622338 വോട്ടും 64.99 ശതമാനം വിഹിതവും നേടിയ പ്രിയങ്ക! പ്രിയങ്കയ്ക്ക് സര്‍വ്വ മേഖലകളിലും പിന്തുണ; എന്നിട്ടും വര്‍ഗ്ഗീയ വോട്ട് ആരോപണം; എന്തു കൊണ്ട് വിജയരാഘവനെ വര്‍ഗ്ഗീയ രാഘവനെന്ന് ഷാജി വിളിച്ചു? ഇന്ത്യാ മുന്നണി പാര്‍ട്ടിയിലെ പിബി നേതാവിന്റേത് അതിരുവിട്ട പ്രസംഗം; സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കും

Update: 2024-12-22 05:44 GMT

കോഴിക്കോട്: പ്രിയങ്കാ ഗാന്ധിയ്‌ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എ വിജയരാഘവന്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തി. ദേശീയ ഇന്ത്യാ സഖ്യത്തിലാണ് സിപിഎം. കോണ്‍ഗ്രസ് പിന്തുണയില്‍ പലയിടത്തും മത്സരിച്ച് ജയിക്കുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് വിമര്‍ശിക്കാന്‍ ആയുധം നല്‍കും വിധം പ്രിയങ്കയുടെ ലോക്‌സഭാ വിജയത്തെ സിപിഎം നേതാവ് ചോദ്യം ചെയ്തത് അല്‍പ്പത്തരമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് അറിയിക്കും. അതിനിടെ എ വിജയരാഘവനെതിരെ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി കടന്നാക്രമണം നടത്തി. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ.എം ഷാജി പറഞ്ഞു. ഈ വിഷയം സജീവ ചര്‍ച്ചയാക്കാനാണ് യൂഡിഎഫിന്റേയും തീരുമാനം.

രാഹുല്‍ഗാന്ധിയുടെ പിന്‍ഗാമിയായി കന്നിയങ്കത്തിനിറങ്ങിയ സഹോദരി പ്രിയങ്കാഗാന്ധി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് പ്രിയങ്ക നേടിയത് 4,10,931 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായി പ്രിയങ്കയുടെ അരങ്ങേറ്റം. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ രണ്ടാമത്തേത്. ആറ് ലക്ഷത്തിലധികം വോട്ട് നേടി പ്രിയങ്ക കൈവരിച്ച ആധികാരിക വിജയത്തിലേക്ക് വഴിതെളിച്ച ഘടകങ്ങള്‍ പലതാണ്. രാഷ്ട്രീയ വിഷയങ്ങളേക്കാള്‍ പ്രിയങ്ക ഗാന്ധിയുടെ കരിസ്മ തന്നെയാണ് വോട്ടൊഴുക്കില്‍ നിര്‍ണായകമായതെന്ന് നിസ്തര്‍ക്കമാണ്. ഇന്ദിരയുടെ പൗത്രി, രാജീവിന്റെ പുത്രി, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം ഇതെല്ലാം വോട്ടായി മാറി. ഇത്രയും വലിയ വിജയം നേടിയ പ്രിയങ്കാ ഗാന്ധിയെ വര്‍ഗ്ഗീയമായി മോശക്കാരിയാക്കുന്നത് ശരിയാണോ എന്ന് സിപിഎം ചിന്തിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിച്ചത് വര്‍ഗീയ വോട്ടുകള്‍ നേടിയാണെന്ന വിജയരാഘവന്റെ വാക്കുകള്‍ക്ക് ശക്തമായ മറുപടിയാണ് ലീഗ് നേതാവ് ഷാജി നല്‍കിയത്.

'വിജയരാഘവന്റെ വാക്കുകള്‍ തെമ്മാടിത്തരമാണ്. ലീഗിനെ എങ്ങനെ നന്നാക്കാം എന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും. വര്‍ഗീയത ഉണ്ടാക്കിയാല്‍ നാളെ പത്ത് വോട്ട് കിട്ടും. അതിനപ്പുറം ഈ രാജ്യം നിലനില്‍ക്കണ്ടേയെന്നും നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കണ്ടേയെന്നും കെ.എം ഷാജി പറഞ്ഞു. പേരാമ്പ്ര ചാലിക്കരയില്‍ സംസാരിക്കുകയായിരുന്നു കെ.എം ഷാജി. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്. എ വിജയരാഘവനും പി മോഹനനും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്. കാക്കി ട്രൗസര്‍ അണിഞ്ഞ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് പി മോഹനന് നല്ലതെന്നും കെ.എം ഷാജി പറഞ്ഞു. വര്‍ഗീയത പറയുന്നതിന് രാഷ്ട്രീയ ജീവതത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി തരാനാണ് ഒരുങ്ങി നില്‍ക്കുന്നതെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു. സിപിഎം ലീഗിനെ മര്യാദ പഠിപ്പിക്കാന്‍ ഇറങ്ങി നടക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പോകുന്നത് ആര്‍എസ്എസിലേക്കാണ്. വയനാട്ടില്‍ 179-ലധികം ബൂത്തുകളില്‍ രണ്ടാം സ്ഥാനത്ത് വന്നത് ആര്‍എസ്എസ് അല്ലേ എന്നും കെ.എം ഷാജി ചോദിച്ചിരുന്നു.

