അറസ്റ്റിലായാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പുറത്താകും; നിര്‍ണായക ബില്ല് ഇന്ന് പാര്‍ലമെന്റില്‍; ദുരുപയോഗ സാധ്യത ഏറെയെന്ന് വിമര്‍ശനം; പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമം; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം; ഫെഡറലിസത്തിന്റെ മുകളിലുള്ള അടുത്ത ആണിയെന്നും വിമര്‍ശനം
അറസ്റ്റിലായാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പുറത്താകും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയുമുള്‍പ്പെടെ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ആരായാലും അവര്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കസ്റ്റഡിയിലാവുകയോ ചെയ്താല്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലുമായി കേന്ദ്രം. ഇത് ബുധനാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പാര്‍ലമെന്റ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കവേ പാര്‍ലമെന്റില്‍ ഭറണപക്ഷം കൊണ്ടുവരുന്ന ബില്ലിനെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
അറസ്റ്റിലായശേഷം 30 ദിവസത്തിനകം രാജി സമര്‍പ്പിച്ചില്ലെങ്കിലും സ്വമേധയാ പദവി നഷ്ടമാകും. തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാല്‍ വീണ്ടും അധികാരത്തിലെത്താനാകുമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായി കേന്ദ്രം ഉപയോഗപ്പെടുത്തുന്നത് പതിവായ സാഹചര്യത്തില്‍ ദുരുപയോഗ സാധ്യത ഏറെയുള്ള ബില്ലാണിതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്ലിനെ അതിശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം വ്യക്തമക്കി. ഇത് പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് കെസി വേണുഗോപാല്‍ എംപി പ്രതികരിച്ചു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ബില്ലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യം അടിയന്തര യോഗം ചേര്‍ന്ന് നീക്കങ്ങള്‍ തീരുമാനിക്കും.
130 ആം ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശം, ഫെഡറലിസത്തിന്റെ മുകളില്‍ അടുത്ത ആണിയാണെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും ഭരണഘടനാ ലംഘനമാണ് ഇവിടെ സംഭവിക്കുകയെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടക്കുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും.
അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേസമയം, ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബില്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവര്‍ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ ഈ നീക്കം.
അതേസമയം, ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടുന്ന ബില്ലും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും. ഓണ്‍ലൈന്‍ ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള ചൂതാട്ടത്തിന് പിഴകള്‍ ഏര്‍പ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്.