ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും റഷ്യയില്‍ നിന്ന് അമേരിക്ക യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നു! പ്രതികാര ചുങ്കത്തിന് പിന്നിലുള്ളത് ട്രംപ് പാക്കിസ്ഥാനില്‍ ലക്ഷ്യമിടുന്ന വ്യക്തിപരമായ ബിസിനസ് താല്‍പ്പര്യം; അമേരിക്കയിലേക്കുള്ള ഇന്ത്യ കയറ്റുമതിയുടെ 55 ശതമാനവും പ്രതിസന്ധിയിലാകും; മറുവഴികള്‍ തേടാന്‍ മോദി സര്‍ക്കാര്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വീണ്ടും 25 ശതമാനം അധിക തീരുവ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇനിയും കൂട്ടാനും സാധ്യതയുണ്ട്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് പറഞ്ഞാണ് ഇന്ത്യയ്‌ക്കെതിരെ ഈ നീക്കം നടത്തിയത്. വീണ്ടും അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരിച്ചു ഇന്ത്യയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. യുഎസ് നടപടി അന്യായവും നീതീകരിക്കപ്പെടാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും, ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍ തുടങ്ങിയ മേഖലകളെയാണ് ഇത് സാരമായി ബാധിക്കാന്‍ സാധ്യതയുള്ളത്. ഈ നീക്കം ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാണെന്നും യുഎസ് വിപണിയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 55 ശതമാനത്തെ നേരിട്ട് ബാധിച്ചെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡിജി അജയ് സഹായ് പറഞ്ഞു. ഈ അധിക പ്രഹരം കയറ്റുമതിക്കാര്‍ക്ക് ദീര്‍ഘകാല ഇടപാടുകാരെ നഷ്ടപ്പെടുത്താനിടയാക്കുമെന്നും ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് മറ്റ് വിപണികള്‍ തേടേണ്ടിവരുമെന്നും അജയ് സഹായ് പറഞ്ഞു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വീണ്ടും 25% തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണിത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്.
യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു ഇന്ത്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും റഷ്യയില്‍ നിന്ന് അമേരിക്ക യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്ക പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കാനും ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനെ പിന്തുണച്ച് പുതിയൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹം. ഇതിന് പിന്നില്‍ വ്യക്തിപരമായ ബിസിനസ്സ് താല്‍പ്പര്യം ഉണ്ടെന്നും വ്യക്തമാണ്. റഷ്യയും ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ ഇനി ശ്രമിക്കും. ഇതിലൂടെ പാക്കിസ്ഥാന്‍ വെല്ലുവിളിയെ അതിജീവിക്കാമെന്നാണ് പ്രതീക്ഷ.
ഇന്ത്യാ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും അതനുസരിച്ച് ബാധകമായ നിയമത്തിന് അനുസൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കസ്റ്റംസ് പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ വസ്തുക്കള്‍ക്ക് 25 ശതമാനം അധിക തീരുവ നിരക്ക് ബാധകമായിരിക്കുമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നത്. പ്രതികാരച്ചുങ്കം ചുമത്താനുള്ള ട്രംപിന്റെ നടപടി ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാക്കുമോ എന്നാണ് അന്താരാഷ്ട്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും ഇന്ധനവും വാങ്ങുന്നതിന് പിഴയ്ക്ക് പുറമേ ഇന്ത്യ 25% തീരുവ നല്‍കേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് ചൊവ്വാഴ്ച അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ മേലുള്ള തീരുവ വളരെ ഗണ്യമായി ഉയര്‍ത്തുമെന്നാണ് പറഞ്ഞത്.
അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കും മേല്‍ ചുമത്തിയ ഏറ്റവും ഉയര്‍ന്ന പ്രതികാരച്ചുങ്കമാണ് ഇന്ത്യയുടെ മേലുള്ള ട്രംപിന്റെ പുതിയ താരിഫ്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ ഇരയാവുകയാണെന്നാണ് പ്രഖ്യാപനം വ്യക്തമാക്കുന്നത്.