ഝാര്‍ഖണ്ഡില്‍ നുഴഞ്ഞു കയറ്റക്കാര്‍ ഗോത്രവര്‍ഗക്കാരുടെ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്യുന്നു; ഭൂമി കൈവശപ്പെടുത്തുന്നുവെന്നും അമിത് ഷാ; സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക
സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ മാസം 2,100 രൂപ,500 രൂപയ്ക്ക് എല്‍ പി ജി
റാഞ്ചി: ഝാര്‍ഖണ്ഡിലെ അതിര്‍ത്തിയിലെ ഗോത്രവര്‍ഗക്കാരുടെ പെണ്‍മക്കളെ നുഴഞ്ഞുകയറ്റക്കാര്‍ വശീകരിച്ച് വിവാഹം ചെയ്ത് ഭൂമി തട്ടിയെടുക്കുന്നുവെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇതിന് കാരണം നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നതാണെന്നും അമിത്ഷാ ആരോപിച്ചു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഝാര്‍ഖണ്ഡിന്റെ സംസ്‌കാരം, തൊഴില്‍, ഭൂമി, പെണ്‍മക്കള്‍ എന്നിവയൊന്നും ഇവിടെ സുരക്ഷിതമായിരിക്കില്ല. റാഞ്ചിയില്‍ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയാണ് അമിത്ഷായുടെ പ്രതികരണം.
ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സംസ്ഥാനത്തെ ഗോത്രവര്‍ഗക്കാര്‍ സുരക്ഷിതരായിരുന്നില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞു കയറ്റക്കാര്‍ ഇവിടെ വരികയും നമ്മുടെ പെണ്‍മക്കളെ വശീകരിച്ച് വിവാഹം ചെയ്ത് ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഭൂമി, മകള്‍, ഭക്ഷണം എന്നിവയ്ക്ക് സംരക്ഷണം ബിജെപി ഉറപ്പാക്കും. അതാണ് ബിജെപിയുടെ മുദ്രാവാക്യമെന്നും അമിത് ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന ജെ.എം.എമ്മിനെ വേണോ അതോ, അനധികൃത അതിര്‍ത്തി കടക്കല്‍ തടയുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ വേണോ എന്ന് ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ ജനങ്ങള്‍, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളും ദരിദ്രരും ആദിവാസികളുമൊക്കെ വലിയ പ്രതീക്ഷയോടെയാണ് ബിജെപിയുടെ പ്രകടന പത്രികയെ നോക്കിക്കാണുന്നതെന്നും അമിത്ഷാ പറഞ്ഞു.
സ്ത്രീകള്‍ക്കും തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്കും പ്രത്യേകം ധനസഹായം വാഗ്ദാനം ചെയ്താണ് ബിജെപിയുടെ പ്രകടന പത്രിക. അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ മാസാമാസം 2,100 രൂപവെച്ച് നല്‍കും എന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ നേതൃത്വത്തില്‍ റാഞ്ചിയിലെ പാര്‍ട്ടി ആസ്ഥാനത്തുവെച്ച് ഞായറാഴ്ചയാണ് ബിജെപി പ്രകടന പത്രിക പുറത്തുവിട്ടത്.
എല്ലാ കുടുംബങ്ങള്‍ക്കും യൂണിറ്റിന് 500 രൂപാ നിരക്കില്‍ എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ലഭ്യമാക്കുമെന്നും വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ടുയൂണിറ്റ് പാചകവാതകം സൗജന്യമായി നല്‍കുമെന്നും പ്രചാരണ പത്രികയില്‍ പറയുന്നു. അഞ്ചു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അധികമായി 287,500 സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. തൊഴില്‍രഹിതരായ വിദ്യാസമ്പന്നര്‍ക്ക് രണ്ടുവര്‍ഷക്കാലയളവില്‍ പ്രത്യേകം സ്‌റ്റൈപ്പന്റ് നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
'ദീപാവലിക്കും രക്ഷാബന്ധനും ഓരോ സൗജന്യ എല്‍പിജി സിലിണ്ടറുകളും അല്ലാത്ത അവസരത്തില്‍ സിലിണ്ടറുകള്‍ 500 രൂപയ്ക്കും ലഭ്യമാക്കും. ഝാര്‍ഖണ്ഡിലെ യുവജനങ്ങള്‍ക്കുവേണ്ടി അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അധികാരത്തിലെത്തി ഒരുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുള്ള 150,000 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ എടുക്കും. ജോലി ലഭിക്കാത്ത അഭ്യസ്തവിദ്യാര്‍ക്ക് രണ്ടുവര്‍ഷം മുടങ്ങാതെ മാസം 2,000 രൂപവെച്ച് സ്‌റ്റൈപ്പന്റ് നല്‍കും,' അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് കിന്‍ഡര്‍ ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള പഠനം സൗജന്യമായി ലഭ്യമാക്കും. ക്വിന്റലിന് 3,100 രൂപയ്ക്ക് കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുകയും 24 മണിക്കൂറിനുള്ളില്‍ പണം ലഭ്യമാക്കുകയും ചെയ്യും. 2030-ഓടെ സംസ്ഥാനത്തെ ജലസേചനവിസ്തൃതി മൂന്നിരട്ടി വര്‍ധിപ്പിക്കും. തുവരപരിപ്പ്, ഇലിപ്പ വിളകള്‍ക്ക് താങ്ങുവില നല്‍കുമെന്നും പ്രചരണപട്ടികയില്‍ പറയുന്നു. രണ്ടുഘട്ടങ്ങളിലായി നവംബര്‍ 13, 20 ദിവസങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുക.