വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നീക്കം ശക്തം; സംയുക്ത പാര്‍ലമെന്ററി കമിറ്റി യോഗത്തിനിടെ സംഘര്‍ഷം; 10 പ്രതിപക്ഷ എം.പിമാര്‍ക്ക്; പ്രതിപക്ഷ അംഗങ്ങളെ കേള്‍ക്കാന്‍ ജെ.പി.സി ചെയര്‍മാന്‍ ജഗദാംബിഗ പാല്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശനം

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ നീക്കം ശക്തം

Update: 2025-01-24 11:07 GMT

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ അതിവേഗ നപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവെക്കാതെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തില്‍ തന്നെ വഖഫ് ബില്‍ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായാണ് വെള്ളി, ശനി ദിവസങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടക്കുന്നത്. അതേസമയം ഈ യോഗം സംഘര്‍ഷത്തില്‍ കലാശിക്കകയും ചെയ്തു.

വഖഫ് ഭേദഗതി ബില്ലിന്‍മേലുള്ള സംയുക്ത പാര്‍ലമെന്ററി കമിറ്റി യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്തു. കല്യാണ്‍ ബാനര്‍ജി, എം.ഡി ജാവിദ്, എ.രാജ, അസദുദ്ദീന്‍ ഉവൈസി, നാസിര്‍ ഹുസൈന്‍, മോഹിബുള്ള, എം. അബ്ദുല്ല, അരവിന്ദ് സ്വാന്ത്, നദിമുല്‍ ഹഖ്, ഇംറാന്‍ മസൂദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

യോഗത്തിന് പിന്നാലെ ജെ.പി.സി ചെയര്‍മാന്‍ ജഗദാംബിഗ പാല്‍ പ്രതിപക്ഷ അംഗങ്ങളെ കേള്‍ക്കാന്‍ തയാറാവുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി കുറ്റപ്പെടുത്തി. ജനുവരി 21ന് അവസാന യോഗത്തിന് ശേഷം 24നും 25നും അടുത്ത യോഗം നടത്തുമെന്ന് ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, യോഗം 30,31 തീയതികളിലേക്ക് മാറ്റണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ ഇതിന് തയാറായില്ല. പിന്നീട് അവസാന നിമിഷം 25ാം തീയതി നടക്കേണ്ട യോഗം അവര്‍ 27ലേക്ക് മാറ്റുകയായിരുന്നുവെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അവര്‍ കാര്യങ്ങള്‍ വേഗത്തില്‍ ആക്കുകയാണ്. രാഷ്ട്രീയപ്രേരിതമായാണ് ഈ നീക്കം. ചെയര്‍മാന്‍ ആരെയും കേള്‍ക്കാന്‍ തയാറാവുന്നില്ല. ഇത് സമീന്ദാരി സമ്പ്രദായമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷം മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.

പാര്‍ലമെന്ററി ജനാധിപത്യത്തിനെതിരാണ് പ്രതിപക്ഷത്തിന്റെ പ്രവൃത്തികളെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ പറഞ്ഞു. ഇതാദ്യാമായല്ല വഖഫ് ബില്‍ ചര്‍ച്ച ചെയ്യാനുള്ള സംയുക്ത പാര്‍ലമെന്ററി യോഗം സംഘര്‍ഷത്തില്‍ അവസാനിക്കുന്നത്. ഒക്ടോബറില്‍ നടന്ന സംയുക്ത പാര്‍ലമെന്ററി കമിറ്റി യോഗവും സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

സര്‍ക്കാറിന്റെ തിരക്കിട്ട നീക്കത്തിനിടയിലും തങ്ങളുടെ എതിര്‍പ്പ് മുഖവിലക്കെടുത്തായിരിക്കും ജെ.പി.സി റിപ്പോര്‍ട്ട് തയാറാക്കുകയെന്ന പ്രതീക്ഷയില്‍ എന്‍.ഡി.എ ഘടകകക്ഷികള്‍. തങ്ങളുടെ ആവശ്യം അംഗീകരിച്ച് ജെ.പി.സിയുടെ കാലയളവ് നീട്ടിയത് ചൂണ്ടിക്കാട്ടിയാണ് കടുത്ത എതിര്‍പ്പിനിടയാക്കിയ വ്യവസ്ഥകള്‍ മാറ്റിയേക്കുമെന്ന് അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. ഉപയോഗത്തിലൂടെയുള്ള വഖഫ് ഇല്ലാതാക്കുന്നതടക്കം വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും ജെ.പി.സിയില്‍ ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും തെലുഗുദേശം നേതാവ് പറഞ്ഞു.

Tags:    

Similar News