'മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കാം'; കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചതായും കേന്ദ്രം ഡൽഹി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തടസ്സപ്പെടുത്താൻ നീക്കങ്ങൾ നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. അതിനായി മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കുമെന്നും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിഷിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പദ്ധതികളായ മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും തടഞ്ഞുകൊണ്ട് ഡല്‍ഹിയിലെ കേന്ദ്ര ആരോഗ്യ-വനിതാ ശിശുവികസന വകുപ്പുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരേ കടുത്ത വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.
ലഫ്റ്റനൻ്റ് ഗവർണർ മുഖേന കേന്ദ്രം ഡൽഹി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. എന്നാൽ ഡൽഹി സർക്കാർ ജനങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരുന്നു. ഗൂഢാലോചനകളെല്ലാം പരാജയപ്പെട്ടപ്പോൾ അവർ എഎപിയുടെ ഉന്നത നേതാക്കളെയും മന്ത്രിമാരെയും ജയിലിലേക്ക് അയക്കാൻ തുടങ്ങി. എന്നിട്ടും ഡൽഹി സർക്കാർ തളർന്നില്ല. ബിജെപിക്ക് ചരിത്രപരമായ തോൽവിയിലേക്കാണ് നീങ്ങുന്നത് എന്നായിരുന്നു കെജ്‌രിവാളിന്റെ വിമർശനം.
കഴിഞ്ഞ 10 വര്‍ഷമായി ബിജെപി ഡല്‍ഹിയില്‍ ഒന്നും ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ ഏഴ് എംപിമാരും ലഫ്റ്റനന്റ് ഗവര്‍ണറും അടങ്ങുന്ന അര്‍ദ്ധ സര്‍ക്കാരാണ് ബിജെപിക്കുള്ളത്. ഈ 10 വര്‍ഷത്തിനിടയില്‍ അവര്‍ റോഡോ ആശുപത്രിയോ സ്‌കൂളോ കോളേജോ പണിതിട്ടില്ല. ക്രമസമാധാനമടക്കം അവര്‍ നശിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഎപി സർക്കാർ സ്കൂളുകളും ആശുപത്രികളും മെച്ചപ്പെടുത്തി, മുഴുവൻ സമയവും സൗജന്യ വൈദ്യുതി നൽകി, ജലവിതരണം നൽകി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പ്രായമായവർക്ക് തീർഥാടനങ്ങൾ എന്നിവ കൊണ്ടുവന്നു. എന്നിട്ട് ഞങ്ങൾ വോട്ട് ചോദിക്കുന്നു. എന്നാൽ ബിജെപി എന്ത് ചെയ്തിട്ടാണ് വോട്ട് ആവശ്യപ്പെടുന്നതെന്നും കെജ്‌രിവാൾ ചോദിച്ചു.