗ്രീന്‍സിന് 18 ശതമാനം ലഭിച്ചപ്പോള്‍ 17 ശതമാനം ലഭിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടതായി വന്നു. അതേസമയം, അഭിപ്രായ സര്‍വ്വേയ്ക്കായി യു ഗവ് സ്വീകരിച്ചിരിക്കുന്ന തന്ത്രമാണ് റിഫോം യു കെയുടെ ജനപിന്തുണ കുറച്ചു കാണിക്കുന്നതെന്ന് നെയ്ജല്‍ ഫരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍, മറ്റ് സര്‍വ്വേകളും ഏതാണ്ട് സമാനമായ ഫലങ്ങളാണ് കാണിക്കുന്നത്. അമേരിക്കന്‍ ഇറാന്‍ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍ ഇടപെടുന്നതിനോട് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും താത്പര്യമില്ലെന്നാണ് സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Similar News