സഞ്ചാരികള്‍ക്കായി തുറന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരകൊറിയ കടല്‍ത്തീര റിസോര്‍ട്ടില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി; ലോകോത്തര അവധിക്കാല കേന്ദ്രമെന്ന് വാഴ്ത്തിയതിന് പിന്നാലെ നടപടി; റഷ്യന്‍ വിദേശകാര്യ മന്ത്രി തീരം സന്ദര്‍ശിച്ചത് പോയവാരം; വിദേശികളുടെ വിലക്കിന് പിന്നിലെ കാരണം ദുരൂഹം

സഞ്ചാരികള്‍ക്കായി തുറന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഉത്തരകൊറിയ കടല്‍ത്തീര റിസോര്‍ട്ടില്‍ വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

Update: 2025-07-19 06:00 GMT

പ്യോംങ്യാംഗ്: ഉത്തര കൊറിയ തങ്ങളുടെ പുതിയ ബീച്ച് റിസോര്‍ട്ടില്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നേരത്തേ ലോകോത്തര അവധിക്കാല കേന്ദ്രം എന്ന് വാഴ്ത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. വോണ്‍സാന്‍-കല്‍മ കോസ്റ്റല്‍ ടൂറിസ്റ്റ് ഏരിയയില്‍ വിദേശ സന്ദര്‍ശകരെ താല്‍ക്കാലികമായി സ്വീകരിക്കുന്നില്ല എന്നാണ് ഉത്തരകൊറിയയുടെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റായ ഡിആര്‍പി കൊറിയ ടൂര്‍ ബുധനാഴ്ച പ്രഖ്യാപിച്ചത്.

എന്നാല്‍ നിയന്ത്രണത്തിനുള്ള കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല. ജൂലൈ 12 ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആ സ്ഥലം സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് പെട്ടെന്നുള്ള ഈ നീക്കം ഉണ്ടായിരിക്കുന്നത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ലാവ്‌റോവിനെ റിസോര്‍ട്ടിന്റെ ആദ്യ വിദേശ അതിഥി എന്നാണ് വിശേഷിപ്പിച്ചത്. കാങ്വോണ്‍ മേഖലയിലെ ഒരു വിമാനത്താവളത്തിന് സമീപമാണ് ഇത്, സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളും കോവിഡും കാരണം ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് റിസോര്‍ട്ട് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്.



 



ഉത്തരകൊറിയയുടെ സ്ഥാപക നേതാവ് കിം ഇല്‍ സുങ്ങിന്റെ ജന്മദിനത്തോടനുബന്ധിച്ച് 2019 ഏപ്രിലിലാണ് റിസോര്‍ട്ട് തുറക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. തകര്‍ച്ച നേരിടുന്ന രാജ്യത്തിന്റെ ടൂറിസം മേഖലക്ക് ഇത് വലിയ ഉത്തേജനമായിട്ടാണ് കരുതപ്പെട്ടിരുന്നത്. സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായിട്ടാണ് ഈ റിസോര്‍ട്ട് കണക്കാക്കപ്പെട്ടിരുന്നത്. രണ്ടര മൈല്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തിന് ഇരുപതിനായിരത്തോളം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

നാല്‍പ്പതിലധികം വന്‍ ഹോട്ടലുകള്‍, ഗസ്റ്റ്ഹൗസുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഇവിടെയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ട് ആദ്യമായി തുറന്നപ്പോള്‍ ഉത്തര കൊറിയയിലെ ഭരണാധികാരിയായ കിം ജോങ് ഉന്‍ മകളായ കിം ജു എയ്‌ക്കൊപ്പം കടല്‍ത്തീരത്ത് നില്‍ക്കുന്നതിന്റെ ഫോട്ടോ പുറത്തു വിട്ടിരുന്നു. അതേ സമയം ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നത് റിസോര്‍ട്ട് ഇനിയും പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല എന്നാണ്. ഒരു പ്രധാന ഹോട്ടല്‍ ഉള്‍പ്പെടെ പല കെട്ടിടങ്ങളുടേയും നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല.


 



ഒരു ഹോട്ടലിന്റെ മേല്‍്ത്തട്ടിലുള്ള നീന്തല്‍ക്കുളത്തിന്റെ നിര്‍മ്മാണവും എങ്ങും എത്തിയിട്ടില്ല. കോവിഡ് കാലഘട്ടത്തിന് ശേഷം റഷ്യക്കാര്‍ക്ക് മാത്രമാണ് ഉത്തരകൊറിയ ്പ്രവേശനം അനുവദിച്ചിരുന്നത്. സെര്‍ജി ലാവ്റോവിന്റെ സന്ദര്‍ശന വേളയില്‍ റഷ്യന്‍ മാധ്യമങ്ങള്‍ റിസോര്‍ട്ടിന്റെ സംവിധാനങ്ങളെ ഏറെ പ്രശംസിച്ചിരുന്നു. വിനോദ സഞ്ചാരികളെ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇവിടുത്തെ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കേണ്ടി വരുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

പെട്ടെന്നുള്ള ഈ നയമാറ്റത്തിന് ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇനിയും ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. ചിലപ്പോള്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരും എന്ന് കരുതിയായിരിക്കും സര്‍ക്കാര്‍ ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്.

Tags:    

Similar News