നിങ്ങൾ യേശുവിന്റെ സന്ദേശങ്ങൾ തന്നെയാണോ..പിന്തുടരുന്നത്?; എനിക്ക് മനസിലാകുന്നില്ല; മനഃസാക്ഷി ഉണ്ടെങ്കിൽ ഒന്ന് ചിന്തിച്ച് നോക്ക്! വത്തിക്കാനിലെ പ്രസംഗത്തിൽ വലിയൊരു ആശങ്ക പങ്കുവെച്ച് മാർപ്പാപ്പ; സത്യ ക്രിസ്ത്യാനികളായ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം
വത്തിക്കാൻ സിറ്റി: യുദ്ധദാഹികളായ ക്രൈസ്തവ രാഷ്ട്രീയ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി വത്തിക്കാൻ ആസ്ഥാനമായി ലെയോ പതിനാലാമൻ മാർപാപ്പ നടത്തിയ പ്രസ്താവന ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നു. ഇറാൻ-യുഎസ് സംഘർഷം മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിന്റെ സന്ദേശവുമായാണ് മാർപാപ്പ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധ സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും നേതൃത്വം നൽകുന്ന ക്രൈസ്തവരായ രാഷ്ട്രീയ നേതാക്കൾ കുമ്പസരിക്കണമെന്നും മനഃസാക്ഷി പരിശോധന നടത്തണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിൽ പുരോഹിതന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മാർപാപ്പയുടെ ഈ സുപ്രധാന പ്രതികരണം. യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെയും അഹിംസയുടെയും പ്രബോധനങ്ങളാണോ അതോ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങളാണോ തങ്ങൾ പിന്തുടരുന്നതെന്ന് ഇവർ സ്വയം വിലയിരുത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
"സായുധ സംഘർഷങ്ങളിൽ വലിയ ഉത്തരവാദിത്തമുള്ള ആ ക്രിസ്ത്യാനികൾക്ക്, ആത്മാർത്ഥമായ ഒരു മനഃസാക്ഷി പരിശോധന നടത്താനും കുമ്പസരിക്കാനുമുള്ള വിനയവും ധൈര്യവുമുണ്ടോ?" എന്ന് മാർപാപ്പ ചോദിച്ചു. ആരുടെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗമെങ്കിലും, നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ ഇത് അമേരിക്കൻ ഭരണകൂടത്തിലെ പ്രമുഖരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. യേശു തന്റെ അനുയായികളെ അഹിംസയാണ് പഠിപ്പിച്ചതെന്നും, കത്തോലിക്കാ സഭ യുദ്ധത്തെ ഒരു തരത്തിലും അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ഇറാൻ ആക്രമണത്തിന് പിന്നാലെ സമാധാനത്തിനായി മാർപാപ്പ നിരന്തരം ശബ്ദമുയർത്തുന്നുണ്ട്. ഇറാനിലെ സൈനിക ഇടപെടലിന് ദൈവത്തിന്റെ പിന്തുണയുണ്ടെന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനയും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി ഓവൽ ഓഫീസിൽ നടന്ന പ്രാർത്ഥനകളും വലിയ വിവാദമായിരുന്നു. കത്തോലിക്കാ വിശ്വാസികളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുടെ നിലപാടുകൾ സഭയുടെ ഔദ്യോഗിക പഠനങ്ങൾക്ക് വിരുദ്ധമാണെന്ന സൂചനയാണ് വത്തിക്കാനിൽ നിന്ന് ലഭിക്കുന്നത്.
മാർപാപ്പയുടെ നിലപാടിന് പിന്തുണയുമായി അമേരിക്കയിലെ പ്രമുഖ കർദ്ദിനാൾമാരും രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ യുദ്ധത്തെ ന്യായീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ 'അറപ്പുളവാക്കുന്നത്' എന്നാണ് ഷിക്കാഗോയിലെ കർദ്ദിനാൾ ബ്ലേസ് കുപ്പിച്ച് വിശേഷിപ്പിച്ചത്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ ധാർമ്മികമായി ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് വാഷിംഗ്ടൺ ഡി.സി.യിലെ കർദ്ദിനാൾ റോബർട്ട് മക്എൽറോയിയും വ്യക്തമാക്കി.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് സാധാരണക്കാരുടെ നാശത്തിന് മാത്രമേ കാരണമാകൂ എന്നുമുള്ള നിലപാടിൽ വത്തിക്കാൻ ഉറച്ചുനിൽക്കുകയാണ്. സഭയുടെ തലവൻ തന്നെ ഭരണാധികാരികളോട് കുമ്പസരിക്കാൻ ആവശ്യപ്പെട്ടത് കത്തോലിക്കാ രാഷ്ട്രീയ നേതാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്നുറപ്പാണ്.
