'വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു'; പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ; അസഹിഷ്ണുതയുടെ തെളിവെന്ന് കെ സി വേണുഗോപാല്‍

'വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു'

Update: 2024-11-28 12:08 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ. വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എം.പി സത്യപ്രതിജ്ഞ ചെയ്തു എന്നായിരുന്നു അമിത് മാളവ്യയുടെ പരിഹാസം. ഗാന്ധി കുടുംബത്തിന് ഇത് വളരെ പ്രധാനപ്പെട്ട നിമിഷമാണ് ഇതെന്നും മാളവ്യ പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മാളവ്യയുടെ പരിഹാസം.

അതേസമയം അമിത് മാളവ്യയുടെ പരിഹാസത്തെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയിലെ അസഹിഷ്ണുതയുടെ തെളിവാണ് ബി.ജെ.പിയുടെ പ്രതികരണത്തിന് പിന്നിലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പ്രതികരിച്ചു. ബി.ജെ.പി വയനാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗം ഉള്ള ജില്ലയാണ് വയനാട് എന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടന കൈയിലേന്തിയാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പം കേരളാ സാരിയിലാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കുളും സത്യപ്രതിജ്ഞ കാണാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. വയനാടിനുള്ള സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിലും പ്രിയങ്ക പങ്കെടുക്കും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.

പ്രിയങ്കയുടെ കന്നിപ്രസംഗത്തില്‍ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമര്‍ശിക്കും. ഡല്‍ഹിയിലെത്തിയ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറിയിരുന്നു. നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്.

Tags:    

Similar News