'നേരത്തേ തീരുമാനിച്ച പോലെ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും'; കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്ക

ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്ക

Update: 2025-03-04 02:25 GMT

വാഷിങ്ടന്‍: കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ കടുത്ത തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുമത്തിയ താരിഫുകള്‍ ഒഴിവാക്കാനാകില്ലെന്നു ട്രംപ് വ്യക്തമാക്കി. തീരുവകള്‍ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. നേരത്തേ തീരുമാനിച്ച പോലെ താരിഫുകള്‍ മാര്‍ച്ച് 4ന് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി.

കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം താരിഫുകളും ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 10 ശതമാനം അധിക താരിഫുകളും ഫെബ്രുവരി ആദ്യ ആഴ്ചയാണു ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് കാനഡ, മെക്സിക്കോ രാജ്യങ്ങളിലെ ഇറക്കുമതികള്‍ക്കുള്ള താരിഫ് 30 ദിവസത്തേക്കു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പുതിയ പദ്ധതികള്‍ തയാറാക്കിയെന്നും പറഞ്ഞിരുന്നു.

''മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നു വളരെ ഉയര്‍ന്ന അളവിലാണു ലഹരിമരുന്ന് യുഎസിലേക്ക് എത്തുന്നത്. ഇവയില്‍ ഭൂരിഭാഗവും ഫെന്റനൈലിന്റെ രൂപത്തിലാണ്. ഇതു ചൈനയില്‍ നിര്‍മിച്ചു വിതരണം ചെയ്യുന്നതാണ്. അപകടകരമായ ഇവയുടെ ഉപയോഗത്താല്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറെ ആളുകള്‍ മരിച്ചു'' എന്നാണു കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞത്. മാര്‍ച്ച് 4 മുതല്‍ ചൈനയില്‍നിന്ന് 10 ശതമാനം അധിക താരിഫ് ഈടാക്കുമെന്നും യുഎസ് അറിയിച്ചു.

അതേസമയം ഇറക്കുമതി നികുതി ചുമത്തുമെന്ന അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി കാനഡയും നീക്കം നടത്തുന്നുണ്ട്. 155 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ചരക്കുകള്‍ക്ക് 25% ഇറക്കുമതി തീരുവ ഏപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ 25% ഇറക്കുമതി നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി.

അമേരിക്കയുടെ വ്യാപാര നടപടിയും അതിനോടുള്ള തങ്ങളുടെ പ്രതികരണവും മൂലം ഇരുരാജ്യങ്ങളുടെയും ജനങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രൂഡോ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ വേണമെന്നില്ല, ഇതാവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ കനേഡിയന്‍ ജനതയ്ക്കായി നിലകൊള്ളുന്നതില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടിയുമായി യുഎസ് പ്രസിഡന്റ് മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ കാനഡ പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്ത് നടക്കുന്നതെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി.

ലോകത്ത് ഏറ്റവും കൂടുതല്‍ ചരക്ക് ഇറക്കുമതിചെയ്യപ്പെടുന്ന രാജ്യമാണ് യു.എസ്. പുതിയ സെന്‍സസ് ഡേറ്റയനുസരിച്ച് മെക്‌സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളാണ് യു.എസിലേക്ക് ഉത്പന്നങ്ങള്‍ കയറ്റിയയക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. ട്രംപിന്റെ നടപടി ആഗോളതലത്തില്‍ പുതിയ വ്യാപാരയുദ്ധത്തിനു തുടക്കമിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Tags:    

Similar News