'ഇന്ത്യയുടെയും ജനതയുടെയും താല്‍പര്യങ്ങള്‍ എന്തെന്ന് മോദി അന്വേഷിക്കുന്നു; ട്രംപ് അമേരിക്കന്‍ ജനതയുടെയും; ഇരുവരും വളരെ നല്ല സുഹൃത്തുക്കള്‍; ഇന്ത്യ - യുഎസ് സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ സാധ്യത'; തീരുവ തര്‍ക്കത്തില്‍ പ്രതികരണവുമായി യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്

ഇന്ത്യ-അമേരിക്ക തീരുവ തര്‍ക്കത്തില്‍ പ്രതികരിച്ച് തുളസി ഗബ്ബാര്‍ഡ്

Update: 2025-03-17 12:41 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും 'വളരെ നല്ല സുഹൃത്തുക്കളാണെ'ന്ന് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി തുളസി ഗബ്ബാര്‍ഡ്. ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സാധ്യതകളുണ്ട്. നെഗറ്റീവ് രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവായി കാര്യങ്ങള്‍ കാണുന്നതില്‍ സന്തോഷമുണ്ടെന്നും തുളസി ഗബ്ബാര്‍ഡ് വ്യക്തമാക്കി. ഇറക്കുമതി തിരുവ സംബന്ധിച്ച ഇന്ത്യയും അമേരിക്കയും ഉന്നതതലത്തില്‍ നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും തുളസി പറഞ്ഞു.

ഭീകരത ഇല്ലാതാക്കുന്നത് ഉള്‍പ്പെടുയുള്ള പൊതുവായ ലക്ഷ്യങ്ങളിലാണ് ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും തുളസി പറഞ്ഞു. തുളസി ഗബ്ബാര്‍ഡിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

''യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പഴക്കമുള്ളതാണ്. ട്രംപിന്റെ രണ്ടാം ഭരണകാലത്തും സമാധാനം, സമൃദ്ധി, സ്വാതന്ത്ര്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും താല്‍പര്യം തിരിച്ചറിഞ്ഞു പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുന്നു'' തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.

കഴിഞ്ഞ മാസം യുഎസില്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഗബ്ബാര്‍ഡ് പരാമര്‍ശിച്ചു. ഭീകരവാദം, സൈബര്‍ സുരക്ഷ, മറ്റു രാജ്യാന്തര ഭീഷണികളെ നേരിടുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു സംസാരിച്ചതായി തുളസി പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന തിങ്ക് ടാങ്ക് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വാര്‍ഷിക റെയ്സിന പരിപാടിക്കിടെ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയുടെയും ജനതയുടെയും താല്‍പര്യങ്ങള്‍ എന്താണെന്ന് പ്രധാനമന്ത്രി മോദി അന്വേഷിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും അമേരിക്കന്‍ ജനതയുടെയും താല്‍പ്പര്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നു. സാമാന്യബുദ്ധിയുള്ളവരും പരിഹാരങ്ങള്‍ കാണാന്‍ ശേഷിയുള്ളവരുമായ രണ്ട് നേതാക്കള്‍ നമുക്കുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യം. ഇന്ത്യയിലും അമേരിക്കയിലും സ്വകാര്യ മേഖലയില്‍ അതീവ താല്‍ര്യമുള്ളതിനാല്‍ താന്‍ ആവേശത്തിലാണെന്നും തുളസി പറഞ്ഞു.

മഹാഭാരതത്തില്‍ വ്യക്തിപരവും തൊഴില്‍പരവുമായ പ്രതിസന്ധി ഘട്ടങ്ങളില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഉപദേശങ്ങളില്‍ നിന്നാണ് താന്‍ ശക്തിയും മാര്‍ഗനിര്‍ദേശവും നേടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധമേഖലകളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തുതന്നെയായാലും, ഏറ്റവും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞാന്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനന് നല്‍കിയ ഭഗവദ്ഗീതയിലെ ഉപദേശങ്ങളാണ് ആശ്രയിക്കുന്നതെന്നും ഗബ്ബാര്‍ഡ് പറഞ്ഞു. ഞായറാഴ്ച ഗബ്ബാര്‍ഡ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.

Tags:    

Similar News