തിരഞ്ഞെടുപ്പു അടുക്കവേ തമിഴ്‌നാട് ബിജെപിയില്‍ വീണ്ടും തിരയിളക്കങ്ങള്‍; 'തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു' അണ്ണാമലൈ; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിയല്‍; കേന്ദ്ര നേതൃത്വത്തിന്റെ അവഗണനയെന്ന് സൂചനകള്‍
തിരഞ്ഞെടുപ്പു അടുക്കവേ തമിഴ്‌നാട് ബിജെപിയില്‍ വീണ്ടും തിരയിളക്കങ്ങള്‍
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയില്‍ വീണ്ടും പടലപ്പിണക്കങ്ങള്‍. സംസ്ഥാനത്ത് ബിജെപിയുടെ മുഖമായ മുന്‍ ഐപിഎസ് ഓഫീസര്‍ അണ്ണാമലൈ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചുമതല ഒഴിഞ്ഞു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍കൂടിയായ അണ്ണാമലൈ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി ഒഴിഞ്ഞിരിക്കുന്നത്.
എന്റെ അച്ഛന് സുഖമില്ലാത്തതിനാല്‍ അദ്ദേഹത്തെ പരിചരിക്കണം. അതാണ് എന്റെ ആദ്യത്തെ കടമ. നേതൃത്വത്തോട് ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പദവി ഒഴിഞ്ഞാലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ പ്രവര്‍ത്തിക്കും'- അണ്ണാമലൈ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അവഗണിക്കുന്നതിലുള്ള പ്രതിഷേധമായാണ് രാജി എന്നാണ് സംസാരം. അണ്ണാമലൈ കുറച്ചുനാളായി പാര്‍ട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തമിഴ്നാട്ടില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് അണ്ണാമലൈ പാര്‍ട്ടിയുമായി അകന്നത്. തിരഞ്ഞെടുപ്പില്‍ അണ്ണാമലൈ വന്‍ പരാജയമേറ്റുവാങ്ങുകയും ചെയ്തു. പാര്‍ട്ടിയിലെയും മുന്നണിയിലെയും സംഭവവികാസങ്ങളില്‍ അണ്ണാമലൈ കടുത്ത അതൃപ്തിയിലായിരുന്നു.
2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ വിട്ടത്. എഐഎഡിഎംകെയെ തിരികെ കൊണ്ടുവരാനുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായാണ് അണ്ണാമലൈയെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
പിന്നീട് ബിജെപി അദ്ധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവ് കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എയെ തിരഞ്ഞെടുത്തു. അണ്ണാമലൈയെ ദേശീയ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുമെന്ന് അമിത് ഷാ മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രധാന പദവികളിലേക്ക് അണ്ണാമലൈയെ പരിഗണിച്ചില്ല. പിന്നീടാണ് തിരഞ്ഞെടുപ്പ് ചുമതല നല്‍കിയത്.