2019-ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തില്‍ 4.31 ലക്ഷം വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. 2014-ല്‍ ഭൂരിപക്ഷം 3.64 വോട്ടായി കുറഞ്ഞു. അഞ്ചുമാസത്തിനുശേഷം വീണ്ടുമെത്തിയ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലെത്തിക്കാനായിരുന്നു യു.ഡി.എഫിന്റെ തന്ത്രങ്ങള്‍. ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറയാനുള്ള സാധ്യത മറികടക്കാനുള്ള തന്ത്രങ്ങളും ആവിഷ്‌കരിച്ചു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് തിരഞ്ഞെടുപ്പ് ദിനം കടന്ന് പോയത്. വോട്ടിംഗ് ശതമാനം തീരെ കുറഞ്ഞു. 1471742 വോട്ടര്‍മാരുള്ള വയനാട്ടില്‍ 952543 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭൂരിപക്ഷം കുറഞ്ഞത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസം തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു കണക്കുകൂട്ടല്‍ ശരിയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. ഇതെല്ലാം ഉയര്‍ത്തി വിജയരാഘവന്റെ വാക്കുകളെ കോണ്‍ഗ്രസ് പ്രതിരോധിക്കും. എല്ലാ വിഭാഗത്തിന്റേയും വോട്ടു കിട്ടാതെ എങ്ങനെയാണ് ആറു ലക്ഷം വോട്ടുകള്‍ പ്രിയങ്കയ്ക്ക് കിട്ടിയതെന്നതാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. 622338 വോട്ടും 64.99 ശതമാനം വോട്ടും നേടിയാണ് പ്രിയങ്ക ജയിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സിപിഐയുടെ സത്യന്‍ മൊകേരിയ്ക്ക് 209906 വോട്ട് മാത്രമേ കിട്ടിയൂള്ളൂ. 22.08 ശതമാനം വോട്ട് മാത്രമാണ് നേടിയത്.


വിജയരാഘവന്‍ പറഞ്ഞത്

''വയനാട്ടില്‍ നിന്ന് രണ്ടുപേര്‍ വിജയിച്ചു. രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്. മുസ്ലിം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവിടെനിന്ന് ഡല്‍ഹിക്കെത്തുമോ? അദ്ദേഹമല്ലേ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോള്‍ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും? ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങള്‍, തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ?

കേരളസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരായി ശരിയായ നിലപാട് സ്വീകരിക്കാന്‍ ഇവിടത്തെ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അവരുടെ മുഖ്യശത്രു ഇടതുപക്ഷമാണ്. കേരളം നശിച്ചാലും കുഴപ്പമില്ല അവര്‍ക്ക്. സൂക്ഷ്മതയോടെ രാഷ്ട്രീയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് സുരേഷ് ഗോപി ഡല്‍ഹിയിലെത്തിയതും കേരളത്തില്‍ ബി.ജെ.പി വിജയിച്ചതെന്നും വിജയരാഘവന്‍ ആരോപിച്ചു.

ചില പരിക്കുകളോടെയാണെങ്കിലും ബി.ജെ.പി മൂന്നാമതും ഭരണത്തില്‍ വന്നിട്ടുള്ള നാടാണ് ഇന്ത്യ. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്. ആണ്. ജനാധിപത്യ സ്വഭാവമില്ലാത്തതും അത്യന്തം നിഗൂഢമായി പ്രവര്‍ത്തിക്കുന്ന, സങ്കീര്‍ണമായ വിദ്വേഷത നിറഞ്ഞ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. വല്ലഭായി പട്ടേലിനെക്കുറിച്ച് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. ആ കസേരയില്‍ പക്ഷേ അമിത് ഷാ ഇരിക്കുകയാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ ഈ പരാമര്‍ശങ്ങള്‍.

Tags:    

Similar News