'സംഭൽ അക്രമം ആസൂത്രിതം, സാമുദായിക സൗഹാർദം തകർക്കുക ലക്ഷ്യം'; ഭരണകൂടം തിടുക്കത്തിൽ നടപടികളെടുത്തു, കേന്ദ്ര സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അഖിലേഷ് യാദവ്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ട വെടിവെപ്പും അക്രമ സംഭവങ്ങളും ആസൂത്രിതമാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ചൊവ്വാഴ്ച ലോക്‌സഭയിൽ സംസാരിക്കവെയാണ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്. ദീർഘകാലമായി സാഹോദര്യത്തിൻ്റെ പ്രതീകമായിരുന്ന ഇവിടെ സാമുദായിക സൗഹാർദം തകർക്കുക ലക്ഷ്യമിട്ടാണ് അക്രമം ആസൂത്രണം ചെയ്തതെന്നും എംപി വിമർശിച്ചു.
രാജ്യത്തിൻ്റെ ഗംഗാ-ജമുനി തഹ്‌സീബിനേറ്റ തിരിച്ചടിയാണ് സംഭവമെന്നും അദ്ദേഹം വിമർശിച്ചു. അവിടെ കുഴിച്ചുനോക്കാനുള്ള ബി.ജെ.പിയുടെയും അവരെ പിന്തുണക്കുന്നവരുടെയും ചർച്ചകൾ രാജ്യത്തെ സാമുദായിക സൗഹാർദത്തിന് അന്ത്യമാക്കുമെന്നും അഖിലേഷ് പറഞ്ഞു. സംഭൽ ഭരണകൂടം തിടുക്കത്തിൽ നടപടികളെടുത്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നവംബർ 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സർവേക്കിടെയാണ് പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. നവംബർ 24 ന് പ്രദേശത്ത് അക്രമം പൊട്ടിപ്പുറപ്പെടുകയും നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിസംബർ 10 വരെ ജില്ലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.