സിഖ് വിരുദ്ധ കലാപം; കലാപത്തിന് പ്രേരിപ്പിച്ചതിലും ജനക്കൂട്ടത്തെ ഇളക്കിവിട്ടതിലും പങ്കുണ്ടെന്ന് കോടതി; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം; ശിക്ഷ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസില്‍; സംഭവം നടന്ന് 41 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധി
ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. 1984 നവംബര്‍ 1 ന് കലാപത്തില്‍ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.
ജീവപര്യന്തം തടവിന് പുറമേ, കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, മരണമോ ഗുരുതരമായ നാശനഷ്ടമോ വരുത്തിവയ്ക്കാന്‍ ഉദ്ദേശിച്ചുള്ള കുറ്റകരമായ നരഹത്യയ്ക്ക് സെക്ഷന്‍ 308 പ്രകാരം ഏഴ് വര്‍ഷം തടവും റോസ് അവന്യൂ കോടതി വിധിച്ചിട്ടുണ്ട്.
1984 നവംബര്‍ 1 ന് ഡല്‍ഹിയിലെ സരസ്വതി വിഹാര്‍ പ്രദേശത്ത് ജസ്വന്ത് സിങ്ങും മകന്‍ തരുണ്‍ദീപ് സിങും കൊല്ലപ്പെടാന്‍ ഇടയാക്കിയ കലാപത്തിന് പ്രേരിപ്പിച്ചതിലും ജനക്കൂട്ടത്തെ ഇളക്കിവിട്ടതിലും സജ്ജന്‍കുമാറിന് പങ്കുണ്ടെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. കലാപത്തിനിടെ സിഖുകാരുടെ വസ്തുവകകള്‍ വ്യാപകമായി കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെത്തുടര്‍ന്നാണ്, ഡല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുന്നത്. കേസിലെ പ്രതിയായ സജ്ജന്‍കുമാറിന് ഇതു രണ്ടാം ജീവപര്യന്തം തടവുശിക്ഷയാണിത്. ഡല്‍ഹി കന്റോണ്‍മെന്റ് കലാപക്കേസില്‍ കോടതി ശിക്ഷിച്ച ജീവപര്യന്തം തടവുശിക്ഷ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.