പാക്കിസ്ഥാന്റെ കപട മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടും; ഈ പോരാട്ടത്തിനായി സർക്കാർ എന്നെ നിയോഗിച്ചതിൽ അതീവ സന്തോഷം; ആദ്യ പ്രതികരണവുമായി അസദുദ്ദീൻ ഒവൈസി
ഹൈദരാബാദ്: പാക്കിസ്ഥാനെതിരായ പോരാട്ടത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ‘ടീം ഇന്ത്യ’ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടതിൽ അതീവ സന്തോഷം ഉണ്ടെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ...
“ഞങ്ങൾ ഇന്ത്യൻ സർക്കാരിനെയും നമ്മുടെ രാജ്യത്തെയും പ്രതിനിധീകരിക്കുന്നു. ഞങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് പോയി പാകിസ്ഥാൻ കാരണം നമ്മുടെ പെൺമക്കൾ എങ്ങനെ വിധവകളാകുന്നു, നമ്മുടെ കുട്ടികൾ എങ്ങനെ അനാഥരാകുന്നു, പാക്കിസ്ഥാൻ നമ്മുടെ രാജ്യത്തെ എങ്ങനെ അസ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്ന് അവരോട് പറയും, ഞാൻ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പിനെ നയിക്കുന്നത് എന്റെ അടുത്ത സുഹൃത്ത് എംപി ബൈജയന്ത് ജയ് പാണ്ഡെയാണ്,” ഒവൈസി വ്യക്തമാക്കി.
പാക്കിസ്ഥാൻ നമ്മുടെ രാജ്യത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെക്കുറിച്ച് നമ്മൾ ലോകത്തോട് മുഴുവൻ പറയണം. ഇത് ഏതെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ല. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഞങ്ങൾ ഒരു മീറ്റിംഗും നടത്തും. ഇതൊരു വലിയ ജോലിയാണ്. ഈ ഉത്തരവാദിത്തം നന്നായി നിറവേറ്റാൻ ഞാൻ പരമാവധി ശ്രമിക്കും.പാക്കിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടും.വിദേശ സർക്കാരുകൾക്ക് മുന്നിൽ പാക്കിസ്ഥാന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.