അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനായി കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി; ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ; കോൺഗ്രസ്-ബിജെപി വാക്പോര് മുറുകുന്നു
ഡൽഹി: രാജ്യത്തെ അനധികൃത കുടിയേറ്റ വിഷയത്തിൽ കോൺഗ്രസ്-ബിജെപി ഭിന്നത രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാക്പോര്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട്, അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അസമിൽ സ്ഥിരതാമസമാക്കാൻ കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോൾ, മോദി സർക്കാർ ഭരണപരാജയങ്ങൾ മറച്ചുവെക്കാൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്ന് ഖാർഗെ തിരിച്ചടിച്ചു.
അസമിലെ ദിബ്രുഗഡ് ജില്ലയിലെ നംരൂപിൽ 10,601 കോടി രൂപയുടെ വളം പ്ലാൻ്റ് ഉദ്ഘാടനം ചെയ്ത ശേഷം ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. "കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അസമിലെ വനങ്ങളിലും ഭൂമിയിലും സ്ഥിരതാമസമാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. കോൺഗ്രസുകാർക്ക് അവരുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്താൻ മാത്രമെ താൽപ്പര്യമുള്ളൂ, ജനങ്ങളെ ശ്രദ്ധിക്കുന്നില്ല," മോദി പറഞ്ഞു.
കോൺഗ്രസ് വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്നത് അധികാരം പിടിച്ചെടുക്കാൻ വേണ്ടിയാണെന്നും താൻ ചെയ്യുന്ന നല്ല കാര്യങ്ങളെ അവർ എതിർക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അസമീസ് ജനതയുടെ സ്വത്വം, ഭൂമി, അഭിമാനം, നിലനിൽപ്പ് എന്നിവ സംരക്ഷിക്കാൻ ബിജെപി സർക്കാർ എപ്പോഴും പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻകാലങ്ങളിൽ കോൺഗ്രസ് ഈ രാജ്യത്ത് വരുത്തിവെച്ച തെറ്റുകൾ കഴിഞ്ഞ 11 വർഷമായി തിരുത്തിക്കൊണ്ടിരിക്കുകയാണെന്നും, എല്ലാം ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ ഇനിയും ധാരാളം കാര്യങ്ങൾ ബാക്കിയുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയായി, കേന്ദ്രത്തിലും അസമിലും ബിജെപിക്ക് തങ്ങളുടെ സ്വന്തം സർക്കാരുണ്ടെന്നും ഇതിനെയാണ് 'ഡബിൾ എഞ്ചിൻ സർക്കാർ' എന്ന് വിളിക്കുന്നതെന്നും മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രതിപക്ഷ പാർട്ടികളെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയുമെന്നും, പ്രതിപക്ഷം ഭരിക്കുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. "മോദി ഭരണത്തിൽ പരാജയപ്പെടുമ്പോഴെല്ലാം കുറ്റം പ്രതിപക്ഷത്തിൻ്റെ മേലാണ് വെക്കുന്നത്. ബിജെപി സർക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാൻ അവർ ഓരോ ഒഴിവുകഴിവ് പറയുകയാണ്. നല്ലരീതിയിൽ ഭരിക്കാൻ കഴിയാത്തതിൻ്റെ നിരാശ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി തീർക്കുകയാണ്," ഖാർഗെ വിമർശിച്ചു.
