'നിങ്ങള്‍ പണ്ടേ നഗ്‌നരല്ലേ, പിന്നെന്തിനാ വസ്ത്രം അഴിക്കുന്നത്?: എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലോക നേതാക്കള്‍ക്ക് മുന്നില്‍ ഷര്‍ട്ട് ഊരി ഇന്ത്യയെ നാണം കെടുത്തി; അവര്‍ എന്റെ ശവക്കുഴി തോണ്ടാന്‍ ആഗ്രഹിക്കുന്നു; ഉച്ചകോടി ബിജെപിയുടെ പരിപാടിയല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു; മീററ്റില്‍ കത്തിക്കയറി മോദി
മീററ്റില്‍ കത്തിക്കയറി മോദി
ന്യൂഡല്‍ഹി/മീററ്റ്: ഭാരതം ആതിഥേയത്വം വഹിച്ച ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഷര്‍ട്ട് ഊരിയുള്ള പ്രതിഷേധത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കള്‍ക്ക് മുന്നില്‍ ഷര്‍ട്ട് ഊരി കോണ്‍ഗ്രസ് ഇന്ത്യയെ നാണം കെടുത്തിയെന്ന് മോദി ആരോപിച്ചു. ഉച്ചകോടി അലങ്കോലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് അവര്‍ കളിച്ചതെന്നും മോദി പറഞ്ഞു.
മീററ്റില്‍ റാപ്പിഡ് റെയില്‍വേ കോറിഡോറും മെട്രോയും ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. മോദിയോടും എന്‍ഡിഎയോടും വിരോധമാകാം, എന്നാല്‍ എഐ സമ്മേളനം രാജ്യത്തിന്റെ പരിപാടിയായിരുന്നെന്നും അതില്‍ മര്യാദ കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ബിജെപിയുടെ പരിപാടിയായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു. ഷര്‍ട്ട് ഊരാതെ തന്നെ കോണ്‍ഗ്രസ് നാണംകെട്ട് ഇരിക്കുകയാണെന്നും മോദി പരിഹസിച്ചു.
കോണ്‍ഗ്രസ് നടത്തിയ ഈ 'പാപം' എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും ഡിഎംകെയോ തൃണമൂലോ ഇത് ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കണമെങ്കില്‍ ആദ്യം ജനങ്ങളെ മനസ്സിലാക്കണം. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ വനിതാ എംപിമാരെ പറഞ്ഞുവിടുന്നത് എന്ത് രീതിയെന്നും മോദി ചോദിച്ചു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:
'കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ ചെയ്തത് രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി എത്രത്തോളം ആദര്‍ശപരമായി പാപ്പരായെന്ന് കാണിക്കുന്നു. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. രാജ്യത്തിനുള്ളിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യയുടെ വിജയം ദഹിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കോണ്‍ഫറന്‍സിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. എന്നാല്‍ കോണ്‍ഗ്രസും അവരുടെ ഇക്കോസിസ്റ്റവും എന്താണ് ചെയ്തത്? ഇന്ത്യയുടെ ഒരു ആഗോള വേദിയെ കോണ്‍ഗ്രസ് അവരുടെ വൃത്തികെട്ട രാഷ്ട്രീയത്തിനുള്ള ഇടമാക്കി മാറ്റി. 'നിങ്ങള്‍ നേരത്തെ തന്നെ നഗ്‌നരാണ്, പിന്നെ എന്തിനാണ് വസ്ത്രം അഴിച്ചുമാറ്റേണ്ടി വന്നത്?' എന്നായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള അദ്ദേഹത്തിന്റെ പരിഹാസം. ഇന്ത്യയുടെ വിജയങ്ങള്‍ ദഹിക്കാത്ത ചില പാര്‍ട്ടികള്‍ സ്വന്തം രാജ്യത്തെ വിദേശികള്‍ക്ക് മുന്നില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ വെറുക്കുന്നു, അവര്‍ എന്റെ ശവക്കുഴി തോണ്ടാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മയെ അപമാനിക്കാന്‍ പോലും അവര്‍ മടിക്കുന്നില്ല. ആഗോള അക സമ്മിറ്റ് ബിജെപിയുടെ പരിപാടിയല്ലെന്നും ആ സമയത്ത് ഒരു ബിജെപി നേതാവ് പോലും അവിടെ ഉണ്ടായിരുന്നില്ലെന്നും കോണ്‍ഗ്രസ് ഓര്‍ക്കണമായിരുന്നു. ഇതൊരു ദേശീയ പരിപാടിയായിരുന്നു. എന്നാല്‍ അന്ന് കോണ്‍ഗ്രസ് മര്യാദകള്‍ ലംഘിച്ചു. കോണ്‍ഗ്രസിന്റെ ഈ അഴിമതി നയം രാജ്യം മുഴുവന്‍ അപലപിക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച, ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ട് ധരിക്കാതെ സമ്മിറ്റ് ഹാളിലേക്ക് അതിക്രമിച്ചു കയറുകയും അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതിനെതിരെ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളുള്ള ടി-ഷര്‍ട്ടുകള്‍ പ്രതിഷേധക്കാര്‍ കൈവശം വെച്ചിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബീഹാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദന്‍ യാദവ്, യുപി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാര്‍, ദേശീയ കോര്‍ഡിനേറ്റര്‍ നരസിംഹ യാദവ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തെ പോലീസ് റിമാന്‍ഡില്‍ വിട്ടു.
പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